ആറന്മുള ഉത്തൃട്ടാതി ജലമേളയിൽ സവിശേഷമായ ചരിത്രമുള്ള കരകളിലൊന്നാണ് മാരാമൺ. തിരുവോണത്തോണിക്ക് അകമ്പടി സേവിക്കാൻ ആദ്യമായി പള്ളിയോടം നിർമിച്ച കരകളിൽ മുൻപന്തിയിലാണ് ഈ പ്രദേശം.
135 വർഷത്തെ പാരമ്പര്യം പേറുന്ന പള്ളിയോടമാണ് നിലവിലുള്ളത്. പാർഥസാരഥി ക്ഷേത്രവുമായി അഭ്യേദ്യമായ ബന്ധമാണ് മാരാമണ്ണിനുള്ളത്.
ക്ഷേത്രത്തിലെ ഓണ നെല്ലളവ് നടത്തിയിരുന്ന പാലയ്ക്കാട് മഠം സ്ഥിതി ചെയ്തിരുന്നത് ഇവിടെയായിരുന്നു. നാലു വശവും മണ്ണിട്ടുയർത്തി നിർമിച്ച ആറന്മുള ക്ഷേത്രനിർമാണത്തിന് ആവശ്യമായ മണ്ണ് എടുത്തത് മാരാമണ്ണിൽ നിന്നാണെന്നാണ് വിശ്വാസം.
ഇതിന് തെളിവായി ഒറ്റക്കുഴി ഇന്നും നിലനിൽക്കുന്നുണ്ട്. ക്ഷേത്രനിർമാണത്തിന് മണ്ണ് നൽകിയതിൽ സന്തുഷ്ടരായ ഭൂതഗണങ്ങൾ ഈ നാട്ടിലെ മണ്ണ് ഒരിക്കലും നശിക്കില്ലെന്ന് അനുഗ്രഹിച്ചുവെന്നും, അങ്ങനെ ‘മാറാമൺ’ എന്ന പേര് പിന്നീട് ‘മാരാമൺ’ ആയി മാറിയെന്നുമാണ് ഐതിഹ്യം.
തെക്കുംകൂർ രാജ്യത്തിന്റെ തെക്കേ അതിർത്തിയായിരുന്ന മാരാമണ്ണിൽ, അതിന്റെ ചരിത്രപരമായ തെളിവായി ചെറുകര കോട്ടയും ഇന്നും തലയുയർത്തി നിൽക്കുന്നു. മതസൗഹാർദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും വിളനിലമായ മാരാമൺ കൺവൻഷന് ആതിഥേയത്വം വഹിക്കുന്ന കര കൂടിയാണിത്.
ജലോത്സവ ചരിത്രത്തിൽ സമാനതകളില്ലാത്ത നേട്ടങ്ങളാണ് മാരാമൺ കരയ്ക്കുള്ളത്. അങ്കത്തിൽ കൃഷ്ണപിള്ള ക്യാപ്റ്റനായി നയിച്ച 1982ലെ ജലോത്സവത്തിലും, പ്രിയകുമാർ പുന്നൂർ ക്യാപ്റ്റനായ 1988ലും, പ്രവീൺ ക്യാപ്റ്റനായ 2010ലും, പ്രിയൻ നായർ പുന്നൂർ ക്യാപ്റ്റനായ 2013ലും മാരാമൺ മന്നം ട്രോഫി സ്വന്തമാക്കിയിട്ടുണ്ട്.
കൂടാതെ 14 തവണ രണ്ടാം സ്ഥാനവും 6 തവണ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്. മാലക്കര അവിട്ടം ജലോത്സവത്തിൽ ഹാട്രിക് അടക്കം 8 തവണ ഒന്നാം സ്ഥാനവും, ഇറപ്പുഴ ചതയം, പുതിയകാവ് ചതയം ജലോത്സവങ്ങളിലും പലതവണ ഒന്നാം സ്ഥാനം നേടാൻ ഈ പള്ളിയോടത്തിനായിട്ടുണ്ട്.
ഒറ്റമണിക്കാൽ ശൈലിയിൽ മുണ്ടപ്പുഴ തച്ചന്മാർ നിർമിച്ച പള്ളിയോടം പിന്നീട് 5 തവണ പുതുക്കിപ്പണിതു. മാരാമൺ 374-ാം നമ്പർ എൻഎസ്എസ് കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് എ ബാച്ച് പള്ളിയോടം.
പള്ളിയോടത്തിന്റെ പ്രധാന സവിശേഷതകൾ:
– നീളം: 46 1/4 കോൽ
– ഉടമ: 66 അംഗുലം
– അമരപ്പൊക്കം: 18 അടി
– യാത്രാശേഷി: 70 തുഴച്ചിലുകാർ, 4 അടനയമ്പുകാർ, 15 പാട്ടുകാർ ഉൾപ്പെടെ ആകെ 100 പേർക്ക് കയറാം. പള്ളിയോട
പ്രതിനിധികളായി വിജയൻ നായർ അങ്കത്തിൽ, സി.ജി.പ്രദീപ് കുമാർ എന്നിവർ പ്രവർത്തിക്കുന്നു. പ്രതിനിധിയായ സി.ജി.പ്രദീപ് കുമാർ തന്നെയാണ് കരയുടെ ക്യാപ്റ്റൻ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

