തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള മുഴുവൻ ക്ഷേത്രങ്ങളെയും ഓഫിസുകളെയും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റുന്നതിനായുള്ള നടപടികൾക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡുമായി (കിറ്റ്ഫ്ര) ദേവസ്വം ബോർഡ് ഔദ്യോഗികമായി ധാരണാപത്രം ഒപ്പുവെച്ചു.
ദേവസ്വം ബോർഡ് ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങിൽ, ബോർഡിനെ പ്രതിനിധീകരിച്ച് ദേവസ്വം കമ്മിഷനർ ബി.സുനിൽകുമാറും കിറ്റ്ഫ്രയ്ക്കുവേണ്ടി ഡയറക്ടർ രാഹുൽ.കെ.രാജ് കെഎഎസുമാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. ഈ പദ്ധതിയുടെ ഭാഗമായി ക്ഷേത്ര ഭരണനിർവഹണം, ഓഫിസ് ഫയലുകളുടെ നീക്കം, സാമ്പത്തിക ഇടപാടുകൾ, ഭക്തജനങ്ങൾക്കുള്ള വിവിധ സേവനങ്ങൾ, ശബരിമലയിലെ ഓൺലൈൻ സേവനങ്ങൾ എന്നിവ ഡിജിറ്റൽ സംവിധാനത്തിലൂടെ ഏകോപിപ്പിക്കും.
വരാനിരിക്കുന്ന മണ്ഡല-മകരവിളക്ക് തീർഥാടന കാലത്തിന് മുൻപായി ശബരിമലയിലെ ഓൺലൈൻ സേവനങ്ങൾ ആദ്യഘട്ടമായി നടപ്പിലാക്കും. ഡിജിറ്റലൈസേഷൻ പൂർത്തിയാകുന്നതോടെ ക്ഷേത്ര ഭരണത്തിൽ കൂടുതൽ സുതാര്യതയും പ്രവർത്തനക്ഷമതയും കൈവരിക്കാനും ഭക്തർക്ക് വേഗത്തിൽ സേവനങ്ങൾ ലഭ്യമാക്കാനും സാധിക്കുമെന്ന് അധികൃതർ അറിയിച്ചു.
ചടങ്ങിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ, ബോർഡ് അംഗങ്ങളായ കെ.രാജു, പി.ഡി.സന്തോഷ് കുമാർ, ദേവസ്വം ബോർഡ് സെക്രട്ടറി പി.എൻ.ഗണേശ്വരൻ പോറ്റി എന്നിവർ സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

