പാലക്കാട് ∙ നെന്മാറ പോത്തുണ്ടിയിലെ സജിത വധക്കേസിൽ പ്രതി ചെന്താമര കുറ്റക്കാരനെന്നു കോടതി കണ്ടെത്തി. ശിക്ഷ നാളെ വിധിക്കും. കൊലപാതകം, അതിക്രമിച്ചു കടക്കൽ, തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ പ്രതിക്കെതിരെ തെളിഞ്ഞതായാണു കോടതി കണ്ടെത്തിയത്.
ശിക്ഷയെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോ എന്ന അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി (4) ജഡ്ജി കെന്നത്ത് ജോർജിന്റെ ചോദ്യത്തിന് ഒന്നും പറയാനില്ലെന്നായിരുന്നു പ്രതിയുടെ മറുപടി.
2019 ഓഗസ്റ്റ് 31നാണു സജിതയെ (35) പോത്തുണ്ടി തിരുത്തംപാടത്തെ വീടിനകത്തു കഴുത്തിനു പിന്നിലും തോളിലും വെട്ടേറ്റ നിലയിൽ കണ്ടെത്തിയത്. ഭർത്താവ് സുധാകരൻ തിരുപ്പൂരിൽ ജോലിസ്ഥലത്തും മക്കൾ സ്കൂളിലുമായിരുന്നു. തന്റെ കുടുംബം തകർത്തതു സജിതയാണെന്ന അയൽവാസിയും ബോയൻ കോളനി സ്വദേശിയുമായ ചെന്താമരയുടെ സംശയമാണു കൊലപാതകത്തിലേക്കു നയിച്ചത് എന്നാണു പൊലീസിന്റെ കണ്ടെത്തൽ.
ഈ കേസിൽ ജാമ്യത്തിൽ കഴിയവേ 2025 ജനുവരി 27നു സജിതയുടെ ഭർത്താവ് സുധാകരൻ, അദ്ദേഹത്തിന്റെ അമ്മ ലക്ഷ്മി എന്നിവരെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണു ചെന്താമര.
ഈ സംഭവത്തിൽ പൊലീസിനെതിരെ കടുത്ത വിമർശനം ഉയരുകയും നെന്മാറ ഇൻസ്പെക്ടർ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥർ സസ്പെൻഷനിലാവുകയും ചെയ്തിരുന്നു.
നെന്മാറ പഞ്ചായത്ത് പരിധിയിൽ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥ ലംഘിച്ച ചെന്താമര കൊല്ലപ്പെട്ടവരുടെ വീടിനു സമീപം താമസിച്ചിട്ടും ഇയാളുടെ ഭീഷണിയെക്കുറിച്ചു കുടുംബം പരാതിപ്പെട്ടിട്ടും നടപടിയെടുക്കാതിരുന്നതാണു പൊലീസിനെതിരെ വിമർശനത്തിനു കാരണമായത്. സജിത വധക്കേസിന്റെ വിചാരണ സമയത്തും പ്രതി കോടതിവളപ്പിൽ ഭീഷണി മുഴക്കിയിരുന്നു.
ആശങ്കയുടെ നാളുകൾ;ഒടുവിൽ ആശ്വാസം
പാലക്കാട് ∙ സജിത വധക്കേസിൽ പ്രതി ചെന്താമര കുറ്റക്കാരനെന്നു കോടതി കണ്ടെത്തിയതോടെ ഒരു നാടിന്റെ ഭീതിക്കുകൂടിയാണ് ശമനമാകുന്നത്.
സജിതയെ കൊലപ്പെടുത്തിയ ശേഷവും വധഭീഷണി മുഴക്കിയിരുന്ന പ്രതി ജാമ്യത്തിൽ കഴിയവേയാണു സജിതയുടെ ഭർത്താവ് സുധാകരനെയും അദ്ദേഹത്തിന്റെ അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയത്. ഇനിയും ചിലരെക്കൂടി ലക്ഷ്യമിട്ടിട്ടുണ്ടെന്നു ചെന്താമര ഭീഷണി മുഴക്കിയതാണു സജിതയുടെ ബന്ധുക്കളെയും നാട്ടുകാരെയും ഭയപ്പെടുത്തിയത്.
പ്രതിക്കെതിരെ മൊഴി നൽകാൻ പോലും ഭയപ്പെടുന്ന സാഹചര്യമായിരുന്നു. ഇതു മറികടക്കാൻ സാക്ഷികൾക്കുപൊലീസും പ്രോസിക്യൂഷനും പൂർണ പിന്തുണയും സംരക്ഷണവും നൽകി. സജിത വധക്കേസിൽ പ്രതി ചെന്താമരയുടെ സഹോദരന്റെ രഹസ്യമൊഴി കോടതി മുൻപാകെ പൊലീസ് ആദ്യം തന്നെ രേഖപ്പെടുത്തിയിരുന്നു. ഇതടക്കമുള്ള മൊഴികളും അനുബന്ധ തെളിവുകളും വിചാരണക്കോടതിയിൽ നിർണായകമായി.
ചെന്താമരയുടെ ഭാര്യ, കൊല്ലപ്പെട്ട സജിതയുടെ മകൾ, പ്രധാനസാക്ഷി പുഷ്പ എന്നിവരുടെ മൊഴികളും പ്രധാനമായിരുന്നു.
‘ഞാൻ അവളെ വെട്ടിക്കൊന്നു’
സജിത വധക്കേസിന്റെ ആദ്യത്തെ പ്രഥമ വിവര റിപ്പോർട്ടിൽ (എഫ്ഐആർ) പ്രതി ചെന്താമരയുടെ പേരില്ല.
