സാധാരണക്കാർക്ക് ഏറെ ആശ്വാസകരമായ പ്രഖ്യാപനവുമായി സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയ കമലാത്താൾ വീണ്ടും ഒരു രൂപയ്ക്ക് ഇഡ്ഡലി വിൽപന ആരംഭിച്ചു. തനിക്കുവേണ്ടി ഇടപെട്ട
വ്യക്തികൾക്ക് നന്ദി അറിയിക്കുന്നതിനിടയിൽ തൊണ്ണൂറു വയസ്സുള്ള കമലാത്താളിന്റെ വാക്കുകൾ ഇടറിപ്പോയി. കോയമ്പത്തൂർ തൊണ്ടാമുത്തൂർ വടിവേലം പാളയത്തിലെ ഇഡ്ഡലിപ്പാട്ടി കഴിഞ്ഞ രണ്ടു മാസമായി കടുത്ത പ്രതിസന്ധിയിലായിരുന്നു.
സൗജന്യമായി ലഭിച്ചിരുന്ന പാചകവാതക സിലിണ്ടറുകൾ മുടങ്ങിയതാണ് ഇവരുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തടസ്സമായത്. പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്രയുടെ സമൂഹ മാധ്യമ പേജിലൂടെ ദേശീയ തലത്തിൽ ശ്രദ്ധ നേടിയ കമലാത്താളിന് മഹീന്ദ്ര ഫൗണ്ടേഷൻ നേരത്തെ വീട് നിർമ്മിച്ചു നൽകിയിരുന്നു.
പ്രദേശത്തെ ഭാരത് ഗ്യാസ് ഏജൻസിയാണ് മാസത്തിൽ ആവശ്യാനുസരണം മൂന്നു മുതൽ നാലു വരെ വാണിജ്യ സിലിണ്ടറുകൾ സൗജന്യമായി എത്തിച്ചു നൽകിയിരുന്നത്. എന്നാൽ സിലിണ്ടറുകളുടെ ലഭ്യതയിൽ കുറവു വന്നതോടെ ഏജൻസി ആദ്യം സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറയ്ക്കുകയും പിന്നീട് രണ്ടു മാസത്തോളം വിതരണം വൈകിക്കുകയും ചെയ്യുകയായിരുന്നു.
ഇതിനെ തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ച ജില്ലാ കളക്ടറുടെ അദാലത്തിൽ നൽകിയ പരാതിയാണ് വിഷയം വീണ്ടും മാധ്യമ ശ്രദ്ധയിലേക്ക് കൊണ്ടുവന്നത്. കളക്ടർ നേരിട്ട് വിഷയത്തിൽ ഇടപെടുകയും, ജില്ലാ സപ്ലൈ ഓഫിസർ ഗ്യാസ് ഏജൻസിയുമായി ബന്ധപ്പെടുകയും ചെയ്തതോടെ പ്രശ്നത്തിന് പെട്ടെന്ന് പരിഹാരമായി.
ഇന്നലെ രാവിലെ തന്നെ മൂന്ന് വാണിജ്യ സിലിണ്ടറുകൾ ഏജൻസി പ്രതിനിധികൾ നേരിട്ട് പാട്ടിയുടെ അടുക്കളയിലെത്തിച്ചു. സിലിണ്ടറുകൾ ലഭ്യമായതോടെ കമലാത്താളിന്റെ അടുപ്പുകളിൽ വീണ്ടും തീ തെളിഞ്ഞു.
ഇഡ്ഡലിയും സാമ്പാറും ചട്നിയുടെയും രുചിയും സ്നേഹവും നിറഞ്ഞ മണം ആ പ്രദേശത്ത് വീണ്ടും പരന്നുതുടങ്ങി. തന്റെ മരണം വരെയും ഒരു രൂപ നിരക്കിൽ സാധാരണക്കാരുടെ വിശപ്പ് അകറ്റുക എന്നതാണ് ഈ വയോധികയുടെ ആഗ്രഹം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

