പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നായ്ക്കളിൽ പകർച്ചവ്യാധി സ്വഭാവമുള്ള മാരക വൈറസ് രോഗം വ്യാപിക്കുന്നതായി റിപ്പോർട്ട്. കനൈൻ ഡിസ്ടെംപർ എന്ന രോഗബാധയാണ് ജില്ലയിൽ സ്ഥിരീകരിച്ചിട്ടുള്ളത്.
മൃഗസംരക്ഷണ വകുപ്പിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം ഇതിനകം എഴുപതിലേറെ വളർത്തുനായ്ക്കൾക്കാണ് രോഗബാധ കണ്ടെത്തിയിട്ടുള്ളത്. പാലക്കാട്, ഒറ്റപ്പാലം, ആലത്തൂർ, ചിറ്റൂർ എന്നീ മേഖലകളിലാണ് രോഗവ്യാപനം രൂക്ഷമായിരിക്കുന്നത്.
ഒറ്റപ്പാലത്ത് മാത്രം കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ ഇരുപതോളം വളർത്തു നായ്ക്കളെ രോഗബാധിതരായ നിലയിൽ വെറ്ററിനറി പോളി ക്ലിനിക്കിൽ ചികിത്സയ്ക്കായി എത്തിച്ചിട്ടുണ്ട്. അതേസമയം, തെരുവുനായ്ക്കളിലെ രോഗവ്യാപനം ആശങ്കാജനകമായ തോതിലാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഒറ്റപ്പാലത്ത് മാത്രം രോഗബാധയേറ്റ നിരവധി തെരുവുനായ്ക്കൾ ഇതിനകം ചത്തിട്ടുണ്ട്. ശ്വാസകോശം, ദഹനവ്യവസ്ഥ, നാഡീവ്യൂഹം എന്നിവയെ ഗുരുതരമായി ബാധിക്കുന്ന ഈ രോഗത്തിന് ആന്റിബയോട്ടിക് മരുന്നുകളാണ് നൽകി വരുന്നത്.
ഉയർന്ന പനി, ചുമ, ശ്വാസതടസ്സം, ഛർദി, വയറിളക്കം, അപസ്മാരം, തളർച്ച, വിറയൽ എന്നിവയാണ് ഈ രോഗബാധയുടെ പ്രധാന ലക്ഷണങ്ങൾ. കൃത്യമായ മരുന്നുകളും വിദഗ്ധ പരിചരണവും ആവശ്യമാണെന്നിരിക്കെ, തെരുവുനായ്ക്കൾക്ക് ഇതിനുള്ള സാധ്യത വളരെ കുറവാണ്.
രോഗം വരാതിരിക്കാനുള്ള പ്രതിരോധ കുത്തിവയ്പ്പുകളാണ് ഇതിനുള്ള ഏക പോംവഴി. വായുവിലൂടെ പടരുന്ന ഈ രോഗം മനുഷ്യർക്കോ മറ്റ് വളർത്തുമൃഗങ്ങൾക്കോ യാതൊരുവിധ ഭീഷണിയും ഉയർത്തുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കി.
രോഗവ്യാപനം രൂക്ഷമായ ഒറ്റപ്പാലത്ത് വെറ്ററിനറി പോളി ക്ലിനിക്കിലെ ഡോ. ദീപ ചിറയത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘവും നഗരസഭാ ആരോഗ്യവിഭാഗവും ചേർന്ന് തെരുവുനായ്ക്കളെ പരിശോധിച്ച് വരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

