
നെടുമങ്ങാട്∙ വിദ്യാർഥികൾ കുളിക്കുന്നത് നീന്തൽക്കുളത്തിലെ സിസിടിവി ദ്യശ്യങ്ങളിൽ വ്യക്തമാണ്. ഏഴുപേരും കുളത്തിന്റെ ആഴം കുറഞ്ഞ സ്ഥലത്താണ് ആദ്യം കുളിക്കാനിറങ്ങിയത്.
പിന്നീട് ആരോമൽ ആഴം കൂടിയ ഭാഗത്തേക്ക് എത്തുകയായിരുന്നു. തുടർന്ന് ഷിനിലും അവിടെയെത്തി.
ക്യാമറകൾ വശത്ത് സ്ഥാപിച്ചിരിക്കുന്നതിനാൽ അപകടം നടന്ന സ്ഥലത്തിന്റെ ദ്യശ്യങ്ങൾ പതിയില്ല.
കുളത്തിന്റെ 25 മീറ്ററോളം ഭാഗത്ത് മതിൽ ഇല്ല.നാട്ടുകാരും ഓട്ടോ ഡ്രൈവർമാരും കൂടാതെ ടൂറിസം ബീച്ച് ലൈഫ് ഗാർഡ് സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്ത് പാഞ്ഞെത്തി. ഫയർഫോഴ്സും സ്ഥലത്തെത്തി. വിദ്യാർഥികളെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു.
മരിച്ച രണ്ട് വിദ്യാർഥികളുടെയും വീടുകൾ തമ്മിൽ ഒരു കിലോമീറ്ററോളം ദൂരം വരും. ഉറ്റ സുഹൃത്തുക്കൾ ആയ ഷിനിലിന്റെയും ആരോമലിന്റെയും മരണം നാടിനെ കണ്ണീരിലാഴ്ത്തി.
ആനാട് പഞ്ചായത്തിന്റെ നീന്തൽക്കുളത്തിൽ വേങ്കവിളയിലെ റോയൽ സ്വിമ്മിങ് ക്ലബ് ആണ് രാവിലെയും വൈകിട്ടും പരിശീലനം നൽകുന്നത്. കുളത്തിൽ ആദ്യത്തെ 20 മീറ്ററിൽ 5 അടിയിൽ താഴെ മാത്രമേ ആഴം ഉള്ളൂവെന്ന് ക്ലബ് ഭാരവാഹികൾ പറഞ്ഞു.
ഇവിടെയാണു നീന്തൽ പരിശീലനം. ശേഷമുള്ള 30 മീറ്റർ വാട്ടർ പോളോ ഗെയിം കളിക്കുന്ന സ്ഥലമാണ്.
ഗെയിം നടത്താൻ 8 അടിക്ക് മുകളിൽ ആഴം ഉണ്ടാകണം. തറയിൽ ചവിട്ടി നിൽക്കാൻ പാടില്ലെന്നും ഭാരവാഹികൾ പറഞ്ഞു.
ഇവിടെയാണ് വിദ്യാർഥികൾ ഇറങ്ങിയത്.
പരിശീലനം ഇല്ലാത്തപ്പോൾ ഗേറ്റ് പൂട്ടിയിടും. അനുവാദം കൂടാതെ നീന്തൽ കുളത്തിൽ അന്യർ പ്രവേശിക്കരുതെന്നു കാണിച്ച് ആനാട് പഞ്ചായത്ത് ബോർഡും വച്ചിട്ടുണ്ട്. 2006ൽ നീന്തൽ പഠിക്കുന്ന വിദ്യാർഥി വീട്ടിൽ പോയി തിരികെ എത്തി നീന്തുന്ന വേളയിൽ മരണം സംഭവിച്ചു.
2008 ൽ ആനാട് സ്കൂളിൽ പഠിക്കുന്ന വിദ്യാർഥിക്കും കുളത്തിൽ മരണം സംഭവിച്ചിട്ടുണ്ടെന്നു നാട്ടുകാർ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]