പാലക്കാട് ∙ ‘വീടിനു ചുറ്റും മരങ്ങളുണ്ടെങ്കിലും ചൂടിന് ഒരു കുറവുമില്ല. കുളിച്ചിറങ്ങിയാൽ കൂടുതൽ വിയർത്തു കുളിക്കും.
ഒരു മാസമായി പകലും രാത്രിയും വീടിനുള്ളിൽ കിടക്കാൻ പറ്റാത്ത അവസ്ഥയാണ്. ചൂടു കനത്തതു മുതൽ ഫാനിട്ടാലും ഒരു രക്ഷയുമില്ല.
പരസഹായമില്ലാതെ നടക്കാൻ കഴിയാത്ത അച്ഛൻ ഇപ്പോൾ വീടിന്റെ മുറ്റത്തു പായയിട്ടു പകലും രാത്രിയും അവിടെ കിടക്കുകയാണ്. രാത്രി വൈദ്യുതി മുടങ്ങുന്നതോടെ പുഴുങ്ങുന്ന അവസ്ഥയാണ്.’ ആനക്കല്ല് ആദിവാസി ഉന്നതിയിലെ സുകുമാരൻ ചൂടിനൊപ്പം വൈദ്യുതി കൂടി പണിമുടക്കുമ്പോഴുള്ള അവസ്ഥ പറയുന്നു.
ഇവിടെയുള്ള പല കുടുംബങ്ങൾക്കും ഇതേ അവസ്ഥയാണ് പറയാനുള്ളത്.
ചുറ്റും മരങ്ങളുണ്ടായിട്ടുപോലും ഇവിടെ ചൂടിനു കുറവില്ല. ആനക്കല്ല് ആദിവാസി ഉന്നതിയിലെ രാമകൃഷ്ണൻ (74) കഴിഞ്ഞ 6 വർഷമായി പരസഹായമില്ലാതെ നടക്കാൻ കഴിയാത്ത അവസ്ഥയിലാണ്.
മകനായ സുകുമാരനും അടുത്തുള്ള വീട്ടിൽ താമസിക്കുന്ന സഹോദരിയുമെല്ലാം സഹായിച്ചാണ് രാമകൃഷ്ണനെ വീടിനുള്ളിൽ നിന്നു പുറത്തേക്ക് ഇരുത്തുന്നത്. രാത്രി വൈദ്യുതി മുടങ്ങുന്നതോടെ വലിയ പ്രയാസത്തിലാകുന്നതിനാൽ രാമകൃഷ്ണൻ ഇപ്പോൾ വീടിന്റെ പുറത്ത് പായ വിരിച്ചാണു കിടക്കുന്നത്.
നെല്ലിന്റെ നീരൂറ്റി വേനൽ
പാലക്കാട് ∙ കനത്ത ചൂടിൽ നെല്ലിനു കനത്ത തൂക്കക്കുറവ് സംഭവിക്കുന്നതിനാൽ കൃഷിക്കാർക്കു വൻനഷ്ടം.സപ്ലൈകോയ്ക്കു നൽകാനായി ചാക്കിലാക്കി വച്ചിരിക്കുന്ന നെല്ലിന്റെ തൂക്കം പതിവിലധികം കുറയുന്നതായി കർഷകർ പറയുന്നു.
തുടർച്ചയായുള്ള ഉയർന്ന ചൂടാണു കാരണം.100 കിലോ നെല്ലിനു ശരാശരി 4–5 കിലോ വരെ തൂക്കക്കുറവു സംഭവിക്കുന്നുണ്ട്. നെല്ലെടുപ്പു വൈകുന്നതിന്റെ പ്രതിസന്ധി നേരിടുന്ന കർഷകർക്ക് ഈ ഇനത്തിനും വലിയ നഷ്ടം സംഭവിക്കുന്നു.
ജില്ലയിൽ കൊയ്ത്തു കഴിഞ്ഞ് ആഴ്ചകളായെങ്കിലും പലയിടത്തും നെല്ലു സംഭരിച്ചിട്ടില്ല. കൊയ്തെടുത്ത നെല്ലു ചാക്കിലാക്കി വീട്ടു മുറ്റത്തും പറമ്പിലും മറ്റുമായി സൂക്ഷിച്ചിരിക്കുകയാണ്.
ഈ നെല്ലു പിന്നീട് എടുക്കാൻ വരുമ്പോഴേക്കു തൂക്കത്തിൽ കുറവുണ്ടാകും.
സപ്ലൈകോ നെല്ലു സംഭരണത്തിൽ 17% വരെ ഈർപ്പാംശമാണ് അനുവദനീയ പരിധി. ജില്ലയിൽ രണ്ടാം വിളയിൽ നെല്ല് ഒരുതവണ ഉണക്കിയെടുക്കുമ്പോൾ തന്നെ ഈർപ്പാംശം 17 ശതമാനത്തിൽ താഴെയാകും പിന്നീടു ചാക്കിലാക്കി അട്ടിയിട്ടു സൂക്ഷിക്കുമ്പോഴും അന്തരീക്ഷത്തിലെ ഉയർന്ന താപനില കാരണം നെല്ലിലെ ഈർപ്പാംശം വീണ്ടും കുറയും.
ഒരു കിലോ നെല്ല് 30 രൂപയ്ക്കാണു സപ്ലൈകോ സംഭരിക്കുന്നത്.മുൻവർഷങ്ങളിലും നെല്ലിൽ തൂക്കക്കുറവ് അനുഭവപ്പെടാറുണ്ടെങ്കിലും ഇത്രത്തോളം ഉണ്ടാകാറില്ലെന്നു കർഷകർ പറയുന്നു. ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ താപനില ശരാശരി 40 ഡിഗ്രി സെൽഷ്യസ് ആണ്.
പാഡി പ്രൊക്യൂർമെന്റ് അസിസ്റ്റന്റിന് സൂര്യാതപമേറ്റു
പാലക്കാട് ∙ കനത്ത ചൂട് ജില്ലയിലെ നെല്ലെടുപ്പു നടപടികളെയും ബാധിക്കുന്നു.
നെന്മാറ അയിലൂരിൽ നെല്ലിന്റെ സംഭരണ സ്ലിപ് നൽകാൻ പോയ പാഡി പ്രൊക്യൂർമെന്റ് അസിസ്റ്റന്റ് പ്രസന്നയ്ക്കു സൂര്യാതപമേറ്റു.കഴുത്തിൽ പൊള്ളലേറ്റ ഇവർ ചികിത്സ തേടി. 3 ദിവസത്തെ വിശ്രമം നിർദേശിച്ചിട്ടുണ്ട്.
ഉയർന്ന ചൂടു കാരണം പകൽ 11 മുതൽ വൈകിട്ട് 3 വരെ പുറത്തിറങ്ങാനാകാത്ത സ്ഥിതിയാണ്.
പെയ്ന്റിങ് തൊഴിലാളിക്ക് സൂര്യാതപമേറ്റു
പറളി ∙ ചന്തപ്പുര കുന്നത്ത്പറമ്പ് വീട്ടിൽ സുരേഷ്കുമാറിന് (46) ജോലിക്കിടെ സൂര്യാതപമേറ്റു. കഴിഞ്ഞ ദിവസം ഉച്ചയോടെയാണു സംഭവം.
കഴുത്തിനു താഴെ പുറം ഭാഗത്തു പൊള്ളലേറ്റ സുരേഷ്കുമാറിന് അസഹ്യമായ നീറ്റലും വേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇന്നലെ പറളി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

