രാജ്യത്ത് യുപിഐ ഇടപാടുകൾക്ക് മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (MDR) ഏർപ്പെടുത്തിയ പശ്ചാത്തലത്തിൽ ഔദ്യോഗിക വിശദീകരണവുമായി നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) രംഗത്ത്. പുതിയ സാമ്പത്തിക മാറ്റങ്ങൾ രാജ്യത്തെ ഭൂരിഭാഗം വരുന്ന ചെറുകിട
വ്യാപാരികളെയും ബാധിക്കില്ലെന്ന് എൻപിസിഐ വ്യക്തമാക്കി. അധിക ജിഎസ്ടി ബാധ്യത എല്ലാവരെയും ഒരുപോലെ ബാധിക്കുന്ന ഒന്നാകില്ലെന്നും അധികൃതർ അറിയിച്ചു.
വരുന്ന ഒക്ടോബർ 15 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമപ്രകാരം ചില പ്രത്യേക യുപിഐ ഇടപാടുകൾക്ക് 0.4% എംഡിആർ ഈടാക്കാൻ സർക്കാരും എൻപിസിഐയും തീരുമാനിച്ചിരുന്നു. ഇതേതുടർന്ന് വ്യാപാരികളുടെ നികുതി ബാധ്യത വർദ്ധിക്കുമെന്ന തരത്തിലുള്ള ആശങ്കകൾ ശക്തമായ സാഹചര്യത്തിലാണ് എൻപിസിഐയുടെ ഇപ്പോഴത്തെ വിശദീകരണം.
സാധാരണക്കാരായ ഉപഭോക്താക്കളെ പുതിയ മാറ്റങ്ങൾ ബാധിക്കില്ലെന്ന് കേന്ദ്ര സർക്കാർ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. യുപിഐ വഴി പണം കൈമാറ്റം ചെയ്യുന്നവർക്ക് ഇതൊരു അധിക സാമ്പത്തിക ഭാരമായി മാറില്ല.
വ്യക്തികൾ തമ്മിൽ നടത്തുന്ന (P2P) പണമിടപാടുകൾ തുടർന്നും പൂർണ്ണമായും സൗജന്യമായിരിക്കും. എന്നാൽ, വ്യക്തികളിൽ നിന്ന് വ്യാപാരികളിലേക്ക് (P2M) നടത്തുന്ന 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് മാത്രമായിരിക്കും 0.4% എംഡിആർ ബാധകമാകുക.
ഒരു ഇടപാടിൽ പരമാവധി ഈടാക്കാവുന്ന തുക 300 രൂപയായി നിജപ്പെടുത്തിയിട്ടുമുണ്ട്. അതേസമയം, യുപിഐ ക്യുആർ കോഡ് വഴി പ്രതിമാസം ഒരു ലക്ഷം രൂപ വരെ മാത്രം വരുമാനമുള്ള ചെറുകിട
വ്യാപാരികളെ ഈ പുതിയ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രാജ്യത്ത് നടക്കുന്ന യുപിഐ വ്യാപാരി ഇടപാടുകളിൽ 96 ശതമാനവും 2,000 രൂപയിൽ താഴെയുള്ളവയാണെന്നാണ് കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്.
അതിനാൽത്തന്നെ ഭൂരിഭാഗം ഇടപാടുകൾക്കും എംഡിആറോ അതിന്മേലുള്ള ജിഎസ്ടിയോ ബാധകമാകില്ല. എംഡിആർ നിരക്കുകൾക്ക് മേൽ 18% ജിഎസ്ടി ഈടാക്കുമെങ്കിലും, രജിസ്റ്റർ ചെയ്ത വ്യാപാരികൾക്ക് ഇത് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് വഴി തിരിച്ചുപിടിക്കാൻ സാധിക്കും.
ഇന്ധനം, ഇൻഷുറൻസ്, ടെലോകോം, റെയിൽവേ തുടങ്ങിയ പ്രത്യേക മേഖലകളിലെ ഇടപാടുകൾക്ക് തികച്ചും വ്യത്യസ്തമായ മറ്റൊരു എംഡിആർ ഘടനയായിരിക്കും ബാധകമാകുക. യുപിഐ ശൃംഖലയുടെ സുസ്ഥിരത ഉറപ്പാക്കാനും കൂടുതൽ വ്യാപിപ്പിക്കാനുമാണ് പുതിയ സാമ്പത്തിക ചട്ടക്കൂട് നടപ്പിലാക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
കണക്കുകൾ പ്രകാരം 2026 ഓഗസ്റ്റിൽ 29.82 ലക്ഷം കോടി രൂപയുടെ 24.51 ശതകോടി ഇടപാടുകളാണ് യുപിഐ പ്ലാറ്റ്ഫോം വഴിമാത്രം പ്രോസസ് ചെയ്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

