തിരുവനന്തപുരം ∙ ‘അവസാനത്തെ പഴംപൊരിയും വടയും വൈകിട്ട് ഉണ്ടാക്കി. അതു സന്തോഷത്തോടെ കസ്റ്റമർക്കു വിളമ്പി.
ഇനിയെന്ന് ഇതെല്ലാം വീണ്ടും ഉണ്ടാക്കാൻ പറ്റുമെന്ന് അറിയില്ല’– നഗരത്തിലെ പ്രമുഖ ഹോട്ടലുടമ പറയുന്നു. പാചക വാതകക്ഷാമം രൂക്ഷമായതോടെ ഇവിടെ പാചകം വിറകിലേക്കു മാറിയിരുന്നു.
സദ്യ ഉൾപ്പെടെ തയാറാക്കുന്നത് വിറകടുപ്പിലാണ്. ഓരോ വിഭവവും ഉണ്ടാക്കാൻ അധിക സമയവും ജീവനക്കാരുടെ അധിക സേവനവും വേണ്ടിവരും.
വിലയും വർധിപ്പിച്ചില്ല. പക്ഷേ വിറകിനും ക്ഷാമം നേരിട്ടു തുടങ്ങിയാൽ സദ്യയൊരുക്കുന്നത് വരും ദിവസങ്ങളിൽ ബുദ്ധിമുട്ടാകും.
പാചകം പൂർണമായും വിറകടുപ്പിലേക്കു മാറിയ പായസ വിതരണക്കാരും വിറകു കിട്ടിയില്ലെങ്കിൽ പ്രതിസന്ധിയിലാകുമെന്ന നിലയിലാണ്. അതേസമയം, പാചകം വിറകിലേക്കു മാറിയതോടെ പായസ വിൽപന കൂടിയ അനുഭവമാണ് ഇവർക്കുള്ളത്.
‘ഫുഡി’കൾ നിരാശർ
സദ്യയ്ക്കു പ്രസിദ്ധമായ തിരുവനന്തപുരം നഗരത്തിൽ സദ്യയൊരുക്കുന്ന ചുരുക്കം റസ്റ്ററന്റുകൾ മാത്രമാണ് തുറന്നു പ്രവർത്തിക്കുന്നത്.
കേറ്ററിങ് സ്ഥാപനങ്ങളടക്കം അടഞ്ഞു കിടക്കുകയാണ്. ഉച്ചയ്ക്ക് ഇലയിട്ട് ഒട്ടേറെ കറികളും ബോളിയും 4 കൂട്ടം പായസവും കൂട്ടി സദ്യയുണ്ടിരുന്ന ‘ഫുഡി’കൾ നിരാശരാണ്.
ഹോട്ടലുകളിൽ സദ്യ കിട്ടാതായതോടെ പഴയ സദ്യയുടെ ഫോട്ടോകൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ച് ‘മിസ് യു’ സ്റ്റാറ്റസുകൾ ഇടുന്ന യുവാക്കളെ കാണാം. കല്യാണ സദ്യകൾക്കു ഗ്യാസ് കിട്ടാതായതോടെ പലയിടത്തും മെനുവിലെ വിഭവങ്ങളുടെ എണ്ണം വെട്ടിക്കുറച്ചു.
ഇടത്തരക്കാർ കല്യാണ സദ്യയുടെ ചെലവ് കുറഞ്ഞ ആശ്വാസം പങ്കിടുന്നു.
വീട്ടമ്മമാരുടെ പൊടിക്കൈകൾ !
പച്ചക്കറികൾ പകുതി വേവിച്ചു വിളമ്പുന്നതാണു അവശേഷിക്കുന്ന ഗ്യാസ് ലാഭിക്കാനുളള പോംവഴിയെന്നു സർവകലാശാല ജീവനക്കാരി അജിതകുമാരി പറയുന്നു.
ഒരു പപ്പടമെങ്കിലും പൊള്ളിച്ചെടുക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഒരു കറിയായേനെ. പാചക വാതകം എന്നു കിട്ടുമെന്ന് നിശ്ചയമില്ലാത്തതു കൊണ്ട് വരുംദിവസങ്ങളിൽ ചോറിനു കറിയായി ‘പച്ചക്കറി സാലഡ്’ തയാറാക്കാനാണ് തീരുമാനം.
ഡിയർ ഗൂഗിൾ, ഒരു ചായ എവിടെ കിട്ടും?
ഹോട്ടലുകൾ അടച്ചത് നഗരത്തിലെ യുവാക്കളെയും ഹോസ്റ്റലിൽ നിൽക്കുന്ന വിദ്യാർഥികളെയുമാണ് ഏറ്റവുമധികം ബാധിച്ചിരിക്കുന്നത്.
നഗരത്തിൽ ചായത്തട്ടുകൾ വരെ കൂട്ടമായി അടച്ചതോടെ ഇവരുടെ നില കഷ്ടത്തിലായി. ഗൂഗിൾ മാപ്പിനോടുള്ള ചെറുപ്പക്കാരുടെ ചോദ്യം ചായ കിട്ടുന്ന ഇടങ്ങളെ കുറിച്ചാണെന്ന് ടെക്നോപാർക്കിലെ ടെക്കികളുടെ സംഘടനയായ പ്രതിധ്വനിയുടെ പ്രവർത്തകർ പറയുന്നു.
ഐടി പ്രഫഷനലുകൾ കോഡിങ്ങിനേക്കാൾ കൂടുതൽ സമയം ചെലവഴിക്കുന്നത് ‘ഗ്യാസ് സിലിണ്ടർ ട്രാക്കിങ്’ ആപ്പുകളിലാണെന്നും ഇവിടെ തമാശയുണ്ട്.
സിലിണ്ടറുണ്ടോ, സൂക്ഷിക്കണം
സിലിണ്ടറാണ് ഇപ്പോൾ സെലിബ്രിറ്റി. വീടിനു പുറത്തുവച്ച് ഉപയോഗിച്ചിരുന്ന സിലിണ്ടറുകളും മറ്റും സുരക്ഷിതമായി അകത്തേക്കു മാറ്റുന്നവരും ഒട്ടേറെയാണ്.
വീട്ടിൽ ഗ്യാസ് ഉണ്ടെങ്കിൽ അത് ആരോടും പറയരുതെന്നാണ് ബന്ധുക്കളുടെയും സഹപ്രവർത്തകരുടെ ഉപദേശമെന്ന് അധ്യാപികയായ മാഗ്ളി സുനിൽ പറയുന്നു. ഗ്യാസുണ്ടെങ്കിൽ പെട്ടെന്ന് ഒരുപാട് ‘അതിഥികൾ’ വീട്ടിലെത്തും.
പുറത്തുവച്ച കുറ്റി കണ്ണെത്തിയില്ലെങ്കിൽ മോഷ്ടിക്കപ്പെടാനും സാധ്യതയുണ്ടെന്നും ഇവർ പറയുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

