നെന്മാറ ∙ പോത്തുണ്ടി ഡാമിന്റെ ജലനിരപ്പ് ആശങ്കാജനകമായി കുറഞ്ഞു. കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയാൽ പോലും നിലവിൽ വിതരണം നടത്തുന്ന പ്രദേശങ്ങളിലേക്ക് ഈ മാസം മുഴുവൻ ശുദ്ധജലം വിതരണം ചെയ്യാൻ കഴിയുമോ എന്ന കടുത്ത ആശങ്കയിലാണ് അധികൃതർ.
രണ്ടാംവിള കൃഷിക്കു ജലവിതരണം നടത്തിയ ശേഷം കുടിവെള്ളത്തിനു വേണ്ടി നീക്കിവച്ചതിൽ വലിയ കുറവു വന്നത് വിനയായി.
ഇടമഴ പോലും ലഭിക്കാത്ത സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങളിലേക്കു കടക്കുകയാണ് അധികൃതർ.
പോത്തുണ്ടി ഡാമിൽ നിന്നു നെന്മാറ, അയിലൂർ, മേലാർകോട് പഞ്ചായത്തുകളിലേക്കു മാത്രം വിതരണം നടത്തിവന്ന ശുദ്ധജല വിതരണ പദ്ധതി വ്യാപിപ്പിച്ചെങ്കിലും എലവഞ്ചേരി ഒഴികെ മറ്റു പഞ്ചായത്തുകളിലേക്കുള്ള വിതരണം നിർത്തിവച്ചിരിക്കുയാണ്. പല്ലശ്ശന പഞ്ചായത്തിൽ നിർമിച്ച കുടിവെള്ള ടാങ്കിലൂടെ മാർച്ച് ഒന്നു വരെ വിതരണം നടത്തിയെങ്കിലും നിർത്തിവച്ചു.
എരിമയൂരിലേക്കും പരിശോധനയ്ക്കായി ജലവിതരണം നടത്തിയിരുന്നെങ്കിലും അതും നിർത്തലാക്കി. അയിലൂർ പഞ്ചായത്തിലേക്കുള്ള വിതരണം 3 ദിവസത്തിലൊരിക്കൽ ആക്കിയിരിക്കുകയാണ്.
മുഴുവൻ സമയവും ജലവിതരണം നടത്തിയിരുന്ന നെന്മാറ പഞ്ചായത്തിൽ ടൗൺ ഒഴികെ ഉൾപ്രദേശത്തേക്കുള്ള വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.
355 അടി പരമാവധി സംഭണശേഷിയുള്ള പോത്തുണ്ടി ഡാം മഴക്കാലത്ത് നിറഞ്ഞു കവിഞ്ഞിരുന്നു. രണ്ടാംവിള കൃഷിക്കു തുറന്ന ശേഷം 307 അടിയായിരുന്നു ജലനിരപ്പ്.
315 അടി വെള്ളമെങ്കിലും നീക്കിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായി ജല അതോറിറ്റി ഉദ്യോഗസ്ഥർ പറഞ്ഞു. വേനൽ കടുത്തതും തുടർച്ചയായ ഉപയോഗവും കാരണം ജലനിരപ്പ് ഇന്നലെ 305 അടിയിലെത്തി.
രണ്ട് അടി കൂടി കുറഞ്ഞാൽ ശുദ്ധജല വിതരണ പദ്ധതി അവതാളത്തിലാകും. പോത്തുണ്ടി ശുദ്ധജലവിതരണ പദ്ധതി പ്ലാന്റിലേക്കു വെള്ളം ആയാസകരമായി ഒഴുകുന്നില്ല.
307 അടി മുതൽ തന്നെ ബൂസ്റ്റർ ഉപയോഗിച്ചാണ് പമ്പിങ് നടത്തിവരുന്നത്. 303 എത്തിയാൽ ഇതും താളംതെറ്റും.
മേയിൽ മഴ ഇല്ലാതായാൽ പദ്ധതി അവതാളത്തിലാകും.
∙ ശാസ്ത്രീയ പഠനം നടത്താതെ 6 പഞ്ചായത്തുകളിലേക്കു കൂടി ജലവിതരണം നടത്താനുള്ള സമഗ്ര ശുദ്ധജലവിതരണ പദ്ധതി സംബന്ധിച്ച വിമർശനം മുറുകുകയാണ്. വേണ്ടത്ര ജല ലഭ്യത ഉറപ്പാക്കാതെ പദ്ധതി വ്യാപിപ്പിച്ചതിനെതിരെ സമീപ പഞ്ചായത്ത് പ്രദേശത്തുകാർക്ക് വലിയ പ്രതിഷേധമുണ്ട്.
കൂടുതൽ സമയം പമ്പിങ് നടത്താനുള്ള വൈദ്യുതിയുടെ ലഭ്യത ഉറപ്പാക്കാൻ പോത്തുണ്ടിയിൽ ട്രാൻസ്ഫോമർ സ്ഥാപിച്ചെങ്കിലും കെഎസ്ഇബിയുടെ നടപടി കാത്തു കഴിയുകയാണ്.
നെന്മാറ, അയിലൂർ, മേലാർകോട് പഞ്ചായത്തുകൾക്കു പുറമേ എലവഞ്ചേരി, പല്ലശ്ശന, എരിമയൂർ, ആലത്തൂർ, കാവശ്ശേരി, പുതുക്കോട് പഞ്ചായത്തുകളിലേക്കു കൂടി ജലവിതരണം നടത്താനാണ് കിഫ്ബിയുടെ 180 കോടി വിനിയോഗിച്ചുള്ള പോത്തുണ്ടി ഡാം സമഗ്ര ശുദ്ധജല പദ്ധതി. പൊതുമരാമത്ത് വകുപ്പിനും മറ്റും നൽകേണ്ട
94.45 കോടി ഉൾപ്പെടെ 274.45 കോടിയാണ് ആകെ ചെലവ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

