പത്തനംതിട്ട ∙ ഭക്തലക്ഷങ്ങൾ ദർശനപുണ്യം തേടി എത്തുന്ന ശബരിമല തീർഥാടനത്തിനു നട
തുറക്കാൻ 5 ദിവസം മാത്രം ബാക്കിനിൽക്കെ, റോഡുകളിൽ ഒന്നിലും തീർഥാടന ഒരുക്കങ്ങൾ കാണാനില്ല. മുൻവർഷങ്ങളിൽ കുഴിയടയ്ക്കൽ നടത്തുമായിരുന്നെങ്കിൽ ഇത്തവണ അതില്ല. റോഡിന്റെ വശങ്ങളിലെ കാട് തെളിക്കൽ ഒന്നുമായിട്ടില്ല.
ഇങ്ങനെ പോയാൽ തീർഥാടനം തുടങ്ങിയാലും വലിയ മാറ്റം ഉണ്ടാകില്ല. ഹൈക്കോടതി അംഗീകരിച്ച 17 ശബരിമല റോഡുകൾ ഉള്ളതിൽ ഇത്തവണ ഏറ്റവും വലിയ പ്രശ്നം പത്തനംതിട്ട– മൈലപ്ര പാതയിലാകും. ഭരണിക്കാവ്– മുണ്ടക്കയം ദേശീയപാത ‘183എ’ യുടെ ഭാഗമാണിത്.
ടികെ റോഡ്: ഇനിയും തീരാതെ അറ്റകുറ്റപ്പണി
അപകടസാധ്യത കൂടിയ സ്ഥലങ്ങളിൽ ഇടിതാങ്ങി ഇല്ല.
വീതി കുറവായതിനാൽ ഗതാഗത കുരുക്കിനും സാധ്യത ഏറെയാണ്. ശബരിമല പദ്ധതിയിൽപെട്ട
തിരുവല്ല– കുമ്പഴ പാതയിൽ മാത്രമാണു പുനരുദ്ധാരണ ജോലികൾ നടക്കുന്നത്. 3 ഘട്ടമായിട്ടാണ് ടികെ റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്. അതിൽ പത്തനംതിട്ട
സെന്റ് പീറ്റേഴ്സ് ജംക്ഷൻ – കോഴഞ്ചേരി 10.50 കോടി രൂപ, കോഴഞ്ചേരി –വള്ളംകുളം 7.2 കോടി രൂപ, വള്ളംകുളം– തിരുവല്ല 4.3 കോടി രൂപയുമാണ് ചെലവ്. സെന്റ് പീറ്റേഴ്സ് ജംക്ഷൻ– കോഴഞ്ചേരി റീച്ചിൽ മൊത്തം 230 മീറ്റർ നീളത്തിലാണ് സംരക്ഷണ ഭിത്തി, 7 കലുങ്കുകൾ, 600 മീറ്റർ ഓട, 2070 മീറ്റർ ഐറിഷ് ഓട, 300 മീറ്റർ നീളത്തിൽ പൂട്ടുകട്ട പാകൽ എന്നിവയും റോഡ് സുരക്ഷാ പ്രവർത്തനവുമാണ് ലക്ഷ്യമിട്ടിരുന്നത്.
കലുങ്ക് നിർമാണം അവസാന ഘട്ടത്തിലായി. എന്നാൽ ടാറിങ് ഇനിയും തുടങ്ങിയിട്ടില്ല.
ചാലക്കയം റോഡ്: കുഴിയില്ലെങ്കിലും കാട്
പ്രധാന പാതയായ മണ്ണാറക്കുളഞ്ഞി– ചാലക്കയം, എരുമേലി–കണമല–ഇലവുങ്കൽ എന്നീ റോഡുകളിൽ കുഴി ഇല്ല.
എന്നാൽ രണ്ട് റോഡിന്റെയും വശങ്ങളിലെ കാട് തെളിക്കൽ തീർന്നിട്ടില്ല.പ്രത്യേകിച്ചു വനമേഖലയിൽ. കൊടും വളവ് ഉള്ള ഭാഗത്ത് എതിരെ വരുന്ന വണ്ടികൾ കാണാൻ കഴിയാത്ത വിധത്തിൽ കാട് വളർന്നിട്ടുണ്ട്.
ദിശാ ബോർഡുകൾ മിക്കതും നഷ്ടപ്പെട്ടു. ദിശാബോർഡ് ഉള്ളതിലെ അക്ഷരങ്ങൾ മാഞ്ഞു.
