നാടിനെ കണ്ണീരിലാഴ്ത്തിയ മുണ്ടക്കൈ–ചൂരൽമല ദുരന്തത്തിന്റെ രണ്ടാം വാർഷിക ദിനത്തിൽ പ്രത്യേക അനുസ്മരണ ചടങ്ങുകൾ സംഘടിപ്പിക്കുന്നു. ദുരന്തബാധിതരുടെ ഓർമ്മകൾക്കായി ജില്ലാ ഭരണകൂടവും മേപ്പാടി പഞ്ചായത്തും സംയുക്തമായി പുത്തുമലയിലെ ഹൃദയഭൂമിയിലാണ് അനുസ്മരണവും സർവമത പ്രാർഥനയും ഒരുക്കിയിരിക്കുന്നത്.
നാളെ രാവിലെ 7 മണി മുതൽ ദുരന്തത്തിൽ ജീവൻ വെടിഞ്ഞവരുടെ കല്ലറകളിൽ പുഷ്പാർച്ചനയോടെ ചടങ്ങുകൾക്ക് തുടക്കമാകും. തുടർന്ന് രാവിലെ 9 മണിക്ക് സർവമത പ്രാർഥന നടക്കും.
തുടർന്നു നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ മന്ത്രി ടി.സിദ്ദീഖ് അനുസ്മരണ പ്രഭാഷണം നിർവഹിക്കുമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ഹംസ, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് റംല ഹംസ എന്നിവർ വ്യക്തമാക്കി. ദുരന്തത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട
കുടുംബാംഗങ്ങൾ, അതിജീവിതർ, കലക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ, രക്ഷാപ്രവർത്തന രംഗത്ത് സജീവമായി പ്രവർത്തിച്ച സന്നദ്ധ സംഘടനകളുടെ പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും. എന്നാൽ, ദുരന്തം നടന്നിട്ട് രണ്ടു വർഷം പിന്നിടുമ്പോഴും ഇരകളുടെ പല പ്രധാന ആവശ്യങ്ങളും ഇനിയും പരിഹരിക്കപ്പെടാതെ കിടക്കുകയാണെന്ന് ഭാരവാഹികൾ ചൂണ്ടിക്കാണിച്ചു.
മുണ്ടക്കൈ, പടവെട്ടി, അട്ടമല പ്രദേശങ്ങളിലെ അറുപതിലധികം കുടുംബങ്ങൾ ഇപ്പോഴും പുനരധിവാസ ഗുണഭോക്തൃ പട്ടികയ്ക്ക് പുറത്താണ്. മുഴുവൻ ബാങ്ക് വായ്പകളും എഴുതിത്തള്ളണമെന്ന ജനങ്ങളുടെ ആവശ്യവും ഇതുവരെ നടപ്പായിട്ടില്ല.
മൈക്രോ പ്ലാനിൽ 2 ലക്ഷം രൂപ വീതം സഹായധനം അനുവദിക്കുക, കൃഷിയും കൃഷിഭൂമിയും കെട്ടിടങ്ങളും കടമുറികളും നഷ്ടപ്പെട്ടവർക്ക് അർഹമായ നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ പരിഗണിക്കുന്നതിനായി സർക്കാർ പുതിയ മന്ത്രിസഭാ ഉപസമിതിക്ക് രൂപം നൽകിയിട്ടുണ്ട്. ദുരന്തബാധിതരുടെ പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കഴിയുന്ന ദുരന്തബാധിതരെയും കുടുംബാംഗങ്ങളെയും കൽപറ്റയിൽ നിന്ന് പുത്തുമലയിലേക്കും തിരികെ കൽപറ്റയിലേക്കും എത്തിക്കുന്നതിനായി കെഎസ്ആർടിസിയുടെ പ്രത്യേക സർവീസുകൾ ഉണ്ടായിരിക്കുന്നതാണ്. അതേസമയം, ദുരന്തത്തിന്റെ പാടുകൾ പേറുന്ന പുന്നപ്പുഴയുടെ നവീകരണ പ്രവൃത്തികൾ ഇപ്പോഴും കട്ടപ്പുറത്താണ്.
മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടലിൽ ഗതിമാറി ഒഴുകിയ പുന്നപ്പുഴയുടെ നവീകരണ പ്രവർത്തനങ്ങൾ അതിമന്ദഗതിയിലാണ് മുന്നോട്ടുപോകുന്നത്. സർക്കാർ 195 കോടി രൂപ അനുവദിച്ച് ഊരാളുങ്കൽ ലേബർ സൊസൈറ്റിയെ ഏൽപ്പിച്ച പദ്ധതിയുടെ ജോലികളാണ് രണ്ടു വർഷം കഴിഞ്ഞിട്ടും ഇഴഞ്ഞുനീങ്ങുന്നത്.
ബെയ്ലി പാലത്തിന് താഴെ ആഴം കൂട്ടാനും അടിഞ്ഞുകൂടിയ 50 ലക്ഷം ക്യുബിക് മീറ്റർ പാറകളും മരത്തടികളും നീക്കം ചെയ്യാനുമായിരുന്നു പ്രാരംഭ പദ്ധതി. പിന്നീട് പുഞ്ചിരിമട്ടം മുതൽ ചൂരൽമല വരെയുള്ള 7 കിലോമീറ്റർ ദൂരത്തിൽ സംരക്ഷണഭിത്തി നിർമ്മിക്കുന്നതിനും പദ്ധതി രൂപരേഖ തയ്യാറാക്കിയിരുന്നു.
എന്നാൽ, ഇതിനിടെ പെയ്ത ശക്തമായ മഴയിൽ പുഴയിൽ നിന്ന് കോരിയിട്ട ഉരുൾ അവശിഷ്ടങ്ങൾ വീണ്ടും ഒലിച്ചുപോയത് തിരിച്ചടിയായി.
ഇതുവരെ ചെയ്ത പണികളല്ലാം ഇതിനാൽ പാഴായിരിക്കുകയാണ്. പുഴയിലെ മണ്ണു കോരി മാറ്റുന്ന പ്രവൃത്തികൾ ഇനിയും ആദ്യ മുതൽ തുടങ്ങേണ്ട
അവസ്ഥയാണ് ഉള്ളത്. കാലവർഷത്തിന് മുൻപ് പുഴയുടെ ഒഴുക്ക് സുഗമമാക്കുമെന്ന പ്രഖ്യാപനത്തോടെ കഴിഞ്ഞ ഏപ്രിൽ 16 നാണ് പുഴയിലെ മണ്ണും കല്ലും നീക്കം ചെയ്യുന്ന ജോലികൾ ആരംഭിച്ചത്.
എന്നാൽ പണികളുടെ വേഗതക്കുറവും ഇടയ്ക്കെത്തിയ മഴയും പദ്ധതിക്ക് വില്ലനായി മാറുകയായിരുന്നു. ചൂരൽമലയിൽ നിലവിൽ സംരക്ഷണ ഭിത്തി നിർമ്മാണം പാതിവഴിയിൽ സ്തംഭിച്ച നിലയിലാണ്.
ഉരുൾ അവശിഷ്ടങ്ങൾ ഇനിയും പൂർണ്ണമായി നീക്കം ചെയ്യാനുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഇതിനിടെ, എൻഐടി സംഘം പ്രദേശത്ത് നേരിട്ടെത്തി പരിശോധന നടത്തിയിരുന്നു.
ഈ പഠനത്തിലൂടെ പുഴയുടെ സ്വാഭാവിക ചെരിവ് എത്രയെന്ന് മനസ്സിലാക്കിയ ശേഷമേ സംരക്ഷണഭിത്തി നിർമ്മാണം ഉൾപ്പെടെയുള്ള പ്രവൃത്തികൾ ഊർജിതമാക്കൂ എന്നാണ് അധികൃതരുടെ വിശദീകരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

