കോയമ്പത്തൂർ ∙ ഒട്ടേറെ ക്രിമിനൽ കേസിലെ പ്രതികളും സഹോദരന്മാരുമായ കറുപ്പസ്വാമി (സതീശ്–30), കാളീശ്വരൻ (20) ബന്ധുവായ മധുര കറുപ്പായൂരണി സ്വദേശി എൻ.തപസി (ഗുണ–21) എന്നിവർക്ക് കോയമ്പത്തൂരുമായുള്ളത് ദീർഘകാല ബന്ധം. അവസാനമായി സത്യമംഗലം പൊലീസ് സ്റ്റേഷൻ പരിധിയിലെ കവർച്ച നടത്തിയതിന് ഒരു മാസം മുമ്പാണ് ഇവർ ജാമ്യത്തിലിറങ്ങിയത്.
കിണത്തുക്കടവ് സ്റ്റേഷൻ പരിധിയിൽ കൊലക്കേസിൽ പ്രതികളായതിനെ തുടർന്ന് പലയിടങ്ങളിലും മാറിമാറി താമസിച്ചാണ് കെട്ടിട നിർമാണ ജോലിക്ക് പോയിരുന്നത്.
പണമില്ലെങ്കിൽ കവർച്ച നടത്തുന്നതും പതിവാക്കിയിരുന്നു.ചെറുപ്രായത്തിൽ മാതാപിതാക്കൾക്കൊപ്പം ജോലി തേടി എത്തിയവരാണ് കറുപ്പ സ്വാമിയും കാളീശ്വരനും.
പിന്നീട് പണം ഉണ്ടാക്കാനായി കവർച്ചയും പിടിച്ചുപറിയും തുടർന്നു. അവിവാഹിതരായ പ്രതികൾ അവധി ദിവസങ്ങളിൽ മദ്യപാനത്തിനായാണ് പണം വിനിയോഗിക്കുന്നതെന്ന് പൊലീസിനോട് പറഞ്ഞു.
3 ദിവസം മുൻപ് കോവിൽ പാളയത്ത് വീടിനു മുന്നിൽ നിർത്തിയിട്ട ടിവിഎസ് എക്സൽ ഇരുചക്ര വാഹനം മോഷ്ടിച്ചാണ് നഗരത്തിൽ കറങ്ങിയിരുന്നത്.
റൂറൽ പൊലീസിന്റെ പരിധിയിലുള്ള കോവിൽ പാളയം പൊലീസ് കേസെടുത്തെങ്കിലും അന്വേഷണം വിപുലപ്പെടുത്തിയില്ല. വാഹനം സിറ്റി പൊലീസിന്റെ പരിധിയിൽ കുറ്റവാളികൾ തുടർന്നും ഉപയോഗിക്കുകയും കുറ്റകൃത്യത്തിന് ഉപയോഗിക്കുകയും ചെയ്തു.
കുറ്റവാളികൾ വാഹനവുമായി നഗരത്തിൽ നിന്നു കടന്നിരുന്നെങ്കിൽ പിടിയിലാകാൻ വൈകിയേനെ.ഇരുചക്രവാഹനം പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിമാനത്താവളത്തിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതികളെ കണ്ടെത്തുന്ന ഡിറ്റക്ടർ ഉപയോഗിച്ച് ഇരുവരെയും തിരിച്ചറിഞ്ഞത്.
ഒരേ വാഹനത്തിൽ മൂന്നുപേരും രണ്ട് മദ്യഷാപ്പുകളിൽ എത്തിയതും ദൃശ്യങ്ങളിൽ കണ്ടെത്തി. മുന്നൂറോളം സിസിടിവി ക്യാമറകൾ പരിശോധിച്ചു.