ഒന്നും വായിക്കാൻ കഴിയുന്നില്ല. ശബരിമല പ്രധാന പാതയിൽ റോഡിന്റെ വശങ്ങൾ തിരിച്ചറിയാൻ കലുങ്ക്, സംരക്ഷണ ഭിത്തികൾ എന്നിവിടങ്ങളിൽ കറുപ്പും വെളുപ്പും നിറം അടിക്കാറുണ്ട്.
ഇത്തവണ അതും നടന്നിട്ടില്ല.മണ്ണാറക്കുളഞ്ഞി– ചാലക്കയം ശബരിമല പാതയിൽ അപകടം ഒഴിവാക്കാൻ ജില്ലാ ഭരണകൂടം, മോട്ടർവാഹന വകുപ്പ്, പൊലീസ് എന്നിവർ സംയുക്ത പരിശോധന നടത്തി നിർദേശിച്ച സ്ഥലങ്ങളിൽ കഴിഞ്ഞ വർഷം ചിലസ്ഥലങ്ങളിൽ ബ്ലിങ്കർ ലൈറ്റ് സ്ഥാപിച്ചു. റോഡ് സുരക്ഷാ ഫണ്ട് ഇതിനായി നൽകുമെന്നായിരുന്നു അറിയിച്ചിരുന്നത്.
ഒരുവർഷം കഴിഞ്ഞിട്ടും കരാറുകാരനു പണം നൽകാത്തതിനാൽ ഇവയുടെ അറ്റകുറ്റപ്പണിയും നടത്തിയിട്ടില്ല.
മുണ്ടക്കയം റോഡ്: കൈവരിയില്ലാതെ കോസ്വേ
ശബരിമല പാതയിൽ എയ്ഞ്ചൽവാലി, മൂക്കൻപെട്ടി കോസ്വേകളുടെ കൈവരികൾ തകർന്ന് അപകട ഭീഷണിയിലാണ്.
ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകർ ഇലവുങ്കൽ, നാറാണംതോട്, തുലാപ്പള്ളി, എയ്ഞ്ചൽവാലി, ആറാട്ടുകയം, മൂക്കൻപെട്ടി വഴി മുണ്ടക്കയത്തേക്കു ധാരാളം വാഹനങ്ങളാണു കടന്നു പോകുന്നത്. കൈവരി ഇല്ലാത്ത കോസ്വേ അപകടം വരുത്തുമെന്ന ആശങ്കയുണ്ട്.
എരുമേലി– ഇലവുങ്കൽ പാതയിൽ കണമല ഭാഗത്താണ് ഏറ്റവും കൂടുതൽ അപകടം ഉണ്ടാകുന്നത്. കുത്തനെയുള്ള ഇറക്കവും വളവുമാണ് അപകടത്തിനു കാരണം.
അപകടം കുറയ്ക്കാനുള്ള പദ്ധതി ഒന്നും ഇത്തവണയും ഇല്ല.
മൈലപ്ര റോഡ്:നഗരത്തിലേക്കുള്ള വഴി; എന്നിട്ടും നിറയെ കുഴി
പത്തനംതിട്ട നഗരത്തിൽ അബാൻ മേൽപാലം നിർമാണവുമായി ബന്ധപ്പെട്ട് ഗതാഗത നിയന്ത്രണം ഉള്ളതിനാൽ പുനലൂർ, പത്തനാപുരം , കോന്നി, തണ്ണിത്തോട്, തേക്കുതോട്, മലയാലപ്പുഴ, റാന്നി, എരുമേലി, വടശേരിക്കര,ചിറ്റാർ, സീതത്തോട്, മേഖലയിൽ നിന്നുള്ള എല്ലാ ബസുകളും പത്തനംതിട്ടയിലേക്ക് വരുന്നതും തിരിച്ചു പോകുന്നതും പത്തനംതിട്ട– മൈലപ്ര റോഡിലൂടെയാണ്.
ഇത് പലഭാഗത്തും പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നു. കാര്യമായ കുഴിയടയ്ക്കൽ നടന്നിട്ടില്ല.
വശങ്ങളിലെ കാട് തെളിച്ചിട്ടില്ല. ഞുണ്ണുങ്കൽപടിക്കും ശബരിമല ഇടത്താവളത്തിനും മധ്യേ റോഡിന്റെ വശം കാട് മൂടി കിടക്കുകയാണ്.
തെളിച്ചിട്ടില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