ആ സമയത്ത് പ്രതി ആരെന്നു വ്യക്തമല്ലായിരുന്നു. ദൃക്സാക്ഷികളും ഇല്ല.ചെന്താമരയ്ക്കു സജിതയുടെ കുടുംബത്തോടുള്ള പകയെക്കുറിച്ച് പൊലീസിനു സൂചനകൾ ലഭിച്ചിരുന്നു.
കൊലപാതകം നടന്ന സമയത്തോടനുബന്ധിച്ചു പ്രതി ചെന്താമര അയാളുടെ വീട്ടിൽ നിന്ന് ഇറങ്ങുന്നതു കണ്ടെന്ന മൊഴികളും സഹായകരമായി.
സജിതയുടെ അയൽവീടാണ് ചെന്താമരയുടേത്.ചോരപുരണ്ട വസ്ത്രങ്ങൾ, കൊലയ്ക്ക് ഉപയോഗിച്ച ആയുധമടക്കം പ്രതി ചെന്താമരയുടെ ഭാര്യ തിരിച്ചറിഞ്ഞു.
ശാസ്ത്രീയ തെളിവുകളും ഉണ്ടായിരുന്നു.സജിതയുടെ രക്തക്കറ പുരണ്ട വസ്ത്രങ്ങളും രക്തക്കറ പുരണ്ട
ആയുധവും പ്രതിയുടെ വീട്ടിൽ നിന്നു കണ്ടെടുത്തതും നിർണായക തെളിവായി.കൊലയ്ക്കു ശേഷം, ‘ഞാൻ അവളെ വെട്ടിക്കൊന്നു’ എന്നു പ്രതി സഹോദരനെ വിളിച്ചറിയിച്ചിരുന്നു.
‘നീ എവിടെയെങ്കിലും പോയി ചത്തോ’ എന്നു താൻ മറുപടി പറഞ്ഞെന്ന സഹോദരന്റെ മൊഴിയും പ്രധാന തെളിവായി. ഫോൺ രേഖകളും ഉണ്ടായിരുന്നു.ചെന്താമര ലോറി ഡ്രൈവറായി പ്രവർത്തിച്ചിരുന്നപ്പോൾ ക്ലീനറായിരുന്ന വ്യക്തിയോടും കൊലപാതകത്തിനു മുൻപും ശേഷവും ഇതേക്കുറിച്ചു സൂചിപ്പിച്ചിരുന്നു. ഇതും ശക്തമായ തെളിവായി.
കേസിലെ സാക്ഷികൾ ആരും കൂറുമാറിയില്ല.
6 വർഷം, 68 സാക്ഷികൾ
ആകെ 68 സാക്ഷികൾ. പ്രതി ചെന്താമരയുടെ ഭാര്യ, സഹോദരൻ, കൊല്ലപ്പെട്ട
സജിതയുടെ മകൾ, ഫൊറൻസിക്, സയന്റിഫിക് ഉദ്യോഗസ്ഥർ ഉൾപ്പെടെ 44 പേരെ പ്രോസിക്യൂഷൻ സാക്ഷികളായി വിസ്തരിച്ചു. 2019ൽ നടന്ന സംഭവത്തിന്റെ കുറ്റപത്രം സമർപ്പിച്ചതു 2020ൽ.
ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ കൂടി ലഭിച്ചതോടെ 2025 ഓഗസ്റ്റ് 4നു സാക്ഷിവിസ്താരം ആരംഭിച്ചു.നെന്മാറ ഇൻസ്പെക്ടറായിരുന്ന എ.ദീപകുമാറാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം.ജെ.വിജയകുമാർ ഹാജരായി.
എഎസ്ഐ കെ.ജിനപ്രസാദ് പ്രോസിക്യൂഷനെ സഹായിച്ചു. നെന്മാറ ഇരട്ടക്കൊലപാതകക്കേസിലും ഉടൻ വിചാരണ ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് അധികൃതർ.
കൊലകൾക്കു ശേഷം വനത്തിൽ ഒളിക്കൽ
2019ൽ സജിത വധത്തിനു ശേഷവും 2025ൽ സജിതയുടെ ഭർത്താവ്, ഇദ്ദേഹത്തിന്റെ അമ്മ എന്നിവരെ കൊലപ്പെടുത്തിയ ശേഷവും പ്രതി ചെന്താമര ഒളിച്ചത് സമീപത്തെ പോത്തുണ്ടി വനമേഖലയിൽ. ഈ വനത്തിലെ മുക്കും മൂലയും വരെ ചെന്താമരയ്ക്കു പരിചിതമായിരുന്നു.
വനമേഖലയിൽ പൊലീസ് തിരയുമ്പോഴും ഇയാൾ അവിടെത്തന്നെ സുരക്ഷിതമായി പൊലീസ് നീക്കം നിരീക്ഷിച്ച് ഒളിച്ചിരുന്നു.
‘വിശപ്പു സഹിക്കാതാകുമ്പോൾ അവൻ വരും’; 2019ൽ സജിതവധക്കേസിനു ശേഷവും 2025 ജനുവരിയിലെ ഇരട്ടക്കൊലപാതകത്തിനു ശേഷവും പ്രതിയെത്തേടി പൊലീസ് നെട്ടോട്ടമോടിയപ്പോൾ ചെന്താമരയുടെ സഹോദരൻ അവരോടു പറഞ്ഞ വാക്കുകളാണിത്. പൊലീസ് ഈ വാക്കു വിശ്വസിച്ചു വലവിരിച്ചു.
പ്രതി ചെന്താമര ആ വലയിൽ വീണു. ആലത്തൂർ ഡിവൈഎസ്പി എൻ.മുരളീധരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇരട്ടക്കൊലയിൽ പ്രതിയെ പിടികൂടിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]