∙ താമരക്കുളം ശബരിമല അയ്യപ്പസ്വാമി ക്ഷേത്രത്തിന് ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. ക്ഷേത്രത്തിനു സമീപത്തുള്ള താമരക്കുളത്തിന് 400 വർഷത്തിലേറെ പഴക്കമുണ്ടെന്നാണു വിശ്വാസം.
കുളത്തിൽ വിരിയുന്ന താമരപ്പൂക്കൾ കൊണ്ടായിരുന്നുവത്രേ ധർമശാസ്താവിനുള്ള അർച്ചന. താമര വിരിഞ്ഞു നിന്നിരുന്ന കുളം താമരക്കുളമെന്ന് അറിയപ്പെട്ടു.
കുളം ഉണ്ടായതിനു പിന്നിലും ഒരു ഐതിഹ്യം ഉണ്ട്. പാലക്കാട് രാജാവിന്റെ കാലത്തു പൂജാദികർമങ്ങൾക്കുൾപ്പെടെ തഞ്ചാവൂരിലുള്ള തമിഴ് ബ്രാഹ്മണരെ കൊണ്ടുവന്നിരുന്നു.
ഇവർക്കു താമസിക്കാനുള്ള അഗ്രഹാര നിർമാണത്തിനായി പ്രദേശത്തു നിന്നു മണ്ണെടുത്തുവെന്നും ഈ സ്ഥലമാണു താമരക്കുളമായി രൂപപ്പെട്ടതെന്നുമാണു തലമുറകൾ കൈമാറിക്കിട്ടിയ വിശ്വാസം.പണ്ട് ഈ കുളത്തിനു സമീപം 3 വലിയ ആൽമരങ്ങൾ വളർന്നു നിന്നിരുന്നുവത്രേ. പ്രകൃതിക്ഷോഭത്തിൽ മരങ്ങൾ കടപുഴകിയെങ്കിലും ക്ഷേത്രത്തിന് ഒരു പോറൽ പോലും ഏറ്റില്ല.
ആദ്യകാലത്തു ഭഗവതിക്കു കുടിയിരിപ്പു മാത്രമായിരുന്നു ഉണ്ടായിരുന്നത്.
മുടങ്ങാതെ എന്നും വിളക്കു തെളിക്കുന്ന ക്ഷേത്രത്തിൽ പാല–അരളിച്ചുവട്ടിൽ കുടികൊണ്ടിരുന്ന ഭഗവതിയെ അയ്യപ്പസ്വാമിയോടൊപ്പം ഓടുമേഞ്ഞ ശ്രീകോവിലിലേക്കു കുടിയിരുത്തി എന്നാണ് ഐതിഹ്യം. 1970ലാണു ക്ഷേത്രത്തിൽ ഭരണസമിതി നിലവിൽ വന്നത്.
പിന്നീട് ശ്രീകോവിൽ പുതുക്കിപ്പണിതു. ഇതേ കാലത്താണ് ആന, വാദ്യ സഹിതം പാലക്കൊമ്പ് എഴുന്നള്ളത്തിനു തുടക്കം കുറിച്ചത്.
2002 ഇടവമാസത്തിലെ അനിഴം നക്ഷത്രത്തിലായിരുന്നു ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠ.
ആചാരാനുഷ്ഠാനങ്ങളോടെ
∙ ആചാരാനുഷ്ഠാനങ്ങളുടെയും പാരമ്പര്യ വിധി പ്രകാരവുമാണു താമരക്കുളം ശബരിമല അയ്യപ്പസ്വാമി ക്ഷേത്രത്തിലെ ചടങ്ങുകളും ഉത്സവവും. തട്ടകത്തുകാർ തമ്പാട്ടി സ്ഥാനം കൽപിച്ചു നൽകിയ ബാലഗുരുസ്വാമിയുടെ നേതൃത്വത്തിലായിരുന്നു ക്ഷേത്രത്തിൽ ആദ്യകാലത്തെ അയ്യപ്പൻവിളക്ക് ഉത്സവം.
പണ്ടുകാലത്തു ധനു പത്തിനു നടത്തിയിരുന്ന പാട്ടുതാലപ്പൊലി അദ്ദേഹമാണ് പാലക്കൊമ്പ് എഴുന്നള്ളത്ത് സഹിതമുള്ള അയ്യപ്പൻവിളക്ക് ഉത്സവമായി വിപുലപ്പെടുത്തിയത്. ആചാരാനുഷ്ഠാനങ്ങളിൽ ഒരു മാറ്റവും വരുത്താതെയായിരുന്നു വിപുലീകരണം.
ഓരോ അയ്യപ്പൻവിളക്കും താമരക്കുളത്തുകാർക്കു ബാലഗുരുസ്വാമിയുടെ അനുസ്മരണ വേള കൂടിയാണ്.
പൂജാവിധികൾ
∙ ക്ഷേത്രത്തിൽ താന്ത്രികവിധി പ്രകാരമാണ് എല്ലാ ചടങ്ങുകളും. നിത്യനിവേദ്യമടക്കമുള്ള പൂജകളും യഥാവിധി നടക്കുന്നു.
താലപ്പൊലി ഉത്സവത്തിനു പകൽ സ്ത്രീകളും രാത്രി പുരുഷൻമാരുമാണു താലമെടുക്കുക എന്ന പ്രത്യേകതയുമുണ്ട്.
പ്രധാന ഉത്സവങ്ങൾ
∙ ധനുമാസത്തിൽ നടക്കുന്ന അയ്യപ്പൻവിളക്ക് ഉത്സവം, വൃശ്ചികത്തിലെ കാർത്തിക ഉത്സവം എന്നിവയ്ക്കു പുറമേ വിനായക ചതുർഥി, നിറപുത്തരി, വിജയദശമി, വിഷു ആഘോഷങ്ങൾ പ്രധാനമാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

