കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കമാൻഡ് നടത്തുന്ന ചർച്ചകൾ നിർണ്ണായക ഘട്ടത്തിലേക്ക്. വിഷയത്തിൽ മുതിർന്ന നേതാവ് എ.കെ.
ആന്റണിയുടെ അഭിപ്രായം ആരാഞ്ഞ രാഹുൽ ഗാന്ധി, അദ്ദേഹത്തിന്റെ നിലപാട് കൂടി പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം എടുക്കുകയെന്ന് വ്യക്തമാക്കി. ഇതിന്റെ ഭാഗമായി കൊടിക്കുന്നിൽ സുരേഷിനെയും ഹൈക്കമാൻഡ് ചർച്ചകൾക്കായി വിളിപ്പിച്ചിട്ടുണ്ട്.
കൊടിക്കുന്നിൽ സുരേഷ് വി.ഡി. സതീശനെ അനുകൂലിച്ചതായാണ് പുറത്തുവരുന്ന സൂചനകൾ.
ഇന്ന് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും എഐസിസി ഔദ്യോഗിക വാർത്താസമ്മേളനം നടത്തിയിട്ടില്ല. രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും തമ്മിൽ അരമണിക്കൂറോളം ചർച്ച നടത്തിയെങ്കിലും അന്തിമ പ്രഖ്യാപനം നാളേക്ക് നീളാനാണ് സാധ്യത.
കെ.സി. വേണുഗോപാൽ, വി.ഡി.
സതീശൻ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകൾ പരിഗണനയിലുണ്ടെങ്കിലും അന്തിമ തീരുമാനം ആർക്ക് അനുകൂലമാകുമെന്ന ആകാംക്ഷയിലാണ് പാർട്ടി അണികൾ. തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് പത്ത് ദിവസങ്ങൾ പിന്നിട്ടിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാൻ സാധിക്കാത്തത് സംസ്ഥാനത്ത് ഭരണസ്തംഭനത്തിന് വഴിവെച്ചിരിക്കുകയാണ്.
കേരളത്തിനൊപ്പം ഫലപ്രഖ്യാപനം നടന്ന മറ്റ് സംസ്ഥാനങ്ങളിൽ പുതിയ സർക്കാർ അധികാരമേറ്റ് പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. പ്രഖ്യാപനം വൈകുന്നതിനെതിരെ ഘടകകക്ഷികളിലും അതൃപ്തി പുകയുന്നുണ്ട്.
വി.ഡി. സതീശൻ മുഖ്യമന്ത്രിയാകുമെന്ന പ്രതീക്ഷയിലാണ് മുസ്ലിം ലീഗ്.
എന്നാൽ കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയായാൽ സ്വീകരിക്കേണ്ട
നിലപാടിൽ ലീഗ് നേതൃത്വം അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല. ഏതു സാഹചര്യത്തിലും കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കേണ്ടി വരുമെന്ന വിലയിരുത്തലിലാണ് നേതാക്കൾ.
അതിനിടെ, പ്രഖ്യാപനം വൈകുന്നതിനെതിരെ ആർഎസ്പിയും അതൃപ്തി രേഖപ്പെടുത്തി. “നാളെയും ഒന്നിച്ച് പോകേണ്ടത് കൊണ്ട്, നല്ല നാടൻ ഭാഷയിൽ മറുപടി പറയുന്നില്ലെന്നാണ് ഷിബു ബേബി ജോൺ പ്രതികരിച്ചത്.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

