സംസ്ഥാനത്തെ മോട്ടർവാഹന വകുപ്പിന്റെ കീഴിലുള്ള മുഴുവൻ ചെക്പോസ്റ്റുകളും ഒഴിവാക്കി, പകരം 24 മണിക്കൂറും പ്രവർത്തിക്കുന്ന എൻഫോഴ്സ്മെന്റ് സ്ക്വാഡുകളെ വിന്യസിക്കണമെന്ന് സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥ ഭരണപരിഷ്കാര സംഘത്തിന്റെ റിപ്പോർട്ടിൽ ശുപാർശ. നിലവിൽ മറ്റ് പല സംസ്ഥാനങ്ങളും ജിഎസ്ടി ചെക്പോസ്റ്റുകൾക്കൊപ്പം മോട്ടർവാഹന ചെക്പോസ്റ്റുകളും പൂർണമായും നിർത്തിവെച്ച പശ്ചാത്തലത്തിലാണ് കേരളത്തിലും മാറ്റങ്ങൾ അനിവാര്യമാണെന്ന് സമിതി വിലയിരുത്തുന്നത്.
പ്രധാന ശുപാർശകൾ നിലവിൽ 19 ചെക്പോസ്റ്റുകളാണ് കേരളത്തിൽ പ്രവർത്തിക്കുന്നത്. പെർമിറ്റ് ഉൾപ്പെടെയുള്ള നികുതികളോ ഫീസുകളോ ഇപ്പോൾ ഇവിടെ പിരിക്കുന്നില്ല.
ഈ ചെക്പോസ്റ്റുകളിലെ പ്രവർത്തന സമയം 24 മണിക്കൂറിൽ നിന്ന് എട്ട് മണിക്കൂറായി കുറച്ചിട്ടുണ്ടെങ്കിലും, ഏകദേശം 46 തസ്തികകൾ ഇതിനായി ഇപ്പോഴും ആവശ്യമായി വരുന്നുണ്ട്. വാഹന പരിശോധന എന്ന ലക്ഷ്യം നിറവേറ്റാൻ നിലവിലെ സംവിധാനം അപര്യാപ്തമാണെന്നും, നിയമലംഘനം നടത്തുന്ന വാഹനങ്ങളെ പിന്തുടരാൻ ചെക്പോസ്റ്റുകൾക്ക് സാധിക്കില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഇതിനു പകരമായി 12 പുതിയ എൻഫോഴ്സ്മെന്റ് സ്ക്വാഡുകൾ രൂപീകരിച്ച് പരിശോധന ശക്തമാക്കണമെന്നാണ് സമിതിയുടെ പ്രധാന നിർദ്ദേശം. മറ്റ് നിർദ്ദേശങ്ങൾ * എഐ ക്യാമറകൾ നിലവിലുള്ള സാഹചര്യത്തിൽ, ഉദ്യോഗസ്ഥർ മൊബൈൽ ഫോൺ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തി പിഴ ഈടാക്കുന്ന രീതി അവസാനിപ്പിക്കണം.
പകരം റോഡ് സുരക്ഷാ ബോധവൽക്കരണത്തിന് മുൻഗണന നൽകണം.
* മുകൾനിലകളിൽ പ്രവർത്തിക്കുന്ന എല്ലാ ആർടി ഓഫിസുകളും പൊതുജനങ്ങൾക്ക് എളുപ്പത്തിൽ പ്രവേശിക്കാവുന്ന രീതിയിൽ കെട്ടിടത്തിന്റെ താഴത്തെ നിലയിലേക്ക് മാറ്റണം.
* ട്രാൻസ്പോർട്ട് കമ്മിഷണർ എന്ന തസ്തികയുടെ പേര് മാറ്റി മോട്ടർ വെഹിക്കിൾ കമ്മിഷണർ എന്നാക്കി മാറ്റണം.
* ഓൺലൈനായി സമർപ്പിക്കുന്ന രേഖകളുടെ കടലാസ് പകർപ്പുകൾ നേരിട്ട് ഹാജരാക്കണമെന്ന നിബന്ധന ഒഴിവാക്കി പ്രവർത്തനം പൂർണമായും ഡിജിറ്റലാക്കണം.
* വകുപ്പിൽ 211 പുതിയ തസ്തികകൾ സൃഷ്ടിക്കാൻ ശുപാർശയുണ്ട്. ഇതിലൂടെ 10 കോടി രൂപയുടെ അധിക ബാധ്യത വരുമെങ്കിലും, നിലവിലുള്ള 198 തസ്തികകൾ നിർത്തലാക്കുന്നതിലൂടെ 6.14 കോടി രൂപ ലാഭിക്കാൻ സാധിക്കുമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

