മലബാറിലെ വടംവലി മത്സരങ്ങളുടെ ലോകത്ത് സമാനതകളില്ലാത്ത മേൽവിലാസമാണ് തെക്കയിൽ രമേശൻ. ഓണക്കാലത്ത് വിപണിയിലെത്തുന്ന വടങ്ങളുടെ ഭൂരിഭാഗവും നിർമ്മിക്കുന്നത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്.
കോഴിക്കോട് ജില്ലയിലെ ചെറുകുളം ബദിരൂർ മുക്കംകടവ് റോഡിൽ തെക്കയിൽ രമേശനും മകൻ ജഷീലും പത്തോളം സഹപ്രവർത്തകരും ചേർന്നാണ് വടംവലിക്കുള്ള വടങ്ങൾ നിർമ്മിക്കുന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി ഈ രംഗത്ത് സജീവമാണ് ഈ സംഘം.
ചകിരി പിരിച്ചു ചൂടിക്കയറുണ്ടാക്കുന്നതാണ് ഈ ജോലിയുടെ ആദ്യഘട്ടം. ആവശ്യത്തിന് ചൂടിക്കയർ മുൻകൂട്ടി തയ്യാറാണെങ്കിൽ വടത്തിന്റെ നിർമ്മാണം വളരെ വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കും.
കൃത്യമായ ഓർഡർ ലഭിച്ചാൽ ഏകദേശം ഒരു മണിക്കൂർ സമയം കൊണ്ട് ഒരു വടം നിർമ്മിച്ചെടുക്കാൻ കഴിയുമെന്ന് ഇവർ വ്യക്തമാക്കുന്നു. കേരളത്തിലെ പതിനാല് ജില്ലകളിലെയും വിവിധ വടംവലി മത്സരവേദികളിൽ ഇന്ന് ഉപയോഗിക്കുന്നത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ നിർമ്മിച്ച വടങ്ങളാണ്.
ഓണക്കാലത്തോടുകൂടി വടംവലി സീസൺ സജീവമാകുന്നതിനാൽ ഓഗസ്റ്റ് ആദ്യവാരം മുതൽ തന്നെ പുതിയ വടങ്ങൾക്കായി ആവശ്യക്കാരുടെ ഫോൺ കോളുകൾ എത്തിത്തുടങ്ങും. ഈ തിരക്കുകൾ ജനുവരി മാസം വരെ നീണ്ടുനിൽക്കാറുണ്ട്.
വിവിധ സ്ഥലങ്ങളിൽ നടക്കുന്ന മത്സരങ്ങൾക്കായി വടങ്ങൾ എത്തിക്കാനുള്ള തിരക്കിട്ട തയ്യാറെടുപ്പിലാണ് ഇദ്ദേഹവും സംഘവും.
കേരളത്തിന് പുറമെ ബെംഗളൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങളിലേക്കും ഇവിടത്തെ വടങ്ങൾ ആവശ്യക്കാരുടെ കൈകളിൽ എത്താറുണ്ട്. മലയാളി അസോസിയേഷനുകൾ സജീവമായ ഇതര സംസ്ഥാനങ്ങളിലെല്ലാം തന്റെ നിർമ്മിതിയിലുള്ള വടങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് തെക്കയിൽ രമേശൻ സന്തോഷത്തോടെ ഓർക്കുന്നു.
ഓണക്കാലത്ത് ഗൾഫ് രാജ്യങ്ങളിൽ നിന്നും വടങ്ങൾക്കായി അന്വേഷണങ്ങൾ എത്താറുണ്ടെങ്കിലും, കയറ്റുമതിയുമായി ബന്ധപ്പെട്ട സാങ്കേതിക ബുദ്ധിമുട്ടുകളും ഉയർന്ന നിരക്കുകളും കാരണം വിദേശത്തേക്ക് നേരിട്ട് കയറ്റുമതി ചെയ്യുന്നില്ല.
എങ്കിലും പ്രവാസികളായ മലയാളികൾ നേരിട്ട് ചെറുകുളത്തെത്തി വടം വാങ്ങി വിദേശത്തേക്ക് കൊണ്ടുപോകാറുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

