ചരിത്രവും പാരമ്പര്യവും പറഞ്ഞാൽ കോൺഗ്രസിനോടു ചേർന്നു പോകുന്ന നാടാണ് ഒറ്റപ്പാലം. ഐക്യകേരളം എന്ന ആശയം ഉദിച്ചത് 1921ൽ ഒറ്റപ്പാലത്തു നടന്ന പ്രദേശ് കോൺഗ്രസ് സമ്മേളനത്തിലാണ്.
അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷപദവി വഹിച്ച ഏക മലയാളി ചേറ്റൂർ ശങ്കരൻ നായർ, സ്വതന്ത്ര ഇന്ത്യയിൽ ലയിക്കാൻ വിസമ്മതിച്ചു നിന്നിരുന്ന നാട്ടുരാജ്യങ്ങളെ മെരുക്കിയ വി.പി.മേനോൻ, സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ വിദേശകാര്യ സെക്രട്ടറിയായിരുന്ന കെ.പി.എസ്.മേനോൻ, ഒറ്റപ്പാലത്തിന്റെ എംപിയായി പിന്നീട് രാഷ്ട്രപതി പദവിയിലേക്കു വന്ന കെ.ആർ.നാരായണൻ തുടങ്ങി പറയാൻ പെരുമയേറെ. പക്ഷേ, രാഷ്ട്രീയ ചരിത്രത്തിൽ കോൺഗ്രസിനെ ഒറ്റപ്പാലം ജയിപ്പിച്ചതു രണ്ടു തവണ മാത്രം.
കഥ ഇതുവരെ
ഒറ്റപ്പാലത്തിന്റെ ആദ്യ നിയമസഭാ സാമാജികൻ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവായിരുന്ന പി.വി.കുഞ്ഞുണ്ണി നായരാണ്.
1957, 1960 തിരഞ്ഞെടുപ്പുകളിൽ കുഞ്ഞുണ്ണി നായർ ജയിച്ചു. 1967 മുതൽ 77 വരെ സിപിഎം നേതാവ് പി.പി.കൃഷ്ണൻ ജയിച്ചു.
കോൺഗ്രസ് ആദ്യമായി ഒറ്റപ്പാലം പിടിച്ചത് 1977ൽ പി.ബാലനിലൂടെയാണ്. 1980ൽ കോൺഗ്രസ് (യു) സ്ഥാനാർഥിയായും 1982ൽ കോൺഗ്രസ് (എസ്) സ്ഥാനാർഥിയായും വി.സി.കബീർ ഇടതുപക്ഷ വിജയം തുടർന്നു.
1987ൽ കബീറിനെ തോൽപിച്ച് കോൺഗ്രസ് നേതാവ് കെ.ശങ്കരനാരായണൻ ഒറ്റപ്പാലത്തു കോൺഗ്രസിന്റെ രണ്ടാം വിജയം രേഖപ്പെടുത്തി.
1991ൽ രാജീവ്ഗാന്ധി വധത്തിനു ശേഷം ശക്തമായ കോൺഗ്രസ് തരംഗമുണ്ടായിട്ടും ഇടതുസ്ഥാനാർഥി വി.സി.കബീറിനായിരുന്നു ജയം. 2006വരെ അദ്ദേഹം ഒറ്റപ്പാലത്തെ പ്രതിനിധീകരിച്ചു.
മാതൃസംഘടനയിലേക്കു മടങ്ങുകയാണെന്നു പ്രഖ്യാപിച്ചു കോൺഗ്രസിൽ ചേർന്ന കബീർ 2006ലെ തിരഞ്ഞെടുപ്പിൽ സിപിഎമ്മിലെ എം.ഹംസയോടു പരാജയപ്പെട്ടു. 2011ലും ഹംസ വിജയിച്ചു.
2016ൽ സിപിഎമ്മിലെ പി.ഉണ്ണിയാണ് ജയിച്ചത്. 2021ൽ ഡിവൈഎഫ്ഐ നേതാവും സ്പോർട്സ് കൗൺസിൽ പ്രസിഡന്റുമായ കെ.പ്രേംകുമാർ വെന്നിക്കൊടി നാട്ടി.
അന്നു പ്രേംകുമാർ പരാജയപ്പെടുത്തിയ കോൺഗ്രസ് സ്ഥാനാർഥി, മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥൻ ഡോ.പി.സരിൻ ഇപ്പോൾ ഇടതുപക്ഷത്താണ്.
കണക്കിലെ കാര്യം
ഏതൊക്കെ കണക്കു നോക്കിയാലും തങ്ങൾക്കു തന്നെയാണ് മുൻതൂക്കമെന്ന് ഇടതുപക്ഷത്തിനു കണ്ണടച്ചുപറയാൻ കഴിയില്ല. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒറ്റപ്പാലം നിയോജകമണ്ഡലത്തിൽ 2208 വോട്ടുകളുടെ ലീഡ് കോൺഗ്രസിലെ വി.കെ.ശ്രീകണ്ഠൻ നേടി.
ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിനു നിരാശയായിരുന്നെങ്കിലും മണ്ഡലം പരിധിയിലെ കടമ്പഴിപ്പുറം ജില്ലാ പഞ്ചായത്ത് ഡിവിഷൻ വിജയിച്ചു. സംസ്ഥാനത്തു തന്നെ ശ്രദ്ധേയമായ മത്സരമായിരുന്നു കഴിഞ്ഞ തവണ കെ.പ്രേംകുമാറും പി.സരിനും തമ്മിൽ നടന്നത്.
അട്ടിമറി വിജയം നേടുമെന്നു സരിൻ കണക്കുകൾ നിരത്തി അവകാശപ്പെട്ടെങ്കിലും ജയിച്ചതു പ്രേംകുമാറാണ്.
എംഎൽഎ എന്ന രീതിയിൽ മികച്ച പ്രകടനം കാഴ്ചവച്ച പ്രേംകുമാറിനു രണ്ടാമതും അവസരം നൽകാതിരിക്കാൻ കാരണമൊന്നും സഖാക്കൾ കാണുന്നില്ല. അതേസമയം, കഴിഞ്ഞ തവണത്തെ കോൺഗ്രസ് സ്ഥാനാർഥി ഡോ.പി.സരിൻ ഇത്തവണ സിപിഎം സ്ഥാനാർഥിയായി മത്സരിക്കുമെന്നു പ്രചാരണം നടക്കുന്നു.
2021ൽ ഒറ്റപ്പാലത്ത് സ്ഥാനാർഥിയായി കെപിസിസി സെക്രട്ടറിയും അധ്യാപക സംഘടന നേതാവുമായ പി.ഹരിഗോവിന്ദനെ തീരുമാനിച്ചതാണ്. അദ്ദേഹം അനൗദ്യോഗികമായി പ്രചാരണം നടത്തുന്നതിനിടെയാണു സരിനു വേണ്ടി സീറ്റ് മാറണമെന്ന് എഐസിസി അഭ്യർഥിച്ചത്.
ഒരു പരാതിയുമില്ലാതെ അനുസരിച്ച ഹരിഗോവിന്ദൻ ഇത്തവണ കോൺഗ്രസ് സ്ഥാനാർഥിയാകാനാണു സാധ്യത.എന്നാൽ, മുൻ സിപിഎം എംഎൽഎ പി.കെ.ശശി യുഡിഎഫുമായി സഹകരിച്ചാൽ അദ്ദേഹം ഒറ്റപ്പാലത്തു മത്സരിച്ചേക്കുമെന്നു പ്രചാരണമുണ്ട്.
പക്ഷേ, കോൺഗ്രസിന്റെ സംഘടനാ സംവിധാനം മണ്ഡലത്തിൽ ദുർബലമാണ്. സിപിഎം ഭരിക്കുന്ന പല തദ്ദേശ സ്ഥാപനങ്ങളിലും രണ്ടാം സ്ഥാനത്ത് ബിജെപിയാണ്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെയും ഇക്കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിലെയും പ്രകടനം ബിജെപിക്കു പ്രതീക്ഷ നൽകുന്നതാണ്. മുൻ ജില്ലാ പ്രസിഡന്റ് കെ.എം.ഹരിദാസ്, കഴിഞ്ഞ തവണ മത്സരിച്ച പി.വേണുഗോപാലൻ എന്നിവരെയാണു ബിജെപി പരിഗണിക്കുന്നത്.
തദ്ദേശ സ്ഥാപനങ്ങൾ
ഒറ്റപ്പാലം നഗരസഭ, ലക്കിടി – പേരൂർ, അമ്പലപ്പാറ, പൂക്കോട്ടുകാവ്, കടമ്പഴിപ്പുറം, ശ്രീകൃഷ്ണപുരം, കരിമ്പുഴ, തച്ചനാട്ടുകര പഞ്ചായത്തുകൾ.
2021 നിയമസഭാ ഫലം
ഭൂരിപക്ഷം: 15,152 (എൽഡിഎഫ്)
കെ.പ്രേംകുമാർ (സിപിഎം): 74,859
ഡോ.പി.സരിൻ (കോൺ): 59,707
പി.വേണുഗോപാലൻ (ബിജെപി): 25,056
പി.പി.ശിവൻ (ബിഎസ്പി): 672
2025 തദ്ദേശ തിരഞ്ഞെടുപ്പ്
ഭൂരിപക്ഷം: 15,379 (എൽഡിഎഫ്)
യുഡിഎഫ് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങൾ: കരിമ്പുഴ, തച്ചനാട്ടുകര
എൽഡിഎഫ് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങൾ: ഒറ്റപ്പാലം നഗരസഭ, ലക്കിടി– പേരൂർ, അമ്പലപ്പാറ, പൂക്കോട്ടുകാവ്, കടമ്പഴിപ്പുറം, ശ്രീകൃഷ്ണപുരം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

