തിരുവനന്തപുരം ∙ ‘ഈ നമ്പർ ഞാൻ പറയിക്കാം’– വേദിയിലേക്കു വിളിച്ചു വരുത്തിയ സ്ത്രീയുടെ ഫോണിൽ നിന്ന് കോഴിക്കോട്ടെ സുഹൃത്തിനെ വിളിച്ച് മെന്റലിസ്റ്റ് ആദി നർമം കലർന്ന വെല്ലുവിളിയുയർത്തി. പല നമ്പറുകൾ എഴുതിയിട്ടും അതൊന്നും പറയിക്കാൻ കഴിയാതെ പരാജയത്തിലൂടെ ക്ലൈമാക്സിലേക്കു പോകുമ്പോഴും നർമം വിട്ടിരുന്നില്ല.
ആദിയുടെ ദുഃഖത്തിൽ പ്രേക്ഷകരും പങ്കുചേർന്നിരുന്നപ്പോഴാണ്, ‘ലോകത്തെവിടെ പരാജയപ്പെട്ടാലും മലയാള മനോരമയുടെ ഈയൊരു വേദിയിൽ ഞാൻ പരാജയപ്പെടുമോ?’ എന്ന കുസൃതിച്ചോദ്യത്തോടെ, നാടകീയമായ ട്വിസ്റ്റ് നൽകി, ആദി നിറചിരിയോടെ ഷോ തിരിച്ചുപിടിച്ചപ്പോൾ സദസ്സിൽ കയ്യടികൾ നിറഞ്ഞു.
പ്രേക്ഷകരെ തുടക്കം മുതൽ ഒടുക്കം വരെ ഒരേ രസച്ചരടിൽ, ത്രില്ലിൽ, നാടകീയതയിൽ, നർമത്തിൽ കെട്ടിയാണ് നിയമസഭ രാജ്യാന്തര പുസ്തകോത്സവത്തിൽ ‘മലയാള മനോരമ’ സംഘടിപ്പിച്ച മെന്റലിസ്റ്റ് ആദിയുടെ ‘ഇൻസോമ്നിയ’ ഷോ പൂർണമായത്. സദസ്സിനെ പങ്കാളികളാക്കിയായിരുന്നു പരിപാടി.
നർമവും ഹൃദയസ്പർശിയായ രംഗങ്ങളും അനുഭവങ്ങളുമെല്ലാം പങ്കുവച്ച് മനസ്സിന്റെ ആഴങ്ങളെ തൊട്ടുള്ള പരിപാടി സംവിധാനം ചെയ്തത് സംവിധായകൻ ജിസ് ജോയ് ആണ്. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിലെ സദസ്സ് തിങ്ങി നിറഞ്ഞു.
സ്പീക്കർ എ.എൻ.ഷംസീർ ‘ഇൻസോമ്നിയ’ ഉദ്ഘാടനം ചെയ്തു.
ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, നിയമസഭ സെക്രട്ടറി ഡോ.എൻ.കൃഷ്ണകുമാർ, മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റർ സണ്ണി ജോസഫ്, എസ്പി ഫോർട്ട് ഹെൽത്ത് കെയർ സിഎംഡി ഡോ.എസ്.പി.അശോകൻ, സരസ്വതി വിദ്യാലയ സെക്രട്ടറി ഡോ.കെ.ചന്ദ്രമോഹൻ, ജെ ആൻഡ് എ ബിസിനസ് ഗ്രൂപ്പ് എംഡി ജോയി ജോൺ തുരുത്തിക്കര, ഭാഗ്യ ഗോൾഡ് ആൻഡ് ഡയമണ്ട്സ് എംഡി സുനിൽ ഭാഗ്യ എന്നിവർ പ്രസംഗിച്ചു.
നിയമസഭ പുസ്തകോത്സവം കെ.എം.മാണി സഭയിൽ വലിപ്പച്ചെറുപ്പമില്ലാതെ പെരുമാറിയ നേതാവ്: സ്പീക്കർ
തിരുവനന്തപുരം∙ നിയമസഭയിൽ വലിപ്പച്ചെറുപ്പം നോക്കാതെ എല്ലാവരോടും ഒരേപോലെ പെരുമാറിയിരുന്ന നേതാവായിരുന്നു കെ.എം.മാണിയെന്ന് നിയമസഭ സ്പീക്കർ എ.എൻ.ഷംസീർ. നിയമസഭ പുസ്തകോത്സവത്തിൽ ‘കെ.എം.മാണിയുടെ ബജറ്റ് പ്രസംഗങ്ങൾ’ എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരള രാഷ്ട്രീയത്തിൽ അപൂർവ റെക്കോർഡുകൾ നേടിയ വ്യക്തിയാണ് കെ.എം. മാണി.
