ആറന്മുള ഗവൺമെന്റ് ഹൈസ്കൂളിലും അവിടെ പ്രവർത്തിക്കുന്ന അങ്കണവാടിയിലും നിലനിൽക്കുന്ന അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കാൻ അധികൃതർ തീരുമാനിച്ചു. സ്കൂൾ വിദ്യാർഥികൾക്കായി നിർമിച്ച ഡൈനിങ് ഹാളിലാണ് നിലവിൽ അങ്കണവാടി പ്രവർത്തിക്കുന്നത്.
ഇത് കുട്ടികളുടെ പഠനാന്തരീക്ഷത്തെയും ദൈനംദിന പ്രവർത്തനങ്ങളെയും ദോഷകരമായി ബാധിക്കുന്നുണ്ടെന്ന വിലയിരുത്തലിനെത്തുടർന്നാണ് ഇടപെടൽ. അങ്കണവാടി മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കണമെന്ന കർശന നിർദേശം ജില്ലാ പഞ്ചായത്ത് മല്ലപ്പുഴശ്ശേരി പഞ്ചായത്ത് അധികൃതർക്ക് നൽകി.
2018-ൽ 9.5 ലക്ഷം രൂപ ചെലവഴിച്ചാണ് ജില്ലാ പഞ്ചായത്ത് സ്കൂളിൽ ഡൈനിങ് ഹാൾ നിർമിച്ചത്. ഹൈസ്കൂൾ വിഭാഗത്തിലെ 250 വിദ്യാർഥികളിൽ 187 പേരും ഉച്ചഭക്ഷണം കഴിക്കുന്നത് ഇവിടെയാണ്.
എന്നാൽ, അങ്കണവാടി ഇവിടെ പ്രവർത്തിക്കുന്നതിനാൽ 50 കുട്ടികൾക്ക് പോലും ഒരുമിച്ച് ഭക്ഷണം കഴിക്കാൻ സൗകര്യമില്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. സ്കൂളിലെ പഴയ കെട്ടിടത്തിൽ ടൈൽ പാകുന്ന ജോലികൾ നടക്കുന്ന വേളയിലാണ് അങ്കണവാടി താത്കാലികമായി ഡൈനിങ് ഹാളിലേക്ക് മാറ്റിയത്.
എട്ടു വർഷം പിന്നിട്ടിട്ടും അന്ന് നൽകിയ ഉറപ്പുകൾ പാലിക്കപ്പെട്ടില്ല. ഏഴ് കുട്ടികൾ പഠിക്കുന്ന അങ്കണവാടിയുടെ പഠനമുറി, അടുക്കള, കളിയുപകരണങ്ങൾ എന്നിവയെല്ലാം ഇപ്പോൾ ഈ ഒറ്റമുറിയിൽ തന്നെയാണ് ക്രമീകരിച്ചിരിക്കുന്നത്.
സ്കൂളിൽ ക്ലാസ് മുറികൾക്ക് മാത്രമാണ് സൗകര്യമുള്ളത്. വിദ്യാഭ്യാസ വകുപ്പ് പുതിയ കെട്ടിടത്തിനായി ഒരു കോടി രൂപ അനുവദിച്ചെങ്കിലും നിർമ്മാണ പ്രവർത്തനങ്ങൾ ഇതുവരെ ആരംഭിച്ചിട്ടില്ല.
അങ്കണവാടിക്ക് അനുയോജ്യമായ മറ്റൊരു കെട്ടിടം കണ്ടെത്തി എത്രയും വേഗം മാറ്റി സ്ഥാപിക്കുക എന്നതാണ് നിലവിലെ ഏക പോംവഴിയെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. ഇതിനായി പഞ്ചായത്ത് ഭരണകൂടം അടിയന്തരമായി മുൻകൈ എടുക്കണമെന്നാണ് പൊതുവേ ഉയരുന്ന ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

