പുല്ലാട് ∙ കളിക്കളത്തിൽ ഡ്രൈവിങ് പരിശീലനം, കായികതാരങ്ങൾ സങ്കടത്തിൽ. കോയിപ്രം പഞ്ചായത്ത് സ്റ്റേഡിയത്തിൽ എത്തുന്ന കായികതാരങ്ങളാണ് കന്നുകാലികളും ഡ്രൈവിങ് സ്കൂൾ വാഹനങ്ങളും ഉഴുതുമറിച്ച സ്റ്റേഡിയം കണ്ട് നെടുവീർപ്പിടുന്നത്.
സ്റ്റേഡിയത്തിന്റെ നാലുവശവും കാടുകയറിയ നിലയിലാണ്. കന്നുകാലികളും വിവിധ വാഹനങ്ങളും കയറ്റുന്നതിനാലും ഗ്രൗണ്ടിൽ പലഭാഗത്തും കുഴിയായി മാറിയിരിക്കുന്നു.
ഗ്രൗണ്ടിന്റെ മുൻവശത്ത് കനാൽ റോഡ് ഭാഗത്ത് മാലിന്യം ശേഖരിച്ചു സൂക്ഷിക്കാൻ നിർമിച്ച എംസിഎഫിനു ചുറ്റും ജൈവമാലിന്യങ്ങൾ തള്ളുന്നതിനാൽ സ്റ്റേഡിയത്തിൽ എത്തുന്നവർക്ക് മൂക്കുപൊത്തി നിൽക്കേണ്ട സ്ഥിതിയും ഉണ്ട്.
സ്റ്റേഡിയം നിരപ്പല്ലാത്തതിനാൽ കായികതാരങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്നില്ല.
അതു കാരണം പഞ്ചായത്ത് കേരളോത്സവത്തിലെ കായിക മത്സരങ്ങൾ മറ്റുള്ള ഗ്രൗണ്ടുകളിലാണു സംഘടിപ്പിച്ചത്. പഞ്ചായത്തു വക സ്റ്റേഡിയം ഉണ്ടായിട്ടും പ്രദേശത്തെ കായികതാരങ്ങൾ ഇരവിപേരൂർ പഞ്ചായത്തിലെ സെന്റ് ജോൺസ് ഹൈസ്കൂൾ ഗ്രൗണ്ടിലെത്തി പരിശീലനം നടത്തേണ്ട
ഗതികേടിലാണ്. 1.5ലക്ഷം രൂപ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കവാടം, മുൻവശത്തെ മതിൽ, സെക്യൂരിറ്റി, ഡ്രസിങ് റൂമുകൾ എന്നിവ നിർമിച്ചു ആദ്യം.
ഇവയുടെ കതകും ജനലും നശിപ്പിച്ചതോടെ രണ്ട് റൂമും ഉപയോഗശൂന്യമായി. ഗേറ്റ് ഉണ്ടെങ്കിലും പൂട്ടിടാത്തതിനാൽ സാമൂഹിക വിരുദ്ധരുടെ താവളവുമായി സ്റ്റേഡിയം മാറിയിരിക്കുന്നു എന്നാണ് ആക്ഷേപം.
സ്റ്റേഡിയത്തിന്റെ ഇടതുഭാഗത്ത് വോളിബോൾ, ഷട്ടിൽ കോർട്ടുകൾ നിർമിക്കാനുള്ള സ്ഥലം ഉണ്ടെങ്കിലും അതിനും ശ്രമം ഉണ്ടായിട്ടില്ല. 55 ലക്ഷം രൂപ ചെലവിട്ട് 400 മീറ്റർ സിന്തറ്റിക് ട്രാക്ക് നിർമിക്കാൻ ശ്രമം ആരംഭിച്ചെങ്കിലും അതും കടലാസിൽ ഒതുങ്ങി.
പമ്പ ഇറിഗേഷന്റെ ഇടതുകര കനാൽ തീരത്തെ പഞ്ചായത്ത് വക സ്ഥലം കാടുകയറി കിടന്നത് 2015 കാലത്താണ് മതിൽ കെട്ടി തിരിച്ച് സ്റ്റേഡിയത്തിനുള്ള പദ്ധതി തയാറാക്കുന്നത്.
ചുറ്റുമതിൽ കെട്ടുന്നതിന് ജില്ലാ പഞ്ചായത്ത് അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ച് നിർമാണ പ്രവൃത്തികൾ ആരംഭിച്ചെങ്കിലും വെള്ളപ്പൊക്കം ഉണ്ടായതിനെ തുടർന്ന് 50 ലക്ഷം രൂപയോളം തിരിച്ചു പിടിച്ചതോടെ മതിൽ നിർമാണം നിലച്ചു. വീണാ ജോർജിന്റെ ആസ്തിവികസന ഫണ്ടിൽ നിന്ന് 64 ലക്ഷം രൂപ ചെലവിട്ട് ഗാലറി, ഡ്രെയ്നേജ്, ചുറ്റുമതിൽ കെട്ടാനുള്ളതിന്റെ ബാക്കി ഭാഗം എന്നിവയുടെ നിർമിതി നടത്തി.
അതിനുശേഷം ഒരു പ്രവർത്തനവും ഇവിടെ നടന്നിട്ടില്ല.
വിശാലമായ ഗ്രൗണ്ടിന്റെ ബാക്കി നിർമാണ പ്രവൃത്തികൾ നടത്തി കായികതാരങ്ങൾക്ക് സൗകര്യം ഒരുക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. വിശാലമായ ഗ്രൗണ്ട് കായികതാരങ്ങൾക്ക് ഉപകാരപ്രദമായി പുനർനിർമിക്കാൻ കഴിഞ്ഞാൽ നാടിന്റെ അഭിമാനമായി നിരവധി കായികതാരങ്ങൾ ഉയർന്നു വരും. ബന്ധപ്പെട്ടവർ അതിനു ശ്രമിക്കണം.ബി.
ഭരത് രാജ് (പ്രദേശവാസിയും ബെംഗളൂരു സായ് പരിശീലന കേന്ദ്രത്തിൽ ഹൈജംപിൽ പരിശീലനം നേടുകയും ചെയ്യുന്ന കായികതാരം) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

