പത്തനംതിട്ട ∙ കുളമ്പുരോഗ, ചർമമുഴരോഗ നിയന്ത്രണ പ്രതിരോധ കുത്തിവയ്പ് ക്യാംപെയ്നിന്റെ ജില്ലാതല ഉദ്ഘാടനം കലക്ടർ എസ്.പ്രേം കൃഷ്ണൻ കുമ്പഴ മാടപ്പള്ളി ഫാമിൽ നിർവഹിച്ചു.
ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കേന്ദ്ര-സംസ്ഥാന സർക്കാർ സംയോജിതമായാണ് ക്യാംപെയ്ൻ സംഘടിപ്പിക്കുന്നത്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മൃഗാശുപത്രിയുടെ നേതൃത്വത്തിൽ വാക്സിനേഷൻ സ്ക്വാഡ് ക്ഷീരകർഷകരുടെ വീട്ടിലെത്തി പശു, എരുമ, കിടാവ് എന്നിവയ്ക്ക് സൗജന്യ കുത്തിവയ്പ് നൽകും.
4 മാസത്തിന് താഴെ പ്രായമായ കിടാവ്, 7 മാസത്തിനു മുകളിൽ ഗർഭമുള്ള ഉരുക്കൾ എന്നിവയെ കുളമ്പുരോഗ കുത്തിവയ്പിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
4 മാസത്തിന് മുകളിൽ പ്രായമായ കിടാരികൾക്കും ഗർഭാവസ്ഥയിലുള്ള പശുക്കൾക്കും ചർമമുഴ രോഗപ്രതിരോധ കുത്തിവയ്പ് എടുക്കാം. എരുമകൾക്ക് ചർമമുഴ രോഗപ്രതിരോധ കുത്തിവയ്പ് ആവശ്യമില്ല.
ജില്ലയിലെ 64,417 കാലികൾക്ക് പ്രതിരോധ കുത്തിവയ്പ് നൽകുന്നതിനായി 103 സ്ക്വാഡുകൾ സജ്ജമാണ്.
ജില്ലാ മൃഗസംരക്ഷണ ഓഫിസർ ഡോ.എസ്.സന്തോഷ് അധ്യക്ഷനായി. ജില്ലാ കോഓർഡിനേറ്റർ ഡോ.ഡെന്നിസ് തോമസ്, ജില്ലാ മൃഗസംരക്ഷണവകുപ്പ് പബ്ലിക് റിലേഷൻ ഓഫിസർ ഡോ.എബി കെ.ഏബ്രഹാം, വകുപ്പ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

