രാഹുൽ സങ്കൃത്യൻ സംവിധാനം നിർവഹിക്കുന്ന പുതിയ തെലുങ്ക് ചിത്രമായ ‘രണബാലി’ ഒക്ടോബർ 16-ന് പ്രേക്ഷകർക്ക് മുന്നിലെത്തും. നേരത്തെ സെപ്റ്റംബർ 11-ന് നിശ്ചയിച്ചിരുന്ന റിലീസ് തീയതിയാണ് അണിയറപ്രവർത്തകർ മാറ്റിയത്.
ചിത്രത്തിന്റെ ട്രെയ്ലർ ഒക്ടോബർ 8-ന് പുറത്തിറങ്ങുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. ഈ പീരിയഡ് ആക്ഷൻ ഡ്രാമയിൽ വിജയ് ദേവരകൊണ്ട നായകനാകുമ്പോൾ രശ്മിക മന്ദാനയാണ് നായികയായി എത്തുന്നത്.
മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യെർനേനി, വൈ. രവിശങ്കർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം, വൻ ബജറ്റിലാണ് ഒരുങ്ങുന്നത്.
ഗുൽഷൻ കുമാർ, ഭുഷൻ കുമാർ, ടി സീരീസ് എന്നിവർ ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. പത്തൊൻപതാം നൂറ്റാണ്ടിലെ ചരിത്ര സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം, ബ്രിട്ടീഷ് ഭരണകാലത്ത് നടന്നതും ചരിത്രത്തിൽ ഇടംപിടിക്കാത്തതുമായ വംശഹത്യകളെയും സാമ്പത്തിക ചൂഷണങ്ങളെയും കുറിച്ചുള്ള ദൃശ്യാവിഷ്കാരമാണ്.
ചിത്രത്തിലെ ‘എൻതയ്യ സാമി’ എന്ന ഗാനം ഇതിനകം തന്നെ ശ്രദ്ധേയമായിട്ടുണ്ട്. അജയ്-അതുൽ സംഗീത സംവിധാനം നിർവഹിച്ച ഗാനം തെലുങ്കിൽ ആലപിച്ചിരിക്കുന്നത് ശ്വേത മോഹനും അജയ് ഗൊഗവാലേയുമാണ്.
ഈ ഗാനം ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ വലിയ സ്വീകാര്യതയാണ് നേടിയത്. ഗാനത്തിന് തെലുങ്കിൽ മാത്രം 27 മില്യൺ കാഴ്ചക്കാരെ ലഭിച്ചപ്പോൾ, വിവിധ ഭാഷകളിലായി ആകെ 35 മില്യൺ കാഴ്ചക്കാരെയും സ്വന്തമാക്കാൻ സാധിച്ചു.
ചിത്രത്തിൽ വിജയ് ദേവരകൊണ്ട ‘രണബാലി’ എന്ന പോരാളിയായും രശ്മിക മന്ദാന ‘ജയമ്മ’ എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. ‘ദി മമ്മി’യിലൂടെ പ്രശസ്തനായ ഹോളിവുഡ് താരം അർനോൾഡ് വോസ്ലൂ സർ തിയോഡോർ ഹെക്ടർ എന്ന വില്ലൻ കഥാപാത്രത്തെ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്.
ഇതൊരു ബയോപിക് അല്ലെന്നും, മറിച്ച് മറച്ചുവെക്കപ്പെട്ട ചരിത്രരേഖകളുടെയും വാമൊഴികളുടെയും സിനിമാറ്റിക് പുനരാവിഷ്കാരമാണെന്നും അണിയറപ്രവർത്തകർ വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

