കൊഴിഞ്ഞാമ്പാറ ∙ വലതുകര കനാൽ വേലന്താവളം വരെ ദീർഘിപ്പിക്കുന്നതിന്റെ ഭാഗമായി രണ്ടാംഘട്ട പ്രവൃത്തികൾക്ക് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികൾക്ക് സർക്കാർ അനുമതിയായി.
സ്ഥലം ഏറ്റെടുക്കുന്നതു സംബന്ധിച്ച് കലക്ടറെ ചുമതലപ്പെടുത്തിക്കൊണ്ടാണ് ഉത്തരവിറങ്ങിയിട്ടുള്ളത്. ഒന്നാംഘട്ടത്തിൽ കോരയാർ മുതൽ വരട്ടയാർ വരെ കനാൽ നിർമിക്കുന്ന പ്രവൃത്തികൾ 80 ശതമാനത്തിലധികം പൂർത്തിയായി കഴിഞ്ഞു.
കനാൽ വരട്ടയാർ മുതൽ വേലന്താവളം വരെ ദീർഘിപ്പിക്കുന്ന രണ്ടാംഘട്ട
പ്രവൃത്തികൾക്കു സ്ഥലമേറ്റെടുക്കുന്നതിനാണ് ഇപ്പോൾ അനുമതി നൽകിയിട്ടുള്ളത്. വരട്ടയാർ മുതൽ വേലന്താവളം വരെ 8.2 കിലോമീറ്റർ ദൈർഘ്യത്തിൽ കനാൽ നിർമിക്കുന്നതിനായി 21 ഏക്കർ സ്ഥലമാണ് ഏറ്റെടുക്കേണ്ടി വരിക.
ഇതിനായി 37 കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു. മൂലത്തറ റഗുലേറ്ററിൽ നിന്നും വലതുകര കനാൽ വേലന്താവളം വരെ ദീർഘിപ്പിക്കുന്നതോടുകൂടി ഏകദേശം 21000 ഏക്കർ സ്ഥലത്തേക്ക് ജലസേചനം ലഭ്യമാക്കാനാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.
സാമൂഹിക സൂക്ഷ്മ ജലസേചന പദ്ധതിയിലൂടെ കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിക്കാനാണ് പദ്ധതി തയാറാക്കുന്നത്.
മേഖലയിലുള്ള 150 ൽ അധികം വരുന്ന കുളങ്ങളിൽ ഏറ്റവും വലിയ 50 കുളങ്ങൾ കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പാക്കുക. ഇപ്രകാരം ജലസേചനം നടത്തുന്നതിനാൽ സാധാരണ കനാലിലൂടെ നേരിട്ട് കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിക്കുന്നതിനേക്കാൾ ലാഭകരമാണെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
സാമൂഹിക സൂക്ഷ്മ ജലസേചന പദ്ധതിയിലൂടെ ജലവിതരണം നടത്തുമ്പോൾ വെള്ളം ഒട്ടും പാഴാകാതെ കൃഷിക്ക് ഉപയോഗപ്പെടുത്താനാകും.
കാലാവസ്ഥ വ്യതിയാനത്തെ ഏറ്റവും ഫലപ്രദമായി ചെറുക്കാനാകുമെന്നതാണ് സാമൂഹിക സൂക്ഷ്മ ജലസേചന പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേക. കൂടാതെ കനാലിലൂടെ ജലസേചനം നടത്തുന്നതിന്റെ പകുതി മാത്രമേ വെള്ളവും വൈദ്യുതിയും ആവശ്യം വരുന്നുള്ളൂ എന്നതുമാണ് ഇതിന്റെ മറ്റു ഗുണങ്ങൾ.
കനാൽ ദീർഘിപ്പിച്ച്, സാമൂഹിക സൂക്ഷ്മ ജലസേചന പദ്ധതികൂടി യാഥാർഥ്യമായാൽ ദക്ഷിണേന്ത്യയിൽ തന്നെ ഏറ്റവും വലിയ പദ്ധതിയായിരിക്കും ഇതെന്ന് അധികൃതർ അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

