കോഴിക്കോട് ജില്ലയിലെ താമരശ്ശേരി ചുരം എട്ടാം വളവിൽ ഇന്ന് രാവിലെ ഏഴേകാലോടെ ഭാരവാഹനമപകടം സംഭവിച്ചു. കർണാടക റജിസ്ട്രേഷനിലുള്ള ചരക്കു ലോറി നിയന്ത്രണം വിട്ട് ബൈക്കിലും കാറിലും ഇടിച്ച ശേഷം റോഡരികിലെ ഓടയിലേക്ക് മറിയുകയായിരുന്നു.
ചുരം ഇറങ്ങിവരികയായിരുന്ന ലോറി, ഗതാഗത തടസം കാരണം നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ലോറി ഇടിച്ചതിനെ തുടർന്ന് തെറിച്ചുവീണ ബൈക്ക് യാത്രക്കാരൻ തലനാരിഴയ്ക്കാണ് ലോറിക്കടിയിൽപ്പെടാതെ രക്ഷപ്പെട്ടത്.
പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ലോറി കാറിന്റെ പിൻഭാഗത്തും ഇടിച്ചാണ് ഓടയിലേക്ക് മറിഞ്ഞത്.
ഈ അപകടത്തിന്റെ ദൃശ്യങ്ങൾ കാറിന്റെ പിൻഭാഗത്തെ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. അപകടത്തെത്തുടർന്ന് ചുരത്തിന്റെ രണ്ടാം വളവ് മുതൽ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.
പൊലീസ് സ്ഥലത്തെത്തി ഗതാഗത നിയന്ത്രണം ഏറ്റെടുത്തെങ്കിലും ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. ചുരത്തിലൂടെയുള്ള ഭാരവാഹനങ്ങൾക്ക് ഈ മാസം 16 മുതൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നെങ്കിലും, നിയമലംഘനങ്ങൾ തുടരുന്നുവെന്ന ആരോപണം ശക്തമാണ്.
വിനോദസഞ്ചാരികളുടെ തിരക്കുള്ള അവധിക്കാലമായതിനാൽ, മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് ചുരത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്ന ആവശ്യം നാട്ടുകാരും യാത്രക്കാരും ഉന്നയിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

