കോഴിക്കോട് ∙ ജപ്പാൻ മസ്തിഷ്ക ജ്വരത്തിന് എതിരെ ജനുവരി മുതൽ ജില്ലയിലെ ഒരു വയസ്സിനും 15 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് സൗജന്യ പ്രതിരോധ കുത്തിവയ്പ് നൽകുമെന്ന് ഡിഎംഒ ഡോ. കെ.കെ.
രാജാറാം അറിയിച്ചു. ജില്ലയിലെ സ്കൂളുകൾ, അങ്കണവാടികൾ, ആരോഗ്യ കേന്ദ്രങ്ങൾ എന്നിവ വഴിയാണ് കുത്തിവയ്പ് നൽകുക.
എല്ലാ രക്ഷിതാക്കളും കുട്ടികൾക്ക് വാക്സീൻ നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഡിഎംഒ അറിയിച്ചു.
∙ എന്താണ് ജപ്പാൻ മസ്തിഷ്കജ്വരം?
കൊതുകുകൾ വഴി പകരുന്നതും തലച്ചോറിനെ ബാധിക്കുന്നതുമായ ഗുരുതര വൈറസ് രോഗമാണ് ജപ്പാൻ മസ്തിഷ്ക ജ്വരം. പ്രധാനമായും കുട്ടികളെയാണ് ഇത് ബാധിക്കുന്നത്.
രോഗം പിടിപെട്ടാൽ ഫലപ്രദമായ ചികിത്സ ലഭ്യമല്ലാത്തതിനാൽ പ്രതിരോധത്തിന് വലിയ പ്രാധാന്യമുണ്ട്. കടുത്ത പനി, കഠിനമായ തലവേദന, ഛർദി, സ്വഭാവ വ്യത്യാസം, അപസ്മാര ലക്ഷണങ്ങൾ, അവയവങ്ങൾക്കു തളർച്ച, അബോധാവസ്ഥ തുടങ്ങിയവയാണ് ലക്ഷണങ്ങൾ.മലിനജലത്തിൽ മുട്ടയിട്ട് വളരുന്ന ക്യുലക്സ് കൊതുകുകൾ വഴിയാണ് രോഗം മനുഷ്യരിൽ എത്തുന്നത്.
പന്നി, കന്നുകാലികൾ, ചിലയിനം ദേശാടന പക്ഷികൾ എന്നിവയിൽനിന്ന് രോഗാണു കൊതുകുകളിൽ എത്തിയാണ് രോഗമുണ്ടാക്കുന്നത്. രോഗം ബാധിച്ച 100 പേരിൽ 30 പേരെങ്കിലും മരിക്കുന്നു.
30 ശതമാനം പേർക്ക് ജീവിതകാലം മുഴുവൻ വൈകല്യങ്ങളുമായി ജീവിക്കേണ്ടതായും വരുന്നുണ്ട്.
∙ പ്രതിരോധ മാർഗങ്ങൾ
കൊതുകുകടി ഏൽക്കാതിരിക്കാൻ കൊതുകു വലകളും ലേപനങ്ങളും ഉപയോഗിക്കുക, വീടിന്റെ പരിസരത്ത് വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കാതെ കൊതുക് വളരുന്ന സാഹചര്യം ഒഴിവാക്കുക എന്നിവയാണ് പ്രധാന പ്രതിരോധ മാർഗങ്ങൾ. പരിസര ശുചിത്വം പാലിക്കുകയും കുട്ടികൾക്ക് കൃത്യസമയത്ത് വാക്സീനുകൾ നൽകുകയും വേണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

