അസാമാന്യമായ ഇച്ഛാശക്തികൊണ്ട് രോഗത്തോടും വിധിയോടും പോരാടിയ കെ.ഭുവനേശ്വരി (51) അന്തരിച്ചു. തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശിനിയായ ഭുവനേശ്വരി ഒറ്റപ്പാലം തോട്ടക്കര കീർത്തി നഗർ കൊട്ടപ്പാടത്ത് സൂര്യപ്രകാശ് നാരായണന്റെ ഭാര്യയാണ്.
ജീവിതത്തിന്റെ അവസാന നിമിഷം വരെയും തളരാത്ത മനസ്സിന്റെ ഉടമയായിരുന്നു അവർ. നടൻ അജിത്തിന്റെ പ്രശസ്തമായ സിനിമാഡയലോഗ് ആയിരുന്നു അവരുടെ മൊബൈൽ ഫോണിലെ കോളർ ട്യൂൺ: ‘ഇന്ത ഉലകമേ ഉന്നൈ എതിർത്താലും എല്ലാ സൂഴ്നിലയും നീ തോത്തിട്ടേ തോത്തിട്ടേയെന്ന് ഉൻ മുന്നാടി നിന്ന് അലറ്നാലും, നീയാ ഒത്തുക്കറവരയ്ക്കും എവനാലും എങ്കേയും എപ്പോവും ഉന്നൈ ജയിക്കമുടിയാത്… നെവർ, എവർ, ഗിവ്അപ്’.
വർഷങ്ങൾക്ക് മുൻപ് പ്രതിസന്ധികൾക്കിടയിൽ മരണം മുന്നിൽ കണ്ടിട്ടും അതിജീവനത്തിന്റെ പാത തിരഞ്ഞെടുത്ത വ്യക്തിയായിരുന്നു ഭുവനേശ്വരി. തമിഴ്നാട്ടിൽ വച്ച് ബൈക്ക് അപകടത്തിൽപ്പെട്ടതിനെത്തുടർന്നുണ്ടായ മുറിവാണ് പിന്നീട് അർബുദരോഗത്തിലേക്കു നയിച്ചത്.
ആറു മാസത്തിൽ കൂടുതൽ ആയുസ്സുണ്ടാകില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയപ്പോഴും ‘മരിക്കാൻ എനിക്കു മനസ്സില്ല’ എന്ന ഉറച്ച തീരുമാനത്തോടെ അവർ മുന്നോട്ടുപോയി. പത്തു വർഷത്തിനിടെ 12 ശസ്ത്രക്രിയകളാണ് അവർക്ക് വേണ്ടി വന്നത്.
സ്വയം എഴുന്നേറ്റു നടക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ പോലും തളരാതെ, ‘എന്റെ മരണം തീരുമാനിക്കാൻ നിങ്ങൾ ദൈവമൊന്നുമല്ല, ഡോക്ടർ മാത്രമാണ്. എനിക്കു രണ്ടു പെൺമക്കളുണ്ട്.
അവരെ വളർത്തി വലുതാക്കണം’ എന്ന് ഡോക്ടറോട് അർത്ഥശങ്കയ്ക്കിടമില്ലാതെ ഭുവനേശ്വരി പറഞ്ഞിരുന്നു. പുതുച്ചേരിയിലെ ആശുപത്രിയിൽ വെച്ച് ഡോ.
ആനന്ദ് നടത്തിയ ശസ്ത്രക്രിയകൾ ചരിത്രമായിരുന്നു. 2014 ജനുവരി 5-ന് ആരംഭിച്ച 23 മണിക്കൂർ നീണ്ട
ശസ്ത്രക്രിയയും, തുടർന്നുണ്ടായ സങ്കീർണ്ണതകൾക്കിടയിൽ 19 മണിക്കൂർ നീണ്ട മറ്റൊരു ശസ്ത്രക്രിയയും അവർ ധീരതയോടെ നേരിട്ടു.
രോഗത്തെ ഭയന്ന് മരിക്കരുതെന്ന് വിശ്വസിച്ചിരുന്ന ഭുവനേശ്വരി, ചിരിക്കുന്നതും കരയുന്നതും നമ്മുടെ തീരുമാനമാണെന്ന് എപ്പോഴും ഓർമ്മിപ്പിക്കുമായിരുന്നു. ഒറ്റപ്പാലം തോട്ടക്കരയിലെ വസതിയിലായിരുന്നു അന്ത്യം.
സങ്കവി, സന്ധ്യ എന്നിവരാണ് മക്കൾ. വിപിൻ, വൈശാഖ് എന്നിവർ മരുമക്കളാണ്.

