റാന്നി ∙ രണ്ടു മാസത്തോളം കുമ്പളത്താമണ്ണിനെ വിറപ്പിച്ച കടുവ വനംവകുപ്പിന്റെ കൂട്ടിൽ കുടുങ്ങി. കഴിഞ്ഞ രണ്ടു മാസമായി കുമ്പളത്താമൺ, ഒളികല്ല് മേഖലകളിൽ ഭീതി നിറച്ച കടുവയാണു വനംവകുപ്പിന്റെ കൂട്ടിൽ കുടുങ്ങിയത്.
12 വയസ്സോളം പ്രായമുള്ള കടുവയ്ക്കു കാഴ്ച കുറവാണെന്നും മറ്റൊരു കടുവയുമായുള്ള പോരാട്ടത്തിൽ പരുക്കേറ്റതാണെന്നും പരിശോധനയിൽ കണ്ടെത്തി. കടുവയെ തൃശൂരിലെ പുത്തൂർ സുവോളജിക്കൽ പാർക്കിലേക്കു മാറ്റി.
കുമ്പളത്താമണ്ണിലെ സ്വകാര്യ ഫാമിലാണു കടുവയെ പിടിക്കാൻ കൂട് സ്ഥാപിച്ചിരുന്നത്.
ഫാമിലെ പോത്തിനെയും ആടിനെയും കടുവ കൊന്നിരുന്നു. ഞായറാഴ്ച രാവിലെ 11.30നാണ് മേയാൻ വിട്ടിരുന്ന ആടിനെയും കടിച്ചെടുത്തു കടുവ കാട്ടിൽ മറഞ്ഞത്.
പിന്നീട് വനംവകുപ്പിന്റെ ദ്രുതകർമ സേന നടത്തിയ തിരച്ചിലിൽ കൂടിനു സമീപം ആടിനെ ചത്ത നിലയിൽ കണ്ടെത്തി. ഇതിന്റെ ഒരു കാൽ മുറിച്ചെടുത്തിരുന്നു.
ആടിന്റെ ജഡം കൂട്ടിൽ വച്ചാണ് കടുവയെ കുടുക്കിയത്.
ഞായറാഴ്ച രാത്രി ആടിനെ ഭക്ഷിക്കാൻ കൂട്ടിൽ കയറിയ കടുവ ഉള്ളിൽ അകപ്പെടുകയായിരുന്നു. ഫാമിന്റെ ഉടമ റെഷൻ ചാക്കോയാണ് കൂട്ടിൽ അകപ്പെട്ടു കിടക്കുന്ന കടുവയെ ആദ്യം കണ്ടത്.
പിന്നാലെ തണ്ണിത്തോട് വനം സ്റ്റേഷനിൽനിന്നു വനപാലകരെത്തി. പഞ്ചായത്തംഗം അജേഷ് മണപ്പാട്ടിന്റെ നേതൃത്വത്തിൽ ജുബിൻ തോമസ്, ജയേഷ്, പ്രകാശ് എന്നിവരും വനപാലകർക്കു പിന്തുണയുമായെത്തിയിരുന്നു.
പിന്നീടാണു സമീപവാസികൾ കൂട്ടത്തോടെ എത്തിയത്.
ജനക്കൂട്ടം കനത്തതോടെ പ്ലാസ്റ്റിക് പടുതയിട്ടു കൂട് മറച്ചു. റാന്നി എംഎൽഎ പ്രമോദ് നാരായൺ സ്ഥലത്തെത്തി.
റോഡിൽ നിന്ന് അര കിലോമീറ്ററോളം അകലെയാണ് കൂടു സ്ഥാപിച്ചിരുന്നത്. വനപാലകരും നാട്ടുകാരും ചേർന്നാണ് കൂട് വലിച്ച് പാതിവഴി വരെ എത്തിച്ചത്.
പിന്നീട് മണ്ണുമാന്തി ഉപയോഗിച്ചു വലിച്ച് റോഡിലെത്തിച്ചു. അവിടെ നിന്ന് വാനിൽ കയറ്റി രാംജാംമ്പാറ വനം സ്റ്റേഷനിൽ എത്തിച്ചു.
വനംവകുപ്പിന്റെ വെറ്ററിനറി സർജൻ പരിശോധിച്ച ശേഷം ഗവി വനത്തിൽ തുറന്നു വിടാനാണ് ആദ്യം പദ്ധതിയിട്ടത്.
വന്യജീവി വിഭാഗത്തിലെ ഡോ. ജെയ്സ്മോൻ, ഡോ.
അരുൺ എന്നിവർ നടത്തിയ പരിശോധനയിൽ കടുവ അവശനാണെന്നു കണ്ടു. കൂടാതെ വലതു കണ്ണിനു കാഴ്ചയും കുറവാണ്. 12 വയസ്സുള്ള ആൺ കടുവയെ കാട്ടിൽ തുറന്നു വിടാനാകില്ലെന്നു കണ്ട് പിന്നീട് തൃശൂർ പുത്തൂർ മൃഗശാലയിലേക്കു മാറ്റി.
വനം റേഞ്ച് ഓഫിസർമാരായ ആർ.ബി.ജയൻ, ജി.ആർ.രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലാണു തുടർ നടപടികൾ സ്വീകരിച്ചത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

