കോഴിക്കോട് ∙ ആ മകൻ അച്ഛനു കരൾ നൽകാൻ വർഷങ്ങളോളം കാത്തുനിന്നു. ഒടുവിൽ കരൾ കൊടുത്തപ്പോൾ അച്ഛന്റെ ജീവൻ കാക്കാൻ അതു മതിയായില്ല.
അച്ഛൻ വിട്ടുപിരിഞ്ഞത് പകുതി കരളുമായി ആശുപത്രിയിലുള്ള ആ മകൻ അറിഞ്ഞതുമില്ല. പ്രശസ്ത അമ്പെയ്ത്ത് പരിശീലകൻ ആൽബിനോ ഫ്രാൻസിസ് ഡിക്രൂസിന്റെ (52) വേർപാട് ഒരു നാടിനെയും കുടുംബത്തെയും വേദനയാലാഴ്ത്തി.
സംസ്ഥാന ആർച്ചറി ടീമിന്റെ മുൻ മാനേജറും ആർച്ചറി പരിശീലകനുമാണ് ആൽബിനോ ഫ്രാൻസിസ് ഡിക്രൂസ്.
7 വർഷം മുൻപാണ് ആൽബിനോയ്ക്ക് കരൾ രോഗം പിടിപെട്ടത്. കരൾ മാറ്റിവയ്ക്കാതെ വഴിയില്ലെന്നു കണ്ടെത്തി.
കരൾ ദാതാവിനെ തേടുന്നതിനിടെ ‘ ഡാഡായ്ക്ക് ഞാൻ കരൾ നൽകും’ എന്ന് മൂത്ത മകൻ ബ്രയാൻ ഡിലോൺ ഡിക്രൂസ് (18) കട്ടായം പറഞ്ഞു. എന്നാൽ കുടുംബം എതിർത്തു.
ഒടുവിൽ മകന്റെ നിർബന്ധത്തിനു വഴങ്ങി ബ്രയാനു പ്രായപൂർത്തിയാകും വരെ കാത്തുനിൽക്കാൻ തീരുമാനിച്ചു.
സെന്റ് ജോസഫ്സ് സ്കൂളിൽ പ്ലസ്ടു പഠനം പൂർത്തിയാക്കിയ ബ്രയാൻ തുടർന്ന് പഠിക്കാൻ ചേരാതെ പതിനെട്ട് പൂർത്തിയാകാൻ ഒരു വർഷം കാത്തിരുന്നു. നവംബർ ഒന്നിന് ബ്രയാനു 18 പൂർത്തിയായി.
തുടർന്ന് കരൾ നൽകാനുള്ള അനുമതികൾ ശരിയാക്കി. കഴിഞ്ഞ 20ന് രാവിലെ റോബട്ടിക്ക് ശസ്ത്രക്രിയയിലൂടെ ബ്രയാന്റെ കരളിന്റെ ഒരു ഭാഗം ആൽബിനോയ്ക്ക് വച്ചുപിടിപ്പിച്ചു.
പക്ഷേ വെള്ളിയാഴ്ച ഉച്ചയോടെ ആൽബിനോ ഹൃദയാഘാതത്തെ തുടർന്ന് മരണത്തിനു കീഴടങ്ങി.
അടുത്ത മുറിയിൽ വിശ്രമത്തിലായിരുന്ന ബ്രയാനെ ഈ വിവരം അറിയിച്ചില്ല. അവസാനമായി ഒരു നോക്കു കാണാൻ ബ്രയാനെ കൊണ്ടുവന്നു.
ആൽബിനോ മയക്കത്തിലാണെന്നാണ് ബ്രയാനെ അറിയിച്ചിരുന്നത്. എന്നാൽ ഡാഡാ എന്ന് വിളിച്ച് ഉറക്കെ കരഞ്ഞ ബ്രയാനെ ആശ്വസിപ്പിക്കാൻ എല്ലാവരും പണിപ്പെട്ടു.
തുടർന്ന് ആൽബിനോയുയെ ശരീരം ആശുപത്രിയിൽ നിന്ന് ഹെഡ്പോസ്റ്റ് ഓഫിസിന് അടുത്തുള്ള ‘ഇസ’ വീട്ടിലേക്ക് മാറ്റി. ഇന്നലെ സംസ്കാരം നടത്തി.
ആൽബിനോ ജില്ലാ അമ്പെയ്ത് ടീമിന്റെ മുഖ്യപരിശീലകനായിരുന്നു.
സെന്റ് ജോസഫ്സ് ബോയ്സ് എച്ച്എസ്എസ്, ആംഗ്ലോ ഇന്ത്യൻ ഗേൾസ് എച്ച്എസ്എസ് എന്നിവയുടെയും പരിശീലകനാണ്. ഫിനിക്സ് ആർച്ചറി ക്ലബ്ബിന്റെ നടത്തിപ്പുകാരനാണ്.
മകൻ ബ്രയാനും അമ്പെയ്ത്ത് താരമാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

