തിരുവനന്തപുരം ∙ വെർച്വൽ അറസ്റ്റ് തട്ടിപ്പിലൂടെ 10 ലക്ഷം രൂപ തട്ടിയെടുക്കാനുള്ള ശ്രമം തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് സ്റ്റേഷന്റെ ഇടപെടലിലൂടെ പരാജയപ്പെടുത്തി. തട്ടിപ്പുകാരുടെ ഭീഷണിയിൽ മനംനൊന്ത് ജീവനൊടുക്കാൻ വരെ ആലോചിച്ച റിട്ട.
ഉദ്യോഗസ്ഥനാണ് പൊലീസിന്റെ സഹായത്തോടെ രക്ഷപ്പെട്ടത്.
ഡിസംബർ 17നാണ് തട്ടിപ്പുകാർ ഇദ്ദേഹത്തെ ആദ്യമായി ഫോണിൽ ബന്ധപ്പെട്ടത്. കള്ളപ്പണ ഇടപാടിലും ദേശവിരുദ്ധ പ്രവർത്തനങ്ങളിലും പങ്കുണ്ടെന്നും മുംബൈ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കാണിച്ചായിരുന്നു വാട്സാപ് കോൾ എത്തിയത്.
24-ാം തീയതി മുതൽ തുടർച്ചയായി വിളിച്ച തട്ടിപ്പുകാർ, കേസിൽ 4 പേരെ അറസ്റ്റ് ചെയ്തെന്നും 5–ാമനായ ശ്രീവരാഹം സ്വദേശിയായ ഇദ്ദേഹത്തെ വെർച്വൽ അറസ്റ്റിൽ ആക്കിയിരിക്കുകയാണെന്നും വിശ്വസിപ്പിച്ചു. മറ്റു പ്രതികൾക്കൊപ്പം ഇദ്ദേഹത്തിന്റെ ചിത്രവും ഇവർ അയച്ചുകൊടുത്തു.
യഥാർഥ അറസ്റ്റ് ഒഴിവാക്കാൻ സുപ്രീം കോടതി ഉത്തരവുണ്ടെന്നും ‘പിഴയായി’ റിസർവ് ബാങ്കിലേക്ക് ഒന്നരക്കോടി രൂപ അടയ്ക്കണമെന്നും പറഞ്ഞ് വ്യാജ ആർബിഐ ലെറ്ററും കൈമാറി.
ഉത്തർപ്രദേശിലെ മൊറാദാബാദിലുള്ള ഒരു അക്കൗണ്ട് നമ്പറാണ് പണമടയ്ക്കാനായി നൽകിയത്. തന്റെ പക്കൽ സ്ഥിരനിക്ഷേപമായി 10 ലക്ഷം രൂപ മാത്രമേ ഉള്ളൂ എന്ന് ഉദ്യോഗസ്ഥൻ അറിയിച്ചപ്പോൾ, അത് അയച്ചാൽ തൽകാലം കേസിൽ നിന്ന് ഒഴിവാക്കാമെന്ന് തട്ടിപ്പുകാർ സമ്മതിച്ചു.
പണം പിൻവലിക്കാനായി ബാങ്കിലെത്തിയ ഉദ്യോഗസ്ഥന്റെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ മാനേജർ കാര്യം തിരക്കി.
വീട് നിർമാണത്തിനാണെന്ന് അദ്ദേഹം മറുപടി നൽകിയെങ്കിലും പണം അയയ്ക്കേണ്ടത് മറ്റൊരു സംസ്ഥാനത്തെ അക്കൗണ്ടിലേക്കാണെന്ന് കണ്ടപ്പോൾ മാനേജർക്ക് സംശയം തോന്നി. പണം നൽകുന്നത് അടുത്ത ദിവസത്തേക്ക് മാറ്റിവച്ച ശേഷം മാനേജർ ഉടൻ തന്നെ വിവരം തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് സ്റ്റേഷനെ അറിയിക്കുകയായിരുന്നു.
തുടർന്ന് സൈബർ പൊലീസ് ഉദ്യോഗസ്ഥർ നടത്തിയ സമയോചിതമായ ഇടപെടലിലൂടെ, തട്ടിപ്പാണെന്ന് ഇദ്ദേഹത്തെ ബോധ്യപ്പെടുത്തുകയും തട്ടിപ്പിൽ നിന്ന് രക്ഷിക്കുകയുമായിരുന്നു.
ഇത്തരം തട്ടിപ്പുകൾ ശ്രദ്ധയിൽ പെടുകയോ ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായാകുകയോ ചെയ്താൽ ഒരു മണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 എന്ന നമ്പറിൽ സൈബർ പൊലീസിനെ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട
തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.www cybercrime gov in എന്ന വെബ്സൈറ്റിലും പരാതി റജിസ്റ്റർ ചെയ്യാം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

