പറമ്പിക്കുളം–ആളിയാർ നദീജല കരാർ ചിറ്റൂരിന്റെ മാത്രം വിഷയമല്ലെന്നും, ഭാരതപ്പുഴയുടെ ജീവനാഡിയായ ഈ കരാർ പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിലെ കാർഷിക മേഖലയുടെ നട്ടെല്ലാണെന്നും വിലയിരുത്തപ്പെടുന്നു. ആളിയാർ അണക്കെട്ടിൽനിന്ന് മൂലത്തറ വഴി ചിറ്റൂർപ്പുഴയിലെത്തുന്ന ജലം പറളിയിൽ എത്തുമ്പോൾ ഭാരതപ്പുഴയായി മാറുന്നു.
ഈ പദ്ധതിയുടെ വ്യാപ്തി പരിശോധിച്ചാൽ, പറമ്പിക്കുളം, പെരുവാരിപ്പള്ളം, തൂണക്കടവ് ഡാമുകൾ ഉൾപ്പെട്ട പറമ്പിക്കുളം സിസ്റ്റവും ആളിയാർ ഡാമും ഈ കരാറിന്റെ ഭാഗമാണ്.
കൂടാതെ, കേരള ഷോളയാർ, തമിഴ്നാട് ഷോളയാർ അണക്കെട്ടുകൾ, കോണ്ടൂർ കനാൽ, ആളിയാർ കനാൽ, ലോവർ നീരാർ, അപ്പർ നീരാർ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. പറമ്പിക്കുളത്തുനിന്ന് ആളിയാറിലേക്കും, അവിടെനിന്ന് മണക്കടവ് വിയർ വഴി ചിറ്റൂർപ്പുഴയിലേക്കും ജലമെത്തുന്നു.
തമിഴ്നാട്ടിലേക്ക് ആളിയാർ, തിരുമൂർത്തി ഡാമുകൾ വഴിയും, തൃശൂർ ചാലക്കുടിപ്പുഴയിലേക്ക് കേരള ഷോളയാർ ഡാം വഴിയും വെള്ളം ലഭ്യമാകുന്നു. 1958 നവംബർ ഒന്നു മുതലുള്ള മുൻകാല പ്രാബല്യത്തോടെ 1970 മേയ് 29നാണ് ഈ കരാർ ഒപ്പുവെച്ചത്.
ഓരോ 30 വർഷം കൂടുമ്പോഴും കരാർ വ്യവസ്ഥകൾ പുനരവലോകനം ചെയ്യണമെന്നാണ് ചട്ടം. എന്നാൽ, ഈ കാലാവധി രണ്ടുതവണ പിന്നിട്ടിട്ടും കാര്യക്ഷമമായ നടപടികളോ അന്തിമതീരുമാനമോ കൈക്കൊള്ളാൻ കേരളത്തിന് സാധിച്ചിട്ടില്ല.
നിലവിൽ ജൂലൈ ഒന്നു മുതൽ അടുത്ത വർഷം ജൂൺ 30 വരെ നീളുന്ന ഒരു ജലവർഷത്തിൽ 7.25 ടിഎംസി ജലമാണ് കേരളത്തിന് ലഭിക്കുന്നത്. ഇത് 12.5 ടിഎംസിയായി ഉയർത്തണമെന്നതാണ് പാലക്കാടിന്റെ പ്രധാന ആവശ്യം.
മുൻ മന്ത്രി കെ.കൃഷ്ണൻകുട്ടി ജലസേചന വകുപ്പ് കൈകാര്യം ചെയ്ത കാലയളവിൽ ഉന്നതതലത്തിൽ ചർച്ചകൾ നടന്നെങ്കിലും, പിന്നീട് ആ വേഗത നിലനിർത്താൻ സാധിച്ചില്ല. മുതലമട
പഞ്ചായത്ത് പരിധിയിലാണ് പറമ്പിക്കുളം സിസ്റ്റം അണക്കെട്ടുകൾ സ്ഥിതിചെയ്യുന്നതെങ്കിലും, കരാർ പ്രകാരം ഡാമിന്റെ നിയന്ത്രണവും അറ്റകുറ്റപ്പണിയും തമിഴ്നാടിനാണ്. ഈ സാഹചര്യം മാറണമെന്ന ആവശ്യവും ശക്തമാണ്.
കരാർ പുനരവലോകനത്തിന് കൃത്യമായ ഒരു ‘ടൈം ഷെഡ്യൂൾ’ നിശ്ചയിച്ച് മുന്നോട്ടുപോകേണ്ടത് അടിയന്തര ആവശ്യമായി മാറിയിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