ഇതിൽ പല അപ്പാർട്മെന്റുകളിലും വച്ചിരുന്ന പകുതിയോളം ക്യാമറകളും പ്രവർത്തിച്ചിരുന്നില്ലെന്ന് കമ്മിഷണർ പറഞ്ഞു. പൊലീസിനെയും സമൂഹത്തെയും സംരക്ഷിക്കാൻ ക്യാമറകൾ ഘടിപ്പിക്കുന്ന വീട്ടുടമകൾ അത് പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
സിറ്റി, റൂറൽ പൊലീസ് ഏകോപനം ഉണ്ടായിരുന്നുവെങ്കിൽ ഇരുചക്രവാഹനം മോഷ്ടിച്ചപ്പോൾ തന്നെ പ്രതികളെ കുടുക്കാമായിരുന്നു.പൊലീസിന്റെ കുറ്റവാളി പട്ടികയിലുള്ള പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും പിടികൂടാൻ ഇവരുടെ കൈവശം ഉണ്ടായിരുന്ന ഫോൺ സിഗ്നലും സഹായകരമായി.
പീഡിപ്പിച്ച ശേഷം പെൺകുട്ടിയുടെ കയ്യിൽ ഉണ്ടായിരുന്ന ഐഫോണും മോതിരവും ഇവർ കവർന്നിരുന്നു. ഞായറാഴ്ച രാത്രി എയർപോർട്ടിന് സമീപത്തെ ഒഴിഞ്ഞ സ്ഥലത്ത് മദ്യപിച്ച പ്രതികൾ, കാർ പരിശോധിച്ചപ്പോഴാണ് കോളജ് വിദ്യാർഥിനിയെയും സുഹൃത്തിനെയും കണ്ടെത്തി ഭീഷണിപ്പെടുത്തിയത്.
അവസരം കിട്ടിയാൽ കവർച്ച നടത്തുന്ന പ്രതികൾ, ഇതിനായി കരുതിയിരുന്ന വെട്ടുകത്തിയും മറ്റൊരു ചെറിയ കത്തിയും ഉപയോഗിച്ചാണ് ഇരുവരെയും ആക്രമിച്ചത്.
കാറിന്റെ വശത്തെ ഡോറിന്റെ ചില്ലുകൾ തകർത്ത് വാതിൽ തുറന്ന പ്രതികൾ എതിർത്ത യുവാവിന്റെ തലയിൽ വെട്ടി പരുക്കേൽപ്പിച്ചു. ഇതോടെ യുവാവ് ബോധരഹിതനായി.
യുവതിയെ റെയിൽവേ ട്രാക്കിന് സമീപത്തെ കുറ്റിക്കാട്ടിലേക്ക് മൂന്നുപേരും ചേർന്ന് വലിച്ചുകൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ നിലവിളി ശബ്ദം പരിസരത്തെ ചില വീട്ടുകാർ ശ്രദ്ധിച്ചെങ്കിലും പ്രദേശത്ത് ഇരുട്ടിന്റെ മറവിൽ നിരന്തരം കവർച്ച ഉൾപ്പെടെ നടക്കുന്നതിനാൽ കാര്യമാക്കിയില്ല.രാത്രി വൈകി ബോധം തെളിഞ്ഞ യുവാവ് പരിസരത്ത് അന്വേഷിച്ചെങ്കിലും യുവതിയെ കണ്ടെത്താനാവാതെ വന്നതിനെ തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
യുവാവിനെ രക്ഷപ്പെടുത്തിയതിനു ശേഷം നൂറോളം പൊലീസുകാർ ഇരുട്ടിൽ ടോർച്ച് വെളിച്ചത്തിൽ സ്ഥലത്ത് തിരച്ചിൽ നടത്തിയെങ്കിലും റെയിൽവേ ട്രാക്കിനോട് ചേർന്ന ചുമരിന് അപ്പുറം പരിശോധന നടത്താൻ വൈകിയത് കാരണം സംഭവം നടന്ന് 5 മണിക്കൂറിനു ശേഷമാണ് യുവതിയെ കണ്ടെത്താൻ സാധിച്ചതെന്ന് പൊലീസ് സമ്മതിച്ചു.സംഭവസ്ഥലത്തിന് ചുറ്റുമായി ഒട്ടേറെ പൊലീസുകാരെ കണ്ട
പ്രദേശവാസികൾ വിഐപി സന്ദർശനവുമായി ബന്ധപ്പെട്ട് വിമാനത്താവള സുരക്ഷയ്ക്കായി എത്തിയതാണെന്ന് ആദ്യഘട്ടത്തിൽ കരുതിയത്. ചാനലുകളിൽ വാർത്ത വന്ന ശേഷമാണ് പ്രദേശവാസികൾക്ക് തൊട്ടടുത്ത സ്ഥലത്ത് നടന്ന കുറ്റകൃത്യം സംബന്ധിച്ച് വിവരം ലഭിച്ചത്.
