പാറശാല∙ തിരുവനന്തപുരം– നാഗർകോവിൽ റെയിൽപ്പാത ഇരട്ടിപ്പിക്കൽ പണികൾ മൂലം നെയ്യാർ ഇടതുകരകനാലിന്റെ ഒഴുക്ക് തടസപ്പെട്ടതിനാൽ ചെങ്കൽ, കുളത്തൂർ പഞ്ചായത്തുകളിൽ കനാൽ വെളളമെത്തിക്കൽ വെല്ലുവിളിയായി തുടരുന്നു. മാസങ്ങളുടെ ഇടവേളയ്ക്കു ശേഷം പാറശാല ഇറിഗേഷൻ സെക്ഷനു കീഴിൽ വരുന്ന നെയ്യാർ ഇടതുകര കനാലിലെ കൊല്ലയിൽ , കൊല്ലങ്കോട് സബ് കനാലുകൾ തുറന്നെങ്കിലും കൊല്ലയിൽ, പാറശാല, കാരോട് പഞ്ചായത്തുകളിൽ മാത്രമേ ഒരു പരിധി വരെ വെളളം എത്തിക്കാൻ കഴിഞ്ഞിട്ടുളളൂ.
ചെങ്കൽ സബ് കനാൽ തുറന്നാൽ മാത്രമേ ചെങ്കൽ, കുളത്തൂർ പഞ്ചായത്തുകളിൽ വെളളം കിട്ടുകയുളളൂ. പാറശാലക്കടുത്ത് ഇടിച്ചക്കപ്ലാമൂടിൽ റയിൽ ട്രാക്കിനടിയിലൂടെ നിർമിച്ചിട്ടുളള സൈഫൺ വഴിയാണ് ചെങ്കൽ കനാൽ കടന്നുപോകുന്നത്.
ഇവിടെ റെയിൽവേ ലൈൻ ഇരട്ടിപ്പിക്കലിന്റെ നിർമാണജോലികൾ നടക്കുന്നതിനാൽ 50 മീറ്ററോളം നീളം വരുന്ന സൈഫൺ പൂർണമായും മണ്ണും ചെളിയും നിറഞ്ഞ് അടഞ്ഞ സ്ഥിതിയിലാണ്. ഇതു നീക്കം ചെയ്താൽ മാത്രമേ വെളളം തുറന്നു വിടാനാവൂ.
ഇതു സംബന്ധിച്ച് റെയിൽവേ ഡിവിഷണൽ മാനേജർക്ക് ഇറിഗേഷൻ വിഭാഗം ഒട്ടേറെ കത്തുകൾ അയച്ചതാണെങ്കിലും നടപടിയുണ്ടായിട്ടില്ല. ഇടുങ്ങിയ സ്ഥലമാകയാൽ മണ്ണുമാന്തി ഉപയോഗിക്കാൻ കഴിയുന്നില്ലെന്ന് പറഞ്ഞ് കൈയൊഴിയുകയാണ് റെയിൽവേ ചെയ്യുന്നത്.
റയിൽവേയുടെ ഭാഗത്ത് നിന്ന് മണ്ണ് നീക്കം ചെയ്യൽ നടന്നില്ലെങ്കിൽ പഞ്ചായത്തുകളുടെ കീഴിലുളള തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെയോ അതുമല്ലെങ്കിൽ മറ്റു തൊഴിലാളികളെ ഉപയോഗിച്ചോ മണ്ണ് നീക്കം ചെയ്യണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
എന്തായാലും ഈയൊരു പ്രശ്നം മൂലം കുടിവെളളത്തിനും കൃഷിക്കും വെളളമില്ലാതെ നെട്ടോട്ടമോടുകയാണ് ചെങ്കൽ, കുളത്തൂർ പഞ്ചായത്തുകളിലെ ജനം. മഴ തീരെയില്ലാതായതിനാലും കനാൽ വഴിയുളള വെളളം കിട്ടാതായതും മൂലം ഈ ഭാഗത്തെ കുളങ്ങളും, കിണറുകളും വറ്റി വരണ്ടതിനാൽ രൂക്ഷമായ കുടിവെളളക്ഷാമമാണെവിടെയും.
ചിലയിടങ്ങളിലെങ്കിലും കുടിവെളളം കുടിവെളളം വിലകൊടുത്തു വാങ്ങേണ്ട സ്ഥിതിയാണ്.
