ശബരിമല ∙ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സന്നിധാനത്തെ തിരക്ക് പൊലീസ് നിയന്ത്രണവിധേയമാക്കി. എരുമേലി, നിലയ്ക്കൽ എന്നിവിടങ്ങളിൽനിന്നു നിയന്ത്രിച്ചാണ് തീർഥാടകരെ പമ്പയിലേക്കു കടത്തിവിടുന്നത്.
രാവിലെ പമ്പാ മണപ്പുറത്ത് തീർഥാടകരുടെ വലിയനിര ഉണ്ടായിരുന്നു. എന്നാൽ 11 മണിക്കു ശേഷം തിരക്കുകുറഞ്ഞു.
സന്നിധാനത്ത് പുലർച്ചെ 3 നട തുറന്നപ്പോൾ പടി കയറാനുള്ള നിര മുതൽ മരക്കൂട്ടം വരെ ഉണ്ടായിരുന്നു.
വൈകിട്ടുവരെ ഇത് തുടർന്നു. എഡിജിപി എസ്.ശ്രീജിത്ത് മേൽനോട്ടത്തിനു നേരിട്ടിറങ്ങി.
എന്നാൽ പല പ്രശ്നങ്ങൾക്കും ഇപ്പോഴും പരിഹാരമായിട്ടില്ല. നിലവിലെ സ്ഥിതി ഇങ്ങനെ:
പതിനെട്ടാംപടി
പൊലീസ് അൽപം കൂടി ഉഷാറായതിനാൽ പടി കയറ്റുന്നതിൽ വേഗം കൂടി.
കഴിഞ്ഞവർഷം മിനിറ്റിൽ 80– 85 പേരെ വരെ പടികയറ്റിയിരുന്നു. ചൊവ്വാഴ്ച ഇത് 50ൽ താഴെയായിരുന്നു.
ഇന്നലെ മിനിറ്റിൽ 65 പേർ വരെ പടികയറി. പതിനെട്ടാംപടിയിൽ ഡ്യൂട്ടിക്കു നിൽക്കുന്ന പൊലീസുകാർ വേഗം ക്ഷീണിക്കുന്നു.
വിശ്രമം കഴിഞ്ഞ് ഇറങ്ങി 5 മിനിറ്റ് പരമാവധി പേരെ കയറ്റിവിടാൻ ശ്രമിക്കുന്നുണ്ട്.
ശുദ്ധജല വിതരണം
പതിനെട്ടാംപടി കയറാൻ കാത്തുനിൽക്കുന്നവർക്കുള്ള ശുദ്ധജല വിതരണം ഇപ്പോഴും പൂർണതോതിൽ കാര്യക്ഷമമായിട്ടില്ല. വലിയ നടപ്പന്തലിൽ ചുക്കുവെള്ള വിതരണമുണ്ട്.
ബാരിക്കേഡിനുള്ളിൽ തിങ്ങിനിറഞ്ഞുനിൽക്കുന്നവർക്കു കുപ്പിയിൽ വെള്ളം കൊടുക്കുന്നു. മരക്കൂട്ടം വരെയുള്ള ക്യുവിൽ എല്ലായിടത്തും ചുക്കുവെള്ള വിതരണത്തിനു ജീവനക്കാരില്ല.
200 താൽക്കാലിക ജീവനക്കാരെ ഉടൻ നിയമിക്കുമെന്നു പറഞ്ഞെങ്കിലും അവർ എത്തിയിട്ടില്ല.
ഭക്ഷണം – പ്രശ്നം
പടി കയറാൻ മണിക്കൂറുകൾ കാത്തുനിൽക്കുന്നവർക്കു ലഘുഭക്ഷണം നൽകാൻ സംവിധാനമായില്ല. വലിയ നടപ്പന്തലിൽ ചില സമയത്ത് ബിസ്കറ്റ് വിതരണമുണ്ടെങ്കിലും എല്ലാവർക്കും ലഭിക്കുന്നില്ല.
കൃത്യസമയത്തു ഭക്ഷണം കിട്ടാത്തതുമൂലം ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിയത് പ്രമേഹരോഗികളാണ്.
ശുചീകരണം
ശബരിമല സാനിറ്റേഷൻ സൊസൈറ്റിക്കാണ് ശുചീകരണത്തിന്റെ ചുമതല. സന്നിധാനത്ത് ശുചീകരണം നടക്കുന്നുണ്ടെങ്കിലും പമ്പയിൽ പോരാ.
ശുചിമുറികൾ വൃത്തിഹീനം. ശുചീകരണത്തിന് 200 പേരെ കൂടി എത്തിക്കാൻ ദേവസ്വം ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും എത്തിയിട്ടില്ല.
പമ്പാനദിയിൽ തീർഥാടകർ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നതു തടയാൻ കഴിയുന്നില്ല. ഇതിനുള്ള ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
പമ്പയുടെ കരയിൽ വസ്ത്രങ്ങൾ കൂടി കിടക്കുന്നു.
ജീവനക്കാരുടെ ഭക്ഷണപ്രശ്നം
തീർഥാടനത്തിനു നടതുറന്ന ശേഷം ദേവസ്വം മെസ് പുതിയ സ്ഥലത്തേക്ക് മാറ്റിയതും പുതിയ കരാറുകാരനെ ഏൽപ്പിച്ചതും വലിയ പ്രശ്നങ്ങൾക്കു കാരണമായി. ഭക്ഷണം ഉണ്ടാക്കി വിതരണം ചെയ്യുന്നതിനാണ് കരാർ നൽകിയത്.
എന്നാൽ വിതരണത്തിന് ആൾ ഇല്ലാത്തതിനാൽ സമയത്ത് ആർക്കും ഭക്ഷണം ലഭിക്കുന്നില്ല. ദേവസ്വത്തിന്റെ 30 താൽക്കാലിക ജീവനക്കാരെ ഭക്ഷണ വിതരണത്തിന് വിട്ടുനൽകണമെന്നാണു കരാറുകാരന്റെ ആവശ്യം.
പ്രതിദിനം 750 രൂപ വീതം മകരവിളക്കു കഴിയും വരെ 10 ലക്ഷം രൂപ ശമ്പളം ഇനത്തിൽ ഇതിനു ചെലവ് വരും, ഓഡിറ്റ് തടസ്സം ഉള്ളതിനാൽ ദേവസ്വം ബോർഡിന് ചെലവ് വഹിക്കാൻ പറ്റില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഇതിനു പരിഹാരമായില്ല.
എൻഡിആർഎഫ്
പതിനെട്ടാംപടി കയറ്റാനും ദർശനത്തിനും ക്യു നിന്നു തളർന്നു വീണവരെ ആശുപത്രിയിൽ എത്തിക്കാനും എൻഡിആർഎഫ് സംഘം ഓടിയെത്തി.
തിരുമുറ്റത്താണ് ഇവരുടെ സേവനം ഇപ്പോൾ ലഭിക്കുന്നത്. അതേസമയം കേന്ദ്ര ദ്രുതകർമസേന (ആർഎഎഫ്) ഇന്നലെയും എത്തിയില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

