ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ തോക്കുമായി ഇരുന്നൂറിലധികം സൈനികർ എത്തിയത് യാത്രക്കാരിൽ ആദ്യം ആശങ്ക പരത്തിയെങ്കിലും പിന്നീട് കൗതുകമായി മാറി. ഗുജറാത്തിലേക്കു പോകാൻ ട്രെയിൻ കയറാൻ എത്തിയതായിരുന്നു സൈനികർ.
ഷൊർണൂർ സ്റ്റേഷനിലെ ഒന്നും രണ്ടും പ്ലാറ്റ്ഫോമുകളിലായി തോക്കുപിടിച്ച ഒട്ടേറെ പട്ടാളക്കാരെ കണ്ടപ്പോൾ യാത്രക്കാർ ആദ്യം ഒന്നമ്പരന്നു എന്നതു സത്യം. ബോംബ് ഭീഷണി ഉണ്ടോ എന്നായിരുന്നു ചിലരുടെ ചോദ്യം.
എന്നാൽ, പതിയെ കാര്യം മനസ്സിലായപ്പോൾ അമ്പരപ്പു മാറി. മലപ്പുറത്തു നിന്ന് ക്യാംപ് കഴിഞ്ഞാണ് സൈനിക സംഘം ഷൊർണൂർ സ്റ്റേഷനിൽ എത്തിയത്.
പ്ലാറ്റ്ഫോമിൽ ഒട്ടേറെ തോക്കുകൾ നിരത്തി വച്ചപ്പോൾ ഇത് കാണാൻ നിരവധി ആളുകൾ തടിച്ചുകൂടി. ആശങ്ക ആശ്വാസത്തിനു വഴിമാറിയപ്പോൾ സൈനികരെ കൂടെ നിർത്തി ഫോട്ടോയെടുക്കാനും തോക്ക് തൊട്ടുനോക്കാനും ഒക്കെയായി ആളുകളുടെ തിരക്ക് അനുഭവപ്പെട്ടു.
തുടർന്ന് രാവിലെ 10.30 ന് കോയമ്പത്തൂരിൽ നിന്നു മംഗളൂരുവിലേക്കുള്ള ട്രെയിൻ എത്തിയപ്പോൾ സൈനികർ അതിൽ കയറി യാത്ര തിരിച്ചു. കൈവീശി കാണിച്ച് അവരെ യാത്രയാക്കാനുള്ള തിരക്കിലായിരുന്നു പിന്നീട് സ്റ്റേഷനിലുണ്ടായിരുന്നവർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

