തിരുവനന്തപുരം∙കെഎസ്ആർടിസി ബസുകളുടെ മരണപ്പാച്ചിലിൽ പേടിച്ച് വിറച്ച് ജനം. അശ്രദ്ധമായ ഡ്രൈവിങ്ങും റോഡിനു നടുക്കു പെട്ടെന്നു ബസ് നിർത്തുന്നതും അശ്രദ്ധമായി ഓവർടേക്കിങ് നടത്തുന്നതുമാണ് അപകടങ്ങൾക്ക് ഇടയാക്കുന്നത്.
ബുധനാഴ്ച കാരയ്ക്കാമണ്ഡപത്തിനു സമീപമുണ്ടായ അപകടത്തിൽ ഒരാൾ മരിക്കുകയും കഴക്കൂട്ടത്ത് ഉണ്ടായ അപകടത്തിൽ കാലുകളിലൂടെ ബസിന്റെ ചക്രം കയറിയിറങ്ങിയ യുവതിയുടെ വലതുകാൽ മുറിച്ചു മാറ്റേണ്ടിയും വന്നു. അപകടത്തിന് ഇരയായ ചിറ്റാറ്റുമുക്ക് കരിഞ്ഞ വയൽ ശ്രീവിശാഖം വീട്ടിൽ സന്ധ്യ (38) സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ടെക്നോപാർക്കിൽ ജോലി ചെയ്യുന്ന സന്ധ്യ സ്കൂട്ടറിൽ ഓഫിസിലേക്കു പോകവേയാണ് അതേ ദിശയിൽ വന്ന കെഎസ്ആർടിസി ഓർഡിനറി ബസ് സ്കൂട്ടറിൽ ഇടിച്ചത്.
ഇടതു കാലിനും സാരമായ പരുക്കുണ്ട്. കാരയ്ക്കാമണ്ഡപത്തിനു സമീപം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ചന്ദ്രിക ചീഫ് ഫൊട്ടോഗ്രഫർ കെ.ഗോപകുമാറും ഭാര്യ ബിന്ദുവുമാണ് അപകടത്തിൽപെട്ടത്.
അപകടത്തിൽ ഗോപൻ മരിച്ചു. ബൈക്കിനെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായത്.
ബുധനാഴ്ച പോത്തൻകോട് തൈക്കാവ് ജംക്ഷനിൽ കെഎസ്ആർടിസി ബസ് ക്രെയിനിൽ ഇടിച്ചു കയറിയ അപകടത്തിൽ തലനാരിഴയ്ക്കാണു യാത്രക്കാർ രക്ഷപ്പെട്ടത്. ഡിസംബർ 24ന് കണിയാപുരത്ത് കെഎസ്ആർടിസി ബസ് സ്കൂട്ടറിൽ ഇടിച്ചു പള്ളിപ്പുറം സ്വദേശിയായ യുവാവ് മരണപ്പെട്ടിരുന്നു.
നവംബറിൽ വെഞ്ഞാറമൂട്ടിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് സ്കൂട്ടറിനെ മറികടക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ സ്കൂട്ടർ റോഡിലേക്ക് മറിഞ്ഞു പിന്നിലിരുന്ന പെൺകുട്ടിയുടെ കയ്യിൽ ബസ് കയറിയിറങ്ങി കൈ അറ്റു പോയി.
നാഗരുകുഴി സ്വദേശി ഫാത്തിമ്മയാണ് (19) അപകടത്തിന് ഇരയായത്. നവംബറിൽ വഴയിലയിൽ സൂപ്പർ ഫാസ്റ്റിന്റെ അടിയിൽപ്പെട്ട് മഞ്ചവിളാകം സ്വദേശി രാജേഷിന് ദാരുണാന്ത്യം സംഭവിച്ചിരുന്നു.
അപകടങ്ങൾ ആവർത്തിക്കുമ്പോഴും ബസുകളുടെ റണ്ണിങ് ടൈം കുറയ്ക്കാൻ കെഎസ്ആർടിസി തയാറാകുന്നില്ല.
