ഒറ്റപ്പാലം ∙ റവന്യു റിക്കവറി നടപടിയുടെ ഭാഗമായി വിഛേദിക്കപ്പെട്ട ശുദ്ധജല കണക്ഷൻ കുടിശിക അടച്ചു 4 മാസം പിന്നിടുമ്പോഴും പുനഃസ്ഥാപിച്ചു നൽകിയില്ല.
ശുദ്ധജല പ്രതിസന്ധി രൂക്ഷമായ കൊടും വേനലിൽ വലയുകയാണു കുടുംബം. സൗത്ത് പനമണ്ണ എഴുത്തച്ഛൻകളം പറമ്പിൽ കണ്ണന്റെ വീട്ടിലെ കണക്ഷനാണു ഡിസംബർ അവസാനം വിഛേദിച്ചത്.
2024 ഡിസംബർ 23 മുതൽ 2025 ഡിസംബർ വരെയുള്ള കുടിശികയുടെ പേരിലായിരുന്നു നടപടി. പിന്നാലെ റവന്യു റിക്കവറി നോട്ടിസുമെത്തി.
നോട്ടിസ് ലഭിച്ചതിനു പിന്നാലെ ജനുവരി 7ന് 3185 രൂപ ഒറ്റപ്പാലം (ഒന്ന്) വില്ലേജ് ഓഫിസിൽ അടച്ചു കുടിശിക തീർത്തു ജപ്തി നടപടിയിൽ നിന്ന് ഒഴിവായി. അടുത്ത ദിവസം ജല അതോറിറ്റി കണക്ഷൻ പുനഃസ്ഥാപിച്ചെങ്കിലും മണിക്കൂറുകൾക്കകം വീണ്ടും വിഛേദിച്ചു.
റവന്യു വകുപ്പിൽ അടച്ച പണം ജലവിഭവ വകുപ്പിലേക്ക് എത്താത്തതാണു പ്രശ്നം.
റവന്യു വകുപ്പിൽ നിന്നു ട്രഷറി വഴി ജല അതോറിറ്റിയുടെ അക്കൗണ്ടിലേക്കു പണം അയയ്ക്കാനുള്ള സാങ്കേതിക പ്രശ്നമാണു കണക്ഷൻ പുനഃസ്ഥാപിക്കുന്നതിനു തടസ്സം. സമാനമായ പ്രതിസന്ധി മറ്റു പല ഉപയോക്താക്കൾക്കുമുണ്ട്.ഇക്കാര്യം ലാൻഡ് റവന്യു കമ്മിഷണറുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നു റവന്യു ഉദ്യോഗസ്ഥർ അറിയിച്ചു.
പലവട്ടം വില്ലേജ് ഓഫിസുമായി ബന്ധപ്പെട്ടപ്പോഴും തിരഞ്ഞെടുപ്പു കഴിയട്ടെ എന്നായിരുന്നു മറുപടി. തിരഞ്ഞെടുപ്പു കഴിഞ്ഞു മൂന്നാഴ്ച തികയുമ്പോഴും വെള്ളം കിട്ടിയിട്ടില്ല.
സമീപവീട്ടിലെ കിണറ്റിൽ നിന്നു വെള്ളം എത്തിച്ചാണു കണ്ണനും കുടുംബവും ഉപയോഗിക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

