തിരുവനന്തപുരം∙ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കടുത്ത ത്രികോണ മത്സരത്തിന് സാധ്യത കാണുന്ന വട്ടിയൂർക്കാവ് മണ്ഡലത്തിൽ സ്ഥാനാർഥി ചിത്രം തെളിയുന്നു. കോൺഗ്രസിൽനിന്നു കെ.മുരളീധരൻ ഈ സീറ്റ് ലക്ഷ്യമിടുമ്പോൾ, സിറ്റിങ് എംഎൽഎ വി.കെ.പ്രശാന്തിനെ സിപിഎം വീണ്ടും മത്സരിപ്പിക്കും എന്നാണ് വിവരം.
കഴക്കൂട്ടത്തേക്കും പ്രശാന്തിന്റെ പേരു പറഞ്ഞു കേൾക്കുന്നുണ്ട്. ബിജെപിയിൽ സ്ഥാനാർഥിത്വത്തിനു കരുനീക്കം ശക്തമായി. വട്ടിയൂർക്കാവ് മണ്ഡലത്തിൽ തദ്ദേശതിരഞ്ഞെടുപ്പിൽ 2497 വോട്ടിന്റെ ഭൂരിപക്ഷം എൻഡിഎയ്ക്കു ലഭിച്ചതോടെയാണു ബിജെപിയിൽ ഈ സീറ്റിൽ ലക്ഷ്യമിടുന്നവരുടെ എണ്ണം കൂടിയത്.
2021ൽ മത്സരിച്ച് രണ്ടാമതെത്തിയ വി.വി.രാജേഷ് മേയറായതോടെ രാജേഷിന് അവകാശവാദമില്ല.
മേയറാക്കാമെന്നു വാഗ്ദാനം നൽകി ബിജെപി ശാസ്തമംഗലം വാർഡിൽ മത്സരിപ്പിച്ച ആർ.ശ്രീലേഖയ്ക്കു മേയർ സ്ഥാനം ലഭിക്കാതായതോടെ വട്ടിയൂർക്കാവ് സീറ്റ് വാഗ്ദാനം ചെയ്തിരുന്നതായി കേട്ടിരുന്നു. എന്നാൽ വട്ടിയൂർക്കാവിൽ മത്സരിക്കാനില്ല എന്നാണു ശ്രീലേഖ മാധ്യമങ്ങളോടു പറഞ്ഞത്.
മുൻ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ വട്ടിയൂർക്കാവിൽ മത്സരിക്കാൻ പാർട്ടി നേതൃത്വത്തെ താൽപര്യം അറിയിച്ചതോടെയാണ് ശ്രീലേഖയുടെ പരിഭവമെന്നാണു വിവരം.
2021ൽ തിരുവനന്തപുരത്തു മത്സരിച്ചു മൂന്നാമതായ ജി.കൃഷ്ണകുമാറും വട്ടിയൂർക്കാവിൽ മത്സരിക്കാനുള്ള താൽപര്യം പരസ്യമാക്കിയിട്ടുണ്ട്. 25 വർഷമായി താമസിക്കുന്ന വട്ടിയൂർക്കാവാണ് തന്റെ പ്രവർത്തന മണ്ഡലമെന്നും അവിടെ മത്സരിക്കാൻ പാർട്ടി പറഞ്ഞാൽ സന്തുഷ്ടനാണെന്നും കൃഷ്ണകുമാർ മാധ്യമങ്ങളോടു പറഞ്ഞു.
കെ.മുരളീധരനും താൽപര്യം വട്ടിയൂർക്കാവിൽ മത്സരിക്കാനാണ്. 2021ൽ വീണ എസ്.നായർ മത്സരിച്ചപ്പോൾ കോൺഗ്രസ് ഇവിടെ മൂന്നാമതായിരുന്നു.
മണ്ഡലത്തിലെ സാഹചര്യത്തിൽ മുരളീധരനെപ്പോലെ ഒരു സ്ഥാനാർഥി വന്നാൽ ജയിക്കാൻ കഴിയുമെന്ന പ്രതീക്ഷ കോൺഗ്രസിനുണ്ട്. വട്ടിയൂർക്കാവ് മണ്ഡലം ഉൾപ്പെടുന്ന കോർപറേഷനിലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഇരട്ടി സീറ്റ് നേടിയതിനു ചുക്കാൻ പിടിച്ചതും മുരളീധരനായിരുന്നു.
21515 വോട്ടിന്റെ ഭൂരിപക്ഷത്തിൽ 2021ൽ ജയിച്ച വി.കെ.പ്രശാന്തിനു വ്യക്തിപരമായി ലഭിക്കുന്ന വോട്ടുകൾ ജയിപ്പിക്കും എന്ന് സിപിഎം കരുതുന്നു. കഴക്കൂട്ടത്തു കടകംപള്ളി സുരേന്ദ്രൻ മത്സരിക്കേണ്ടെന്നു പാർട്ടി തീരുമാനിച്ചാൽ അവിടെ പ്രശാന്തിനെ മത്സരിപ്പിക്കാൻ ആലോചനയുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

