ഇടമുറി ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിനു സമീപം വ്യക്തിയുടെ റബർ തോട്ടത്തിൽ പുലിയെ കണ്ടെന്ന് ടാപ്പിങ് തൊഴിലാളി.
ഇതേ തുടർന്ന് വനപാലകർ തോട്ടത്തിലും പരിസരത്തും പരിശോധന നടത്തി. ഇന്നലെ രാവിലെ ടാപ്പിങ്ങിനെത്തിയ സുനിലാണ് വന്യജീവിയെ കണ്ടെന്നു വനപാലകരെ അറിയിച്ചത്. റാന്നി വനം റേഞ്ച് ഓഫിസർ ബി.ആർ.ജയന്റെ നേതൃത്വത്തിൽ വനപാലകർ ഉടനെ തന്നെ സ്ഥലത്തെത്തുകയായിരുന്നു.
തൊഴിലാളിയെ കൂട്ടി അവർ ജീവിയെ കണ്ടെന്നു പറഞ്ഞ സ്ഥലത്തും സമീപ പ്രദേശങ്ങളിലും പരിശോധന നടത്തി. കാൽപ്പാടുകളോ മറ്റ് അവശിഷ്ടങ്ങളോ കണ്ടെത്താനായില്ലെന്ന് റേഞ്ച് ഓഫിസർ അറിയിച്ചു.വളർത്തു മൃഗങ്ങളെ പിടിച്ചതായും അറിവില്ല.
ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ വനപാലകരെ അറിയിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.
വനപാലകർ ഇവിടെ പട്രോളിങ് ആരംഭിച്ചു. ഹയർ സെക്കൻഡറി സ്കൂൾ, പ്രീപ്രൈമറി സ്കൂൾ എന്നിവിടങ്ങളിലെത്തി വനപാലകർ മുന്നറിയിപ്പുകൾ നൽകി. സ്ഥലത്ത് ആവശ്യമെങ്കിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാനാണ് തീരുമാനം.
റബർ ബോർഡിന്റെ ചേത്തയ്ക്കൽ പരീക്ഷണത്തോട്ടത്തോടു ചേർന്നുള്ള സ്ഥലമാണിത്. തോട്ടത്തിന്റെ മിക്ക ഭാഗങ്ങളിലും കാട് മൂടിയിരിക്കുകയാണ്.
വന്യജീവികൾക്ക് ഇരയാക്കാവുന്ന മ്ലാവ്, പന്നി എന്നിവ വൻതോതിൽ തോട്ടത്തിലുണ്ട്. കരികുളം ഡപ്യൂട്ടി റേഞ്ച് ഓഫിസർ റോബിൻ മാർട്ടിൻ, എസ്എഫ്ഒ എം.ഷിനിൽ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാർ എന്നിവരും പരിശോധനയിൽ പങ്കാളികളായി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