50 വർഷത്തിലേറെ കാലം സാമാജികൻ, 13 തവണ ബജറ്റ് അവതരിപ്പിച്ച ആൾ എന്നതെല്ലാം അദ്ദേഹത്തിന്റെ പ്രത്യേകത ആയിരുന്നു.
1976 മുതൽ 2015 വരെ വിവിധ കാലത്തു ധനമന്ത്രിയായിരുന്ന മാണി നിയമസഭയിൽ അവതരിപ്പിച്ച ബജറ്റ് പ്രസംഗങ്ങളുടെ 615 പേജുകളുള്ള സമ്പൂർണ സമാഹാരമാണ് പ്രകാശിപ്പിച്ചത്. ജനങ്ങളെ ചിന്തിപ്പിക്കുന്ന പ്രസംഗങ്ങൾ ആയിരുന്നു കെ.എം.മാണിയുടേതെന്നു പുസ്തകം ഏറ്റുവാങ്ങിയ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
കാരുണ്യ പദ്ധതി പോലെ മാനുഷിക മൂല്യങ്ങൾക്ക് വില കൽപിക്കുന്ന പ്രഖ്യാപനങ്ങൾ നടത്തുന്നതും മാണിയുടെ മുഖമുദ്രയായിരുന്നുവെന്നു മന്ത്രി കൂട്ടിച്ചേർത്തു. ഗവ.
ചീഫ് വിപ്പ് എൻ. ജയരാജ്, മുൻ എംഎൽഎ സ്റ്റീഫൻ ജോർജ്, ഡോ.
കുര്യാസ് കുമ്പളക്കുഴി, അനിൽ വേഗ എന്നിവർ പ്രസംഗിച്ചു.
ആഭ്യന്തര യുദ്ധം തമിഴ്, സിംഹളർക്കിടയിൽ വൻ വിടവുണ്ടാക്കി: ചൂലാനന്ദ സമരനായകെ
തിരുവനന്തപുരം ∙ പതിറ്റാണ്ടുകൾ നീണ്ട ആഭ്യന്തര യുദ്ധം ശ്രീലങ്കയിലെ സിംഹള, തമിഴ് വിഭാഗങ്ങൾക്കിടയിൽ വലിയ വിടവുകളും തെറ്റിദ്ധാരണകളും സൃഷ്ടിച്ചെന്നും അതുണക്കാനുള്ള കഠിനശ്രമത്തിലാണു താനുൾപ്പെടെയുള്ള എഴുത്തുകാരെന്നും പ്രമുഖ ശ്രീലങ്കൻ എഴുത്തുകാരൻ ചൂലാനന്ദ സമരനായകെ.
നിയമസഭ രാജ്യാന്തര പുസ്തകോത്സവത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുദ്ധകാലത്തെ ദുരിതങ്ങളും വേദനകളും കൃതികളിലൂടെ ആവിഷ്കരിക്കുകയെന്നത് എഴുത്തുകാരുടെ കടമയാണ്.
നിലവിൽ തമിഴ് കൃതികൾ സിംഹളയിലേക്കും സിംഹള കൃതികൾ തമിഴിലേക്കും വിവർത്തനം ചെയ്ത് സംഭാഷണത്തിന്റെ പുതിയ വാതിലുകൾ തുറക്കുകയാണ് ശ്രീലങ്കൻ എഴുത്തുകാർ.
തന്നെ തട്ടിക്കൊണ്ടുപോവുകയും തടവറയിൽ ക്രൂരമായി പീഡിപ്പിക്കുകയും ചെയ്ത അനുഭവമാണ് തന്റെ എഴുത്തിന് തുടക്കമിട്ടതെന്ന് അദ്ദേഹം പറഞ്ഞു. ശ്രീലങ്കയിലെ സാമ്പത്തികത്തകർച്ച പുസ്തക വിപണിയെയും ബാധിച്ചിട്ടുണ്ട്. ജനങ്ങൾക്ക് ഭക്ഷണത്തിനും പ്രാഥമിക ആവശ്യങ്ങൾക്കും മുൻഗണന നൽകേണ്ടി വരുമ്പോൾ പുസ്തകങ്ങൾ പട്ടികയിൽ അവസാനമായി മാറുന്നതായും അദ്ദേഹം പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

