അഗളി∙ കൂറുമാറി എൽഡിഎഫ് പിന്തുണയിൽ നേടിയ അഗളി പഞ്ചായത്തധ്യക്ഷ സ്ഥാനം കോൺഗ്രസ് അംഗം എൻ.കെ.മഞ്ജു ബിനു രാജിവച്ചു. അട്ടപ്പാടിയിലെ 3 പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തിലും തുടർഭരണം നഷ്ടപ്പെട്ട
എൽഡിഎഫിന് വളഞ്ഞ വഴിയിലൂടെ ഭരണം പിടിക്കാനുള്ള ശ്രമം പരാജയപ്പെട്ടത് വലിയ തിരിച്ചടിയായി. ഇന്നലെ രാവിലെ പത്തരയോടെ പഞ്ചായത്ത് ഓഫിസിലെത്തിയ മഞ്ജു രാജിക്കത്ത് സെക്രട്ടറിക്കു നൽകുകയായിരുന്നു.
‘ഞാൻ ഉറച്ച കോൺഗ്രസ് പ്രവർത്തകയാണ്.
ഇന്നലെയും ഇന്നും നാളെയും അങ്ങനെ തന്നെ ആയിരിക്കും. പ്രസിഡന്റ് സ്ഥാനത്തേക്ക് എന്റെ പേര് നിർദേശിച്ചപ്പോൾ എൽഡിഎഫ് മെംബർമാർ പിന്തുണ നൽകുക മാത്രമാണ് ഉണ്ടായത്.
ഒരു കോൺഗ്രസ് പ്രവർത്തക എന്ന നിലയിൽ എൽഡിഎഫ് പിന്തുണ സ്വീകരിക്കാൻ താൽപര്യപ്പെടുന്നില്ല. അതിനാൽ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുകയാണ്’– മഞ്ജു പ്രതികരിച്ചു.
അഗളി പഞ്ചായത്തിൽ 20ാം വാർഡിൽ നിന്ന് കോൺഗ്രസ് സ്ഥാനാർഥിയായി കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച് ജയിച്ച എൻ.കെ.മഞ്ജു 27നു നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിക്കെതിരെ മത്സരിക്കുകയായിരുന്നു.
വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലും മഞ്ജുവിന്റെ പിന്തുണയോടെ എൽഡിഎഫ് വിജയിച്ചിരുന്നു.
മഞ്ജുവിനെതിരെ കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കാൻ കോൺഗ്രസ് തീരുമാനിച്ചതോടെയാണ് ഇന്നലെയുണ്ടായ മനംമാറ്റം. 21 അംഗ ഭരണസമിതിയിൽ യുഡിഎഫ്– 10, എൽഡിഎഫ്– 9, ബിജെപി– 2 എന്നിങ്ങനെയാണ് കക്ഷിനില.
പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുകളിൽ ബിജെപി അംഗങ്ങൾ വോട്ട് രേഖപ്പെടുത്തിയിരുന്നില്ല.
കുറുമാറ്റവും തിരിച്ചടിയും മുൻപും
∙ ഒരു സീറ്റിന്റെ വ്യത്യാസത്തിൽ കൈവിട്ട തുടർഭരണം പിടിയിലാക്കാൻ എതിർചേരിയിൽ നിന്നൊരംഗത്തെ കൂറുമാറ്റിയെടുത്ത തന്ത്രം പരാജയപ്പെട്ടത് സിപിഎമ്മിന് അട്ടപ്പാടിയിൽ തിരിച്ചടിയായി.
ധാർമികതയില്ലാത്ത രാഷ്ട്രീയ നടപടിയെന്ന് സമൂഹ മാധ്യമങ്ങളിൽ വിമർശനമുയർന്നു. നടപടിയെ നേതാക്കൾ ഉൾപ്പെടെ ആരും ന്യായീകരിച്ചില്ല.
5 വർഷം മുൻപ് പുതൂർ പഞ്ചായത്തിൽ സിപിഎം നേതാവായിരുന്ന എം.തങ്കവേലുവിനെതിരെ മത്സരിച്ചു വിജയിച്ച സ്വതന്ത്രനെ പിന്നീട് വൈസ് പ്രസിഡന്റ് സ്ഥാനം നൽകി കൂടെ കൂട്ടിയതും കുറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനാക്കപ്പെട്ടതും പലരും ഓർമിച്ചു.
പിന്നീട് സിപിഎംവിട്ട തങ്കവേലു ബിജെപിയിൽ ചേർന്ന് ഇത്തവണ മത്സരിച്ച് പുതൂർ പഞ്ചായത്ത് പ്രസിഡന്റായി.
