പത്തനംതിട്ട ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്ത്രീകളുടെ ആരോഗ്യവും ശുചിത്വവും മുൻനിർത്തി ആവിഷ്കരിച്ച മെൻസ്ട്രൽ കപ്പ് വിതരണ പദ്ധതി വലിയ പ്രതിസന്ധിയിൽ.
വൻ തുക ചെലവഴിച്ച് നൂറുശതമാനം സബ്സിഡി നിരക്കിൽ വിതരണം ചെയ്യാൻ വാങ്ങിയ കപ്പുകൾ, വേണ്ടത്ര ബോധവൽക്കരണം നടക്കാത്തതിനെത്തുടർന്ന് വിതരണം ചെയ്യാനാവാതെ കാലാവധി കഴിഞ്ഞ് നശിക്കുന്ന അവസ്ഥയിലാണ്. ഗ്രാമസഭകളും കുടുംബശ്രീയും തദ്ദേശ സ്ഥാപനങ്ങളും അംഗീകരിച്ച ലിസ്റ്റ് പ്രകാരം ആരോഗ്യ ഉപകേന്ദ്രങ്ങളിലേക്ക് മാറ്റിയ സാധനങ്ങളാണ് നിലവിൽ കെട്ടിക്കിടക്കുന്നത്.
പദ്ധതി നടത്തിപ്പിലെ ഗുരുതരമായ വീഴ്ചകൾ വെളിപ്പെടുത്തുന്ന കണക്കുകൾ ഇങ്ങനെയാണ്:
നാരങ്ങാനം പഞ്ചായത്തിൽ വികസന ഫണ്ടിൽ നിന്നും 3.44 ലക്ഷം രൂപ ചെലവഴിച്ച് വാങ്ങിയ 1150 മെൻസ്ട്രൽ കപ്പുകളിൽ 205 എണ്ണം മാത്രമാണ് വിതരണം ചെയ്യാൻ കഴിഞ്ഞത്. ശേഷിക്കുന്ന 945 കപ്പുകൾ കടമ്മനിട്ട
കുടുംബാരോഗ്യ കേന്ദ്രത്തോടു ചേർന്നുള്ള മെയിൻ ഹെൽത്ത് സെന്ററിലും വിവിധ സബ്സെന്ററുകളിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.
പന്തളം തെക്കേക്കര പഞ്ചായത്തിൽ ഒരു ലക്ഷം രൂപ ചെലവിട്ട് വാങ്ങിയ 333 കപ്പുകൾ ഒരെണ്ണം പോലും വിതരണം ചെയ്യാതെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ സൂക്ഷിച്ചിരിക്കുന്നു. ഗുണഭോക്താക്കളെ മുൻകൂട്ടി നിശ്ചയിക്കാതെ കപ്പുകൾ വാങ്ങിയതാണ് ഇവിടെ തിരിച്ചടിയായത്.
കൂടാതെ, കോന്നിയിൽ 52 എണ്ണവും, കുറ്റൂർ പഞ്ചായത്തിൽ 4.26 ലക്ഷം രൂപയ്ക്ക് വാങ്ങിയവയിൽ 571 എണ്ണവും വിതരണം ചെയ്യപ്പെടാതെ കിടക്കുകയാണ്. കടപ്ര പഞ്ചായത്തിൽ 2.95 ലക്ഷം രൂപയ്ക്ക് 985 കപ്പുകൾ വാങ്ങിയെങ്കിലും ഗുണഭോക്തൃ പട്ടികയിൽ 80 പേർ മാത്രമാണ് ഉണ്ടായിരുന്നത്.
ഇതിൽ 23 എണ്ണം മാത്രമാണ് വിതരണം ചെയ്തതെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സാനിറ്ററി പാഡുകളെ അപേക്ഷിച്ച് പരിസ്ഥിതി സൗഹൃദവും സാമ്പത്തിക ലാഭമുള്ളതുമാണ് മെൻസ്ട്രൽ കപ്പുകൾ.
ദീർഘകാലം ഉപയോഗിക്കാവുന്നതും കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കാവുന്നതുമായ ഇവയുടെ ഗുണങ്ങൾ സ്ത്രീകളിലേക്ക് എത്തിക്കുന്നതിൽ ഭരണകൂട സംവിധാനങ്ങൾക്ക് വീഴ്ച പറ്റിയിട്ടുണ്ട്.
ആശാ പ്രവർത്തകരെയും കുടുംബശ്രീ യൂണിറ്റുകളെയും ഏകോപിപ്പിച്ച് ശക്തമായ ബോധവൽക്കരണ പരിപാടികൾ ആസൂത്രണം ചെയ്താൽ മാത്രമേ ഈ പദ്ധതി ഇനിയെങ്കിലും ഫലപ്രദമാകൂ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

