നെയ്യാറ്റിൻകര മഞ്ചവിളാകം ചെമ്മണ്ണുവിള നുളയ്ക്കോണം ഗ്രേസ് വില്ലയിൽ താമസിക്കുന്ന വീട്ടുകാർക്ക് നേരെ അതിഗുരുതരമായ അതിക്രമം. വീടിന്റെ മുൻവാതിലിലെ പൂട്ടിൽ വൈദ്യുതി കടത്തിവിട്ടതിനെത്തുടർന്ന്, വാതിൽ തുറക്കാൻ ശ്രമിച്ച പതിമൂന്നുകാരനായ അലൻ ആർ.സജിക്ക് വൈദ്യുതാഘാതമേറ്റു.
നിലവിൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. സംഭവം നടന്നത് ഇന്നലെ രാവിലെ ആറരയോടെയാണ്.
വീട്ടുടമ രമ്യയുടെ സഹോദരൻ രജിൻ, പിതാവിനെയും കൂട്ടി ആശുപത്രിയിലേക്ക് പോകാൻ തയ്യാറെടുക്കുമ്പോൾ അലനും കൂടെ പോകാൻ വാതിൽ തുറക്കാൻ ശ്രമിക്കുകയായിരുന്നു. അലൻ ഷോക്കേറ്റു തെറിച്ചുവീണപ്പോൾ, വീട്ടിലെ വയറിങ്ങിലുണ്ടായ തകരാർ കാരണമാണ് അപകടം സംഭവിച്ചതെന്ന് ആദ്യം കരുതിയിരുന്നു.
എന്നാൽ, പിന്നീട് പിൻവാതിലിലൂടെ പുറത്തിറങ്ങി പരിശോധിച്ചപ്പോഴാണ്, മുൻവാതിലിന്റെ പൂട്ടിലേക്ക് വൈദ്യുത മീറ്റർ ബോർഡിൽ നിന്ന് വയറും ചെമ്പു കമ്പിയും ഉപയോഗിച്ച് ബോധപൂർവം വൈദ്യുതി കടത്തിവിട്ടതാണെന്ന് കണ്ടെത്തിയത്. സംഭവത്തിൽ മാരായമുട്ടം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നിലവിൽ ആരെയും സംശയമില്ലെന്നും അയൽക്കാരുമായി ശത്രുതയില്ലെന്നും രമ്യ പൊലീസിന് മൊഴി നൽകി. ഭർത്താവുമായി എട്ടു വർഷത്തോളമായി അകന്നു കഴിയുകയാണെങ്കിലും നിയമപരമായി വേർപിരിഞ്ഞിട്ടില്ല.
എങ്കിലും ഭർത്താവിനെ സംശയമില്ലെന്ന് രമ്യയും മക്കളും പൊലീസിനോട് വ്യക്തമാക്കി. പണി പൂർത്തിയാകാത്ത ഈ വീട്ടിൽ ഒരു വർഷം മുൻപാണ് രമ്യയും മക്കളായ അലനും അഭിനും താമസം തുടങ്ങിയത്.
സംഭവസ്ഥലത്ത് ഫൊറൻസിക് വിദഗ്ധരോ ഡോഗ് സ്ക്വാഡോ പരിശോധന നടത്തിയിട്ടില്ല. സമീപപ്രദേശങ്ങളിൽ സിസിടിവി ക്യാമറകളില്ലാത്തതും അന്വേഷണത്തിന് വെല്ലുവിളിയാകുന്നുണ്ട്.
കെഎസ്ഇബി അധികൃതർ സ്ഥലത്തെത്തി വീട്ടിലെ വൈദ്യുത സംവിധാനങ്ങൾ പരിശോധിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