2020-ൽ 40 രൂപയ്ക്ക് വേണ്ടി തേനി സ്വദേശിയെ കൊലപ്പെടുത്തിയതിനു ശേഷം പ്രദേശത്തെ മദ്യ ഷോപ്പ് പൂട്ടിച്ചിരുന്നു. തുടർച്ചയായി കുറ്റകൃത്യം നടക്കുന്നതിനാൽ റോന്ത് പൊലീസ് രാത്രികാലങ്ങളിൽ യാത്ര വിലക്കിയിരുന്ന സ്ഥലം കൂടിയാണ് ഇവിടം.എയർപോർട്ട് റോഡിലൂടെ വൃന്ദാവൻ നഗർ-എസ്ഐഎച്ച്എസ് കോളനി-നീലിക്കോണം പാളയം ഭാഗത്തേക്കുള്ള മൺറോഡിൽ സ്ഥിരമായുള്ള റോന്ത്, സംഭവം ദിവസം നടന്നിട്ടില്ല.
ഇപ്പോൾ രണ്ട് റോന്ത് പൊലീസ് വാഹനങ്ങൾ സംഭവ സ്ഥലത്ത് റോന്തിനായി നിയോഗിച്ചിട്ടുണ്ട്. 5 ബീറ്റ് ഓഫിസർമാർ ദിവസേന സ്ഥലം സന്ദർശിക്കുകയും ചെയ്യും.മധുരയിലെ പൊലീസ് ഉദ്യോഗസ്ഥന്റെ മകളാണ് ഇരയായ പെൺകുട്ടി.
അദ്ദേഹം രണ്ടുവർഷം മുമ്പാണ് ജോലിയിലിരിക്കെ മരിച്ചത്.
നിലവിൽ ആരോഗ്യം വീണ്ടെടുത്ത പെൺകുട്ടിക്ക് മറ്റൊരു സ്വകാര്യ ആശുപത്രിയിൽ മാനസികാരോഗ്യ ചികിത്സ, കൗൺസലിങ് എന്നിവ തുടർച്ചയായി നൽകുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. തിരിച്ചറിയൽ പരേഡ് നടക്കുന്നത് വരെ പ്രതികളുടെ ചിത്രങ്ങൾ പുറത്ത് വിടരുതെന്ന് കമ്മിഷണർ അഭ്യർഥിച്ചു.
ഇതേപോലെ അക്രമത്തിന് ഇരയായ യുവാവ് സുഖം പ്രാപിച്ചു വരുന്നു.നഗരത്തിൽ നിലവിൽ 59 റോന്ത് വാഹനങ്ങളാണ് ഒരേസമയം ഉപയോഗിക്കുന്നത്. ഇവ നിർത്തിയിടാതെ, തുടർച്ചയായി ഉപയോഗിക്കുന്നുണ്ടോ എന്ന് അറിയാൻ ജിപിഎസ് മുഖേന നിരന്തരം പരിശോധിക്കുന്നുണ്ടെന്ന് കമ്മിഷണർ പറഞ്ഞു.
