കോഴഞ്ചേരി∙ പൈപ്പ് സ്ഥാപിക്കാൻ റോഡ് വെട്ടിപ്പൊളിച്ചു. പക്ഷേ മാസങ്ങളായിട്ടും അറ്റകുറ്റപ്പണി ചെയ്യാത്തതിനാൽ യാത്രക്കാർ ദുരിതത്തിൽ. പുളിയിലേത്തു മുക്ക്, പുല്ലേലിൽകടവ് റോഡിലെ യാത്രക്കാരാണു മാസങ്ങളായി ദുരിതം അനുഭവിക്കുന്നത്. ബിഎസ്എൻഎൽ ഓഫിസ്, മാർത്തോമ്മാ ഗേൾസ് സ്കൂൾ തുടങ്ങി പല സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന ഈ റോഡ് ജൽജീവൻ മിഷൻ പദ്ധതി നടപ്പിലാക്കാൻ വേണ്ടി പൈപ്പ് സ്ഥാപിക്കാനായാണു വെട്ടിപ്പൊളിച്ചത്.
ബന്ധപ്പെട്ട ഏജൻസി ഉടൻ തന്നെ റോഡിലെ തകർന്ന ഭാഗങ്ങൾ ടാർ ചെയ്തു നൽകുമെന്നായിരുന്നു കരാർ എങ്കിലും ചെയ്ത ജോലികൾക്കുള്ള പണം ലഭിക്കാതായതോടെ അവർ നിർമാണം ഉപേക്ഷിച്ചു പോയതാണ് റോഡ് ഇങ്ങനെ കിടക്കാൻ ഇടയാക്കിയതെന്നാണ് ആരോപണം. ചില ഭാഗങ്ങളിൽ റോഡിന്റെ ഒരു വശത്തു നിന്നു മറുവശത്തേക്കു കുറുകെ വെട്ടിപ്പൊളിച്ചതു വലിയ കുഴിയായി മാറിയിരിക്കുന്നു.
പൈപ്പ് സ്ഥാപിച്ച ശേഷം ഇവിടെ മണ്ണിട്ടു മൂടിയെങ്കിലും പല ഭാഗത്തും മണ്ണു താഴേക്ക് ഇരുത്തിയതോടെ അവിടെയെല്ലാം കുഴി രൂപപ്പെട്ട
സ്ഥിതിയാണ് ഉളളത്. കുറെ ഭാഗത്തു ക്രമത്തിലധികം മണ്ണും കല്ലും ഇട്ടു കുഴി നികത്തിയതു റോഡിനേക്കാൾ ഉയരത്തിൽ നിൽക്കുന്നത് അപകടം ഉണ്ടാക്കുന്നുണ്ട്. റോഡിൽ ഓട ഇല്ലാത്തതിനാൽ മഴവെള്ളം കുത്തിയൊലിച്ചു പല ഭാഗത്തും ടാറിങ് പൂർണമായും ഇല്ലാതായെങ്കിലും അധികാരികൾ ഇതൊന്നും കാണാത്തതിലാണ് ജനങ്ങൾക്ക് അമർഷം.
റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു പലതവണ പരാതി നൽകിയെങ്കിലും പരിഹാരമുണ്ടായിട്ടില്ല.
അപകടങ്ങൾ ഉണ്ടാകുന്ന റോഡിന്റെ അറ്റകുറ്റപ്പണി നടത്തി റോഡ് ഗതാഗത യോഗ്യമാക്കിയില്ലെങ്കിൽ തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ വോട്ട് ബഹിഷ്കരണം അടക്കമുള്ള നടപടി സ്വീകരിക്കും.
ബിനു പരപ്പുഴ, പ്രദേശവാസിയായ വ്യാപാരി വ്യവസായി പ്രതിനിധി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

