തലസ്ഥാന നഗരിയിലെ ചില ഭാഗങ്ങളിൽ അനധികൃത തട്ടുകടകൾ ഒഴിപ്പിച്ച് പൊലീസ് പ്രശംസ നേടിയെങ്കിലും, മറ്റ് പ്രധാന മേഖലകളിൽ ഇപ്പോഴും നടപടികൾ കർശനമാക്കിയിട്ടില്ല. പരുത്തിപ്പാറ– കേശവദാസപുരം റോഡിലും യൂണിവേഴ്സിറ്റി കോളജിന് മുന്നിലും മുൻപ് നടത്തിയ ഒഴിപ്പിക്കൽ നടപടികൾക്ക് ശേഷം വ്യാപകമായ സ്വീകാര്യത ലഭിച്ചിരുന്നു.
എന്നാൽ നഗരത്തിലെ മറ്റ് പലയിടങ്ങളിലും അനധികൃത കച്ചവടം യാതൊരു തടസ്സവുമില്ലാതെ തുടരുകയാണ്. കഴിഞ്ഞ ദിവസം വഴുതക്കാട്– കോട്ടൺഹിൽ പ്രദേശത്ത് നടപ്പാതയും റോഡിന്റെ കാൽഭാഗത്തോളവും കയ്യേറി ബനാമി തട്ടുകടകൾ പ്രവർത്തിക്കുകയുണ്ടായി.
രാത്രി ഏഴര മുതൽ പത്തു മണിവരെ ഈ പ്രദേശത്ത് കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. കവടിയാർ– കുറവൻകോണം റോഡിലും സമാനമായ രീതിയിൽ യാത്രാതടസ്സം നേരിടുന്നുണ്ട്.
പ്രതിഷേധവും നടപടിയും
റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളുടെ യോഗത്തിൽ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നതിനെ തുടർന്നാണ് അധികാരികൾ ചിലയിടങ്ങളിൽ തട്ടുകടകൾക്കെതിരെ നടപടി സ്വീകരിക്കാൻ തയ്യാറായത്. ഈ അവസരത്തിലും കോർപറേഷൻ അധികൃതരുടെ ഭാഗത്തുനിന്നും കാര്യമായ ഇടപെടലുകൾ ഉണ്ടാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
കേശവദാസപുരം– പരുത്തിപ്പാറ റോഡിൽ നിന്ന് 17 കടകളും യൂണിവേഴ്സിറ്റി കോളജിനു മുന്നിൽ പ്രവർത്തിച്ചിരുന്ന 9 കടകളുമാണ് അന്ന് ഒഴിപ്പിച്ചത്. പാളയത്ത് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഒരു കട
മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. എങ്കിലും, വഴുതക്കാട്– കോട്ടൺഹിൽ റോഡിലെ അനധികൃത കടകൾക്കെതിരെ മാത്രം യാതൊരുവിധ നടപടിയും സ്വീകരിക്കാത്തതിൽ ദുരൂഹത നിലനിൽക്കുന്നുണ്ട്.
മുൻപ് ഒഴിപ്പിക്കൽ നടപടി പൂർത്തിയാക്കിയതിന്റെ അടുത്ത ദിവസം തന്നെ നിയമവ്യവസ്ഥകളെയും പൊലീസിനെയും വെല്ലുവിളിച്ച് ഈ പ്രദേശത്ത് കടകൾ വീണ്ടും പ്രവർത്തനം ആരംഭിച്ചിരുന്നു. ബനാമി തട്ടുകടകളും സുരക്ഷാ വീഴ്ചകളും
ശ്രീ മൂലം ക്ലബിന് മുൻവശം മുതൽ കോട്ടൺഹിൽ എൽപി സ്കൂളിന് മുൻവശം വരെ പത്തിലേറെ തട്ടുകടകളാണ് ദിവസവും പ്രവർത്തിക്കുന്നത്.
ഇവയിൽ ഭൂരിഭാഗവും വൻകിട ഹോട്ടലുകളുടെ ബനാമി പേരിലാണ് നടത്തിക്കൊണ്ടുപോകുന്നത്.
പ്രധാന ഹോട്ടലുകളെ അപേക്ഷിച്ച് ഉയർന്ന നിരക്ക് ഈടാക്കുന്നതിനൊപ്പം, അളവിൽ കുറഞ്ഞ ഭക്ഷണമാണ് ഇവിടങ്ങളിൽ നിന്ന് നൽകുന്നതെന്ന പരാതിയുമുണ്ട്. എന്നിട്ടും പൊലീസോ, കോർപറേഷനോ, ഭക്ഷ്യ സുരക്ഷാ വകുപ്പോ ഈ വിഷയത്തിൽ നടപടിയെടുക്കാത്തത് സംശയങ്ങൾക്ക് ഇടയാക്കുന്നുണ്ട്.
വ്യവസ്ഥകളും ലൈസൻസും
ദേശീയ നഗര ഉപജീവന മിഷൻ (ദീന ദയാൽ അന്ത്യോദയ യോജന– നാഷനൽ അർബൻ ലൈവ്ലിഹുഡ് മിഷൻ) എന്ന കേന്ദ്ര പദ്ധതി പ്രകാരമാണ് തട്ടുകടകൾക്ക് ഔദ്യോഗികമായി ലൈസൻസ് അനുവദിക്കുന്നത്. 25 ചതുരശ്ര അടി വിസ്തീർണം മാത്രമേ ഇതിനായി പാടുള്ളൂ.
ലൈസൻസ് നേടുന്ന വ്യക്തി നേരിട്ട് തന്നെ കട നടത്തണം.
ഭാര്യ, മക്കൾ തുടങ്ങിയ അടുത്ത ബന്ധുക്കളെ സഹായികളായി നിർത്താമെങ്കിലും കട നടത്തുന്നവർ നിർബന്ധമായും ഹെൽത്ത് കാർഡും ഭക്ഷ്യ സുരക്ഷാ ലൈസൻസും നേടിയിരിക്കണം തുടങ്ങിയ കർശന വ്യവസ്ഥകളാണ് എൻയുഎൽഎം ലൈസൻസിനുള്ളത്.
എന്നാൽ കോർപറേഷൻ പരിധിയിൽ പ്രവർത്തിക്കുന്ന മുഴുവൻ കടകളിൽ 150 എണ്ണത്തിന് മാത്രമാണ് നിലവിൽ എൻയുഎൽഎം ലൈസൻസ് അനുവദിച്ചിട്ടുള്ളത് എന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, നഗരത്തിലെ തട്ടുകടകൾക്ക് പ്രത്യേക വൈൻഡിങ് സോൺ അനുവദിക്കണമെന്ന ഹൈക്കോടതി ഉത്തരവും ഇതുവരെ കോർപറേഷൻ നടപ്പിലാക്കിയിട്ടില്ല.
ഗതാഗതക്കുരുക്കും പാർക്കിങ് പ്രശ്നങ്ങളും പൂർണ്ണമായി പരിഹരിക്കുന്നതിന്റെ ഭാഗമായിട്ടാണ് പ്രത്യേക മേഖലകൾ തട്ടുകടകൾക്കായി കണ്ടെത്തണമെന്ന് കോടതി കർശന നിർദ്ദേശം നൽകിയിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