എന്നാൽ സംഭവദിവസം, സംഭവ സമയത്ത് എയർപോർട്ടിന് സമീപത്തെ പൂങ്കാനഗർ, വൃന്ദാവൻ നഗർ പരിധിവരെ മാത്രമാണ് റോന്ത് വാഹനം വന്നതെന്ന് അദ്ദേഹം സമ്മതിച്ചു.
നഗരത്തിലെ 25 ലക്ഷത്തോളം ജനസംഖ്യയ്ക്ക് അനുസരിച്ചുള്ള സേനാബലം പൊലീസിനുണ്ടെന്ന് അവകാശപ്പെട്ട കമ്മിഷണർ കൂടുതൽ പൊലീസ് സേനയെ ആവശ്യപ്പെട്ട് രണ്ടുദിവസത്തിനകം സർക്കാരിന് കത്ത് നൽകുകയും നേരിട്ട് ഡിജിപിയെ കാണുകയും ചെയ്യുമെന്നും അറിയിച്ചു.
ഒരാഴ്ചയ്ക്കകം നഗരത്തിൽ 1,400 ക്യാമറകൾ സ്ഥാപിക്കും
പ്രതികൾക്കെതിരെ കൂട്ട
ബലാത്സംഗം, വധശ്രമം, കവർച്ച ഉൾപ്പെടെ 5 വകുപ്പുകളിലാണ് കേസെടുത്തിട്ടുള്ളത്. ഇവർക്കെതിരെ ഗുണ്ടാനിയമം ചുമത്താൻ ശുപാർശ ചെയ്യും.
നിലവിൽ നഗരത്തിലെ കുറ്റവാളികളെ തുരത്താനായി സ്വത്തുക്കൾ റവന്യു വകുപ്പ് വഴി തടഞ്ഞു വയ്ക്കുകയും ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുകയും നഗരത്തിൽ നിന്ന് പുറത്താക്കുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് കുറ്റകൃത്യ നിരക്ക് ഈ വർഷം നഗരത്തിൽ കുറഞ്ഞിട്ടുണ്ടെന്ന് കമ്മിഷണർ അവകാശപ്പെട്ടു.
നഗരത്തിൽ ഒരാഴ്ചയ്ക്കകം കുറ്റവാളികളെ തിരിച്ചറിയാനുള്ള 1,400 ക്യാമറകൾ സ്ഥാപിക്കുമെന്നും കമ്മിഷണർ പറഞ്ഞു.സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ കോയമ്പത്തൂരിലാണ് ഏറ്റവും കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഐടി, വ്യവസായ മേഖലകളുമുള്ളത്.
2026 തുടങ്ങുമ്പോൾ കൂടുതലായി 35,000 ൽ പരം ഐടി ജീവനക്കാർ വിമാനത്താവളത്തിന്റെ പരിസരപ്രദേശങ്ങളിൽ ജോലിക്കും താമസത്തിനുമായി എത്തിച്ചേരും. കൂടാതെ ആയിരക്കണക്കിന് വിദ്യാർഥികളാണ് സ്കൂൾ മുതൽ ഉന്നത വിദ്യാഭ്യാസം വരെ പഠനം നടത്തുന്നത്.
ഇവർക്കായി പൊലീസ് അക്ക, പൊലീസ് ബ്രോ ആപ്പുകൾ പുറത്തിറക്കിയിട്ടുണ്ട്. ആപ്പുകൾ ഡൗൺലോഡ് ചെയ്താൽ, ഫോൺ വിളിക്കാതെ അത്യാവശ്യം ഘട്ടങ്ങളിൽ മൂന്നുതവണ കുലുക്കിയാൽ മാത്രം പൊലീസ് ഇൻഫർമേഷൻ സെന്ററിലേക്ക് സംസ്ഥാന വ്യാപകമായി വിളിയെത്തും.
ഉടൻതന്നെ സഹായവുമായി പൊലീസ് സ്ഥലത്തെത്തുമെന്നും എല്ലാവരും ആപ്പ് ഡൗൺലോഡ് ചെയ്യണമെന്നും കമ്മിഷണർ അഭ്യർഥിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

