പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ വെള്ളപ്പൊക്കം അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക്.
**നിരണം പഞ്ചായത്ത് 14-ാം വാർഡായ തോട്ടടി വട്ടടി** പ്രദേശത്ത് നൂറുകണക്കിന് കുടുംബങ്ങളാണ് ദുരിതത്തിലായിരിക്കുന്നത്. ഇവിടെയുള്ള **താനാരി പടിഞ്ഞാറേ വീടിന്റെ** പകുതിയോളം ഭാഗവും വെള്ളത്തിലാണ്.
അടുക്കളയുടെ ഭിത്തി തകരുകയും പ്രളയജലം അകത്തേക്ക് കയറിക്കൊണ്ടിരിക്കുകയുമാണ്. **തോമസ് യോഹന്നാൻ (64)**, ഭാര്യ **ലിസി തോമസ് (54)** എന്നിവരാണ് ഈ വീട്ടിൽ താമസിക്കുന്നത്.
അരീത്തോട്ടിൽ നിന്നുള്ള വെള്ളമാണ് വീടുകൾക്കുള്ളിലേക്ക് ഇരച്ചുകയറിയിരിക്കുന്നത്. ഈ പ്രദേശത്തെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള 44 വീടുകളും സമാനമായ രീതിയിൽ പകുതിയോളം വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്.
ഒരൊറ്റ വീട മാത്രമാണ് ഇവിടെ വെള്ളം കയറാതെ നിൽക്കുന്നത്.
പ്രദേശവാസികൾ ഭക്ഷണം പാകം ചെയ്യുന്നതും പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതും ഈ വീടിനെ ആശ്രയിച്ചാണ്. മുട്ടോളം വെള്ളത്തിലൂടെ നടന്നു വേണം ഇവിടെയെത്താൻ.
കിടപ്പുരോഗികൾക്ക് വാർഡംഗം അജോയുടെ നേതൃത്വത്തിലാണ് വള്ളത്തിൽ ഭക്ഷണമെത്തിക്കുന്നത്. ഇന്നലെ അരയടി വെള്ളം ഇറങ്ങിയെങ്കിലും മഴ പൂർണ്ണമായി ഒഴിഞ്ഞിട്ടില്ല.
കാലാവസ്ഥാ നിരീക്ഷകരുടെ കണക്കുപ്രകാരം ഓഗസ്റ്റ് മാസം ജില്ലയ്ക്കു ലഭിക്കേണ്ട മഴയുടെ 88 ശതമാനവും ഇതിനോടകം പെയ്തുകഴിഞ്ഞു.
ഇന്നലെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും മിക്ക സ്ഥലങ്ങളിലും മഴ മാറിനിന്നത് ആശ്വാസമായിട്ടുണ്ട്. റാന്നിയിൽ വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്.
തിരുവല്ല മേഖലയിൽ ജലനിരപ്പ് അൽപ്പം താഴ്ന്നെങ്കിലും വെള്ളക്കെട്ട് പൂർണ്ണമായി ഒഴിഞ്ഞിട്ടില്ല. ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
തുടർച്ചയായ മഴയെ തുടർന്ന് മലയോര മേഖലകളിൽ ജില്ലാ ഭരണകൂടം അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. റാന്നി, കോന്നി തുടങ്ങിയ താലൂക്കുകളിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്.
മലയോര പ്രദേശങ്ങളിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണം. വീടുകളുടെ സമീപത്ത് വിള്ളലുകൾ കാണപ്പെടുകയോ കലങ്ങിയ വെള്ളം ഒഴുകുകയോ ചെയ്താൽ ഉടൻ തന്നെ വില്ലേജ് ഓഫിസർ, തഹസിൽദാർ കാര്യാലയം അല്ലെങ്കിൽ ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്റർ എന്നിവരെ വിവരം അറിയിക്കണം.
പുഴകളിലും തോടുകളിലും ഇറങ്ങരുതെന്നും നിർദ്ദേശമുണ്ട്. ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകൾ: **1077, 04682322515**.
ദുരന്തസാധ്യത ഒഴിവാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ ക്വാറികളുടെയും ക്രഷർ യൂണിറ്റുകളുടെയും പ്രവർത്തനം **ഈ മാസം 10 വരെ** നിരോധിച്ചതായി കലക്ടർ **എ.നിസാമുദ്ദീൻ** ഉത്തരവിട്ടു. മലയോരങ്ങളിൽ നിന്ന് മണ്ണ് വെട്ടിമാറ്റുന്നതും നിർമ്മാണങ്ങളുടെ ഭാഗമായി ആഴത്തിൽ കുഴിയെടുക്കുന്നതും കർശനമായി നിരോധിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