ഗതാഗതക്കുരുക്കിലും തകർന്ന റോഡിലൂടെയും ബസുകൾക്ക് അനുവദിച്ച സമയം കൊണ്ട് ഓടിയെത്താൻ കഴിയുന്നില്ലെന്നു നേരത്തെ തന്നെ പരാതിയുണ്ട്. കൂടാതെ അവസാന ട്രിപ് ഓടുന്ന ജീവനക്കാർ പെട്ടെന്നു ജോലി മതിയാക്കി വീട്ടിൽ പോകാനായി ബസ് അമിത വേഗത്തിൽ ഓടിക്കുന്നതും അപകടത്തിന് ഇടയാക്കുന്നു.
സിഫ്റ്റിലെ കരാർ ഡ്രൈവർമാർ വേഗം കുറയ്ക്കണമെന്നു നിർദേശിക്കുന്ന കോർപറേഷൻ കെഎസ്ആർടിസി ഡ്രൈവർമാരെ കൂടി നിയന്ത്രിക്കണമെന്നാണ് യാത്രക്കാർ പറയുന്നത്.
റോഡ് പണി മൂലം ബെംഗളൂരു സർവീസുകൾ മൂന്നും നാലും മണിക്കൂർ വൈകിയാണു ബെംഗളൂരുവിൽ എത്തുന്നത്. അതിനാൽ ജീവനക്കാർക്ക് ബെംഗളൂരുവിൽ ആവശ്യത്തിനു വിശ്രമം ലഭിക്കുന്നില്ല.
തിരുവനന്തപുരം–എറണാകുളം നാലര മണിക്കൂറാണു റണ്ണിങ് ടൈം എങ്കിലും ഒരിക്കലും ഇത് ഓടിയെത്താൻ കഴിയുന്നില്ലെന്നു ഡ്രൈവർമാർ പറയുന്നു.
പരാതികളുണ്ട്; പരിഹാരമില്ല
തിരുവനന്തപുരം∙ഓർഡിനറി ബസുകൾ പലതും 10 വർഷം കഴിഞ്ഞതിനാൽ സെന്റർ ബോൾട്ട് ഇളകി ചരിഞ്ഞാണ് റോഡിലൂടെ ഓടുന്നത്. ഈ ചരിവു നോക്കാതെയാണു പലപ്പോഴും ഡ്രൈവർമാർ ഓവർടേക്ക് ചെയ്യുന്നത്.
പുതിയ ബസുകൾ വാങ്ങിയപ്പോൾ ഓർഡിനറി സർവീസുകൾക്കായി ഏതാനും മിനി ബസുകളാണു കോർപറേഷൻ വാങ്ങിയത്. പുതിയ ലിങ്ക് ബസിൽ ഉൾപ്പെടെ ആളുകൾക്കു നിന്നു യാത്ര ചെയ്യാൻ സൗകര്യമില്ലെന്നു പരാതി ഉയരുമ്പോഴാണ് വീണ്ടും മിനി ബസുകൾ വാങ്ങുന്നത്.
ശ്രീകാര്യം, പോത്തൻകോട് സർവീസുകൾക്ക് 45 മിനിറ്റാണ് റണ്ണിങ് ടൈം. നഗരത്തിലെ ഗതാഗതത്തിരക്കിൽ ബസുകളുമായി ഒരിക്കലും സമയത്ത് ഓടിയെത്താൻ കഴിയുന്നില്ല.
കൂടാതെ എല്ലാ സ്റ്റോപ്പുകളിലും നിർത്തുകയും വേണം. കണ്ടം ചെയ്യേണ്ട
ബസുകൾ പ്രത്യേക ഉത്തരവിറക്കി സർവീസ് നടത്തുമ്പോൾ ജീവനക്കാരുടെയും ജനങ്ങളുടെയും ജീവനാണ് ഭീഷണി ഉയരുന്നത്. അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാതെ റെക്കോർഡ് കലക്ഷൻ കിട്ടിയെന്നു നോട്ടിസ് അടിക്കുകയാണു കോർപറേഷൻ ചെയ്യുന്നതെന്നു ജീവനക്കാർക്കിടയിൽ തന്നെ ആക്ഷേപമുണ്ട്.
പമ്പ സർവീസിലെ വരുമാനം 2 ദിവസം കണക്കിൽ വക കൊള്ളിക്കാതെ തിങ്കളാഴ്ച എല്ലാം കൂട്ടി 13 കോടി എത്തിച്ചാണു റെക്കോഡ് ഇട്ടത് എന്ന ഓഡിയോ സന്ദേശവും ജീവനക്കാർക്കിടയിൽ പ്രചരിക്കുന്നുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