ഏറ്റവും ദുരിതം നേരിടുന്നത് കർഷകരാണ്. ജില്ലയിൽ തന്നെ വളരെ വിസ്തൃതമായ പാഠശേഖരങ്ങളും പച്ചക്കറി, വാഴ കൃഷിയുമുളള പ്രദേശമാണ് ചെങ്കലും, കുളത്തൂരും.
വെളളമില്ലാതായതോടെ മിക്കയിടത്തും കാർഷിക വിളകൾ വാടിക്കരിഞ്ഞു.
കനാലിനെ കുരുക്കുന്ന 3 ഗതാഗതമാർഗങ്ങൾ
തിരുവനന്തപുരം–നാഗർകോവിൽ റെയിൽവേ ലൈൻ, കരമന–കളിയിക്കാവിള പാത, കഴക്കൂട്ടം–കാരോട് ബൈപ്പാസ് എന്നിവയാണ് നെയ്യാർ ഇടതുകര കനാൽ വെളളം ലക്ഷ്യത്തിലെത്തിക്കാൻ പ്രധാന തടസ്സം. ഇവയെ ഭേദിച്ചുവേണം കനാൽ കടന്നുപോകേണ്ടത് എന്നതാണ് കാരണം.
നിരപ്പായ സ്ഥലങ്ങളിൽ സാധാരണ കനാലും അതിനു പറ്റാത്ത സ്ഥലങ്ങളിൽ ഭൂമിക്കടിയിലെ സൈഫൺ (ജലതുരങ്കം) വഴിയോ അതല്ലെങ്കിൽ തൊട്ടിപ്പാലം എന്ന പേരുളള കോൺക്രീറ്റ് തൂണുകളിൽ മുകളിലൂടെ നിർമ്മിക്കുന്ന കനാലുകൾ ആയ അക്വാഡക്റ്റുകൾ വഴിയോ ആണ് വെളളം ഒഴുക്കുന്നത്. നെയ്യാർ ഇടതുകര കനാലിന്റെ പാറശാല സെക്ഷനു കീഴിൽ വരുന്ന 80 കിലോമീറ്റർ കനാലിൽ ഇവ രണ്ടുമുണ്ട്.
ഇവയ്ക്ക് തടസം നേരിടുന്നതാണ് വെളളമൊഴുക്കുന്നതിലെ ഏറ്റവും വലിയ തലവേദന.
കാടും പടർപ്പും പിടിച്ച് കനാൽ
ഇടിച്ചക്കപ്ലാമൂടിലെ സൈഫൺ പ്രശ്നം പരിഹരിച്ച് വെളളം തുറന്നു വിട്ടാലും ചെങ്കൽ കനാലിൽ പലയിടങ്ങളിലും നിറഞ്ഞു കിടക്കുന്ന കാടും പടർപ്പും മാലിന്യക്കൂമ്പാരവും മൂലം വെളളം ലക്ഷ്യത്തിലെത്തുമോ എന്ന ആശങ്കയുണ്ട്. പ്ലാസ്റ്റിക് കുപ്പികളും മറ്റു മാലിന്യങ്ങൾ നിറച്ച ചാക്കുകളും കനാലിൽ പ്രത്യേകിച്ച് സ്ലൂയിസ് വാൽവുളള സ്ഥലങ്ങളിൽ വലിച്ചെറിയുന്നതിനാൽ വെളളം വിട്ടാലും പ്രഷർ കുറയുമെന്നതിനാൽ കനാലിന്റെ അവസാനം വരെ വെളളമെത്തില്ലെന്നതാണ് ആശങ്കയ്ക്ക് കാരണം.
കനാൽ കയ്യേറ്റം വ്യാപകമായതും ചിലയിടങ്ങളിൽ കനാൽ കുപ്പിക്കഴുത്ത് പോലെ വീതി കുറഞ്ഞതും വെളളമൊഴുക്കിന് കാര്യമായ തടസം സൃഷ്ടിക്കും.
നെയ്യാറ്റിൻകര താലൂക്കിന്റെ തന്നെ ജീവനാഡിയായ നെയ്യാർ കനാൽ സംരക്ഷിക്കാൻ അധികൃതരും നാട്ടുകാരും ഒരുപോലെ മുന്നോട്ടു വരണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

