കൊപ്പം ∙ ‘ടീച്ചര്‍ പോകല്ലേ… ടീച്ചര്‍ ഞങ്ങളെ വിട്ടുപോകല്ലേ…’ ക്ലാസ് മുറിയില്‍ കുട്ടികളുടെ കൂട്ടക്കരച്ചില്‍. അധ്യാപിക ക്ലാസില്‍ നിന്ന് ഇറങ്ങിയതും പിന്നാലെ കുട്ടികളും.
സ്കൂളിന്റെ കോണിപ്പടിയില്‍ ടീച്ചറെ ഇരുത്തി ചുറ്റും കൂടിയിരുന്നു കുട്ടികള്‍ കരച്ചിലോടു കരച്ചില്. കൊപ്പം പഞ്ചായത്തിലെ മേൽമുറി എഎല്‍പി സ്കൂളിലായിരുന്നു മറ്റു കുട്ടികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും കണ്ണുനനയിച്ച സ്നേഹോഷ്മളമായ രംഗം.
നാലാം ക്ലാസില്‍ താല്‍ക്കാലിക അധ്യാപികയായി സേവനം ചെയ്തു പഠനാവശ്യാര്‍ഥം പിരിഞ്ഞുപോകുന്ന ഷാന നസ്റിനെയാണ് കുട്ടികള്‍ പിന്തുടര്ന്നത്.
അവധിയിലുള്ള അധ്യാപികയുടെ ഒഴിവിലേക്ക് കഴിഞ്ഞ നവംബറിലാണ് ഷാന നസ്റിന് (21) എത്തിയത്. നാലു മാസത്തിനു ശേഷം പിരിയുമ്പോഴായിരുന്നു വികാരനിര്‍ഭര രംഗം.
മാതൃകാപരമായ അധ്യാപന മികവിലൂടെ ടീച്ചര്‍ കുട്ടികളുടെ മനസ്സിലിടം നേടുകയായിരുന്നു. കുറഞ്ഞ കാലത്തിനിടെ കുട്ടികള്‍ക്കു പ്രിയങ്കരിയായി മാറിയ അധ്യാപികയ്ക്ക് ഹൃദ്യമായ യാത്രയയപ്പാണ് മാനേജ്മെന്റും അധ്യാപകരും നൽകിയത്.
മുന്‍ ജില്ലാ പഞ്ചായത്തംഗം എ.സാബിറയുടെയും കൊപ്പം പഞ്ചായത്തില്‍ ഡ്രൈവര്‍ ജോലി ചെയ്യുന്ന ഫൈസല്‍ ബാബുവിന്റെയും മകളാണ് ഷാന. പട്ടാമ്പി ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയില്‍ ടിടിസി പഠിക്കുകയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

