കോഴിക്കോട്∙ രണ്ടു മാസം മുൻപ് അറ്റകുറ്റപ്പണിക്കായി അടച്ച മാനാഞ്ചിറ എൽഐസി – കോംട്രസ്റ്റ് റോഡിൽ പൂട്ടുകട്ട സ്ഥാപിക്കൽ ജോലി പൂർത്തിയായി.
കോംട്രസ്റ്റ് റോഡിലെ മണ്ണ് നീക്കം ഇന്നലെ ആരംഭിച്ചെങ്കിലും റോഡ് തുറക്കുന്നതിൽ ഉദ്യോഗസ്ഥതലത്തിൽ തീരുമാനം ആയില്ല. തുടർന്ന് മണ്ണു നീക്കൽ നിർത്തി വച്ചു.
ക്രിസ്മസ് – പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി ജനം മാനാഞ്ചിറയിലേക്ക് ഒഴുകിയെത്തുകയാണ്. അറ്റകുറ്റപ്പണി കഴിഞ്ഞ് അടച്ചിട്ട
എൽഐസി റോഡിലെ ബാരിക്കേഡ് മാറ്റി ജനങ്ങൾ വാഹന പാർക്കിങ് ആരംഭിച്ചു.
മാനാഞ്ചിറ എൽഐസി ഓഫിസിനു മുൻവശം മുതൽ ബഷീർ റോഡ് വരെയാണ് റോഡ് പൊളിച്ച് പൂട്ടുകട്ട സ്ഥാപിക്കാൻ 2 മാസം മുൻപ് റോഡ് അടച്ചത്.
20 ദിവസം കൊണ്ട് റോഡ് നിർമാണം പൂർത്തിയാക്കും എന്ന് വ്യാപാരികൾക്ക് ഉറപ്പ് നൽകിയിരുന്നു. റോഡിൽ നിന്ന് മാറ്റിയ മണ്ണ് കോംട്രസ്റ്റ് റോഡിലാണ് തള്ളിയിരിക്കുന്നത്.
റോഡ് നിർമാണം ആരംഭിച്ചതോടെ മിഠായിത്തെരുവ്, രണ്ടാം ഗേറ്റ് ഭാഗത്തേക്ക് ഗതാഗതം തടയുകയും ചെയ്തു. ഇതോടെ നഗരം ഗതാഗതക്കുരുക്കിലുമായി.
ഇന്നലെ കോംട്രസ്റ്റ് റോഡിലെ കരാറുകാരന്റെ നേതൃത്വത്തിൽ രാവിലെ മുതൽ മണ്ണ് മാറ്റൽ തുടങ്ങിയിട്ടുണ്ട്.
2 ദിവസം കൊണ്ട് റോഡ് താൽക്കാലികമായി തുറക്കുമെന്നാണ് വ്യാപാരികൾക്ക് ഉറപ്പ് നൽകിയത്. നിർമാണം കഴിഞ്ഞതായി കരാറുകാരൻ പറഞ്ഞു.
എന്നാൽ റോഡ് ഉദ്ഘാടനം നടത്തണമെന്ന നിലപാടിലാണ് കോർപറേഷനിലെ ഒരു വിഭാഗം ഉദ്യോഗസ്ഥർ. നഗരത്തിലെ തിരക്കിനെ തുടർന്ന് റോഡ് തൽക്കാലം ഗതാഗതത്തിനു തുറക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും കോർപറേഷന്റെയോ പിഡബ്ല്യുഡിയുടെയോ ഭാഗത്തു നിന്നു വ്യക്തമായ വിവരം ലഭിച്ചില്ലെന്നു പൊലീസ് പറയുന്നു.
മിഠായിത്തെരുവിലെ വ്യാപാരികൾക്ക് ക്രിസ്മസ് വ്യാപാരം പ്രതിസന്ധിയിലായ സാഹചര്യത്തിൽ പുതുവർഷത്തിലെങ്കിലും റോഡ് തുറക്കണമെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതി മിഠായിത്തെരുവ് യൂണിറ്റ് പ്രസിഡന്റ് എ.വി.എം.കബീറും സെക്രട്ടറി ഷഫീഖ് പട്ടാട്ടും ആവശ്യപ്പെടുന്നത്.
ഇതിനിടയിലാണ് ഇന്നലെ വൈകിട്ട് എൽഐസിക്ക് മുന്നിലെ ബാരിക്കേഡ് മാറ്റി നിർമാണം പൂർത്തിയായ റോഡിൽ പാർക്കിങ് ആരംഭിച്ചത്. ഇതോടെ തെരുവ് കച്ചവടക്കാരും റോഡ് കയ്യേറി കച്ചവടം തുടങ്ങി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

