ആറന്മുള ഗവൺമെന്റ് ഹൈസ്കൂളിലെ വിദ്യാർത്ഥികളും അതേ വളപ്പിലെ ഡൈനിങ് ഹാളിൽ പ്രവർത്തിക്കുന്ന അങ്കണവാടിയിലെ കുട്ടികളും ഒരുപോലെ ദുരിതത്തിൽ. സ്കൂൾ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം കഴിക്കുന്നതിനായി നിർമ്മിച്ച ഹാളിലാണ് വർഷങ്ങളായി അങ്കണവാടി പ്രവർത്തിക്കുന്നത്.
ഹൈസ്കൂൾ വിഭാഗത്തിലെ ഇരുനൂറ്റമ്പതോളം കുട്ടികളിൽ 187 പേർ ഉച്ചഭക്ഷണം കഴിക്കുന്നവരാണ്. എന്നാൽ, ഡൈനിങ് ഹാളിന്റെ ഭൂരിഭാഗം സ്ഥലവും അങ്കണവാടി കൈയടക്കിയതോടെ, 50 കുട്ടികൾക്ക് പോലും ഒരുമിച്ച് ഭക്ഷണം കഴിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.
2018-ൽ ഒമ്പതര ലക്ഷം രൂപ ചെലവഴിച്ചാണ് ജില്ലാ പഞ്ചായത്ത് ഈ ഡൈനിങ് ഹാളും അനുബന്ധ സൗകര്യങ്ങളും നിർമ്മിച്ചത്. സ്കൂളിലെ പഴയ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന അങ്കണവാടി, ടൈൽ പാകുന്ന ജോലികൾ നടക്കുന്നതിനിടെയാണ് താൽക്കാലികമായി ഡൈനിങ് ഹാളിലേക്ക് മാറ്റിയത്.
നിർമ്മാണം പൂർത്തിയാകുന്ന മുറയ്ക്ക് അങ്കണവാടി മാറ്റി സ്ഥാപിക്കുമെന്ന ഉറപ്പ് നൽകിയിരുന്നെങ്കിലും, എട്ട് വർഷം പിന്നിട്ടിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. നിലവിൽ ഏഴ് കുട്ടികൾ പഠിക്കുന്ന അങ്കണവാടിയുടെ പഠനം, ഭക്ഷണം, വിശ്രമം, കളിയുപകരണങ്ങളുടെ സൂക്ഷിപ്പ് എന്നിവയെല്ലാം ഈ ഒറ്റ മുറിയിൽ തന്നെയാണ് നടക്കുന്നത്.
ഉച്ചസമയത്ത് വിദ്യാർത്ഥികൾ കൂടി എത്തുമ്പോൾ ഹാളിനുള്ളിൽ കടുത്ത തിരക്കാണ് അനുഭവപ്പെടുന്നത്. അങ്കണവാടി മാറ്റി സ്ഥാപിക്കണമെന്ന് ജില്ലാ പഞ്ചായത്ത്, മല്ലപ്പുഴശ്ശേരി പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.
അതേസമയം, പുതിയ കെട്ടിടം നിർമ്മിക്കാൻ വിദ്യാഭ്യാസ വകുപ്പ് ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും നിർമ്മാണ പ്രവർത്തനങ്ങൾ ഇനിയും ആരംഭിച്ചിട്ടില്ല. പഞ്ചായത്ത് ഭരണസമിതി മുൻകൈ എടുത്ത് അങ്കണവാടിക്കായി മറ്റൊരു സ്ഥലം കണ്ടെത്തിയാൽ മാത്രമേ ഈ പ്രതിസന്ധിക്ക് ശാശ്വത പരിഹാരമാകുകയുള്ളൂവെന്നാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