10 വർഷം തുടർച്ചയായി ഭരിച്ച പുതൂർ പഞ്ചായത്തിൽ എൽഡിഎഫിന് ഒരു സീറ്റു പോലും ലഭിച്ചില്ല.
അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിലും 2010–15 കാലയളവിൽ കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിന്റെയും സിപിഐയുടെയും ഓരോ അംഗങ്ങൾ കൂറുമാറിയത് ഭരണമാറ്റത്തിന് ഇടയാക്കിയിരുന്നു. ഇരുവരും അയോഗ്യരാക്കപ്പെട്ടു.
മനംമാറ്റത്തിനു കാരണം ശക്തമായ സമ്മർദം
അഗളി∙എൽഡിഎഫ് പിന്തുണയിൽ കിട്ടിയ അധ്യക്ഷ പദം തൊട്ടടുത്ത പ്രവൃത്തി ദിവസത്തെ ആദ്യ മണിക്കൂറിൽ തന്നെ ഉപേക്ഷിക്കാൻ എൻ.കെ.മഞ്ജുവിനുമേൽ വിവിധ ഭാഗങ്ങളിൽ നിന്നു ശക്തമായ സമ്മർദ്ദമുണ്ടായതായി സൂചന.യുഡിഎഫിന്റെയും കോൺഗ്രസിന്റെയും പ്രവർത്തകരും അനുഭാവികളും മാത്രമല്ല ഇടതുപക്ഷ കേന്ദ്രങ്ങളിൽ നിന്നും മഞ്ജുവിനെതിരെ വിമർശനമുയർന്നു.
കോൺഗ്രസ് രോഷം ഭയന്ന് പുവ്വക്കുറുക്കിലുള്ള മഞ്ജുവിന്റെ വീടിനു പൊലീസ് കാവൽ ഏർപ്പെടുത്തേണ്ടി വന്നു. കോൺഗ്രസ് ചിന്നപറമ്പ് വാർഡ് പ്രസിഡന്റാണ് മഞ്ജുവിന്റെ ഭർത്താവ് ബിനു.
മഞ്ജു രാഷ്ടീയ പ്രവർത്തകയല്ലെങ്കിലും ഇടവകയുമായും ക്രൈസ്തവ സഭാ സംഘടനകളുമായും ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു.
അഗളി പഞ്ചായത്തിൽ നടന്ന വഞ്ചനയും അട്ടിമറിയും ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് സെഹിയോൻ ധ്യാനകേന്ദ്രം സ്ഥാപക ഡയറക്ടറും ക്രൈസ്തവ സമൂഹത്തിൽ നിർണായക സ്വാധീനവുമുള്ള ഫാ.സേവ്യർഖാൻ വട്ടായിൽ പ്രതികരിച്ചിരുന്നു. മഞ്ജുവിന്റെ മനംമാറ്റത്തിന് കോൺഗ്രസ് ജില്ലാ നേതൃത്വവും ശക്തമായി ഇടപെട്ടു.
മഞ്ജുവിന്റെ മനംമാറ്റം; പ്രതിഷേധം ആഹ്ലാദമായി
അഗളി∙ പഞ്ചായത്തധ്യക്ഷ സ്ഥാനം കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ടതിന്റെ അപ്രതീക്ഷിത ആഘാതത്തിനിടെ എൻ.കെ.മഞ്ജുവിന്റെ മനംമാറ്റം യുഡിഎഫിന് ആശ്വാസമായി.
പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാൻ മഞ്ജു അഗളി പഞ്ചായത്ത് ഓഫിസിലെത്തുമ്പോൾ സിപിഎമ്മിന്റെ ജനാധിപത്യവിരുദ്ധ നടപടിക്കെതിരെ പ്രതിഷേധിക്കാനുള്ള ഒരുക്കത്തിലായിരുന്നു യുഡിഎഫ് പ്രവർത്തകർ.
അഗളിയിലുള്ള കോൺഗ്രസ് ഓഫിസിന്റെ ബോർഡ് കഴിഞ്ഞ രാത്രിയിൽ നശിപ്പിച്ചതിൽ പ്രതിഷേധിച്ച് നടത്താൻ നിശ്ചയിച്ച പൊലീസ് സ്റ്റേഷൻ മാർച്ച് ഒഴിവാക്കി അഗളി ടൗണിൽ പ്രതിഷേധ പ്രകടനം നടത്താനായിരുന്നു കോൺഗ്രസ് തീരുമാനം. മഞ്ജു പദവി രാജിവച്ചതറിഞ്ഞതോടെ പ്രതിഷേധം ആഹ്ലാദത്തിനു വഴിമാറി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

