കോഴിക്കോട് ജില്ലയിൽ പ്രകൃതിക്ഷോഭത്തെയും തുടർന്നുണ്ടായ വെള്ളപ്പൊക്കത്തെയും തുടർന്ന് ദുരിതത്തിലായ അറുനൂറിലേറെ കുടുംബങ്ങൾക്കുള്ള സർക്കാർ ധനസഹായം വിതരണം ചെയ്യുന്നതിൽ കാലതാമസം നേരിടുന്നു. ദുരന്തം സംഭവിച്ച് രണ്ട് വർഷം പിന്നിട്ടിട്ടും അർഹരായവർക്ക് സഹായം ലഭിക്കാത്തത് വലിയ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്.
പഞ്ചായത്ത്, ജില്ലാ ഭരണകൂടം, വിവിധ മന്ത്രിതലങ്ങൾ എന്നിവിടങ്ങളിൽ ഒട്ടേറെ പരാതികൾ നൽകിയെങ്കിലും ഫണ്ട് വിതരണവുമായി ബന്ധപ്പെട്ട നടപടികളിൽ തുടരുന്ന അനിശ്ചിതത്വം ജനങ്ങളെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
തകർന്ന വീടുകളുടെയും റോഡുകളുടെയും അറ്റകുറ്റപ്പണികൾ ഇനിയും പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് പ്രദേശവാസികൾ ആവർത്തിച്ച് പരാതിപ്പെടുന്നു. 2024 ജൂൺ മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ ജില്ലയിലെ 600-ലേറെ പേർക്കായി 12 കോടി രൂപയാണ് ദുരിതാശ്വാസ ഫണ്ടിൽ നിന്നും വിതരണം ചെയ്യേണ്ടത്.
കൃഷിനാശം സംഭവിച്ചവർക്കും വീടുകൾ ഭാഗികമായും പൂർണ്ണമായും നഷ്ടപ്പെട്ടവർക്കും അടിയന്തരമായി നഷ്ടപരിഹാരം ലഭ്യമാക്കേണ്ടതുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപായി തുക വിതരണം ചെയ്യുന്നതിനായുള്ള നടപടികൾ ജില്ലാ ഭരണകൂടം ആരംഭിച്ചിരുന്നു.
ഇതിന്റെ ഭാഗമായി കഴിഞ്ഞ സെപ്റ്റംബറിൽ ജില്ലാ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ, നഷ്ടം സംഭവിച്ചവരുടെ കണക്കുകൾ കലക്ടർക്കും സർക്കാരിലേക്കും സമർപ്പിക്കുകയുണ്ടായി. തിരഞ്ഞെടുപ്പ് കാലയളവിൽ ഫണ്ട് പാസായതായി വിവരം ലഭിച്ചെങ്കിലും തുക അന്തിമമായി അനുവദിക്കപ്പെട്ടില്ല.
നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായും ഫണ്ട് ലഭ്യമാകുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും അതും വിഫലമായി. തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയായ സാഹചര്യത്തിൽ, ഉദ്യോഗസ്ഥർ കഴിഞ്ഞ ആഴ്ച വീണ്ടും ഇതുസംബന്ധിച്ച റിമൈൻഡർ റിപ്പോർട്ട് ബന്ധപ്പെട്ട
വകുപ്പിന് കൈമാറിയിട്ടുണ്ട്. പുതിയ മന്ത്രിസഭ അധികാരമേറ്റ സാഹചര്യത്തിൽ ഫണ്ട് അടിയന്തരമായി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥർ.
ഫണ്ട് വൈകിയത് റോഡ് പുനർനിർമ്മാണം ഉൾപ്പെടെയുള്ള അടിയന്തര ജോലികളെ സാരമായി ബാധിച്ചിട്ടുണ്ട്. തുക ലഭിക്കാത്തതിനാൽ കരാറുകാർ വലിയ പ്രതിസന്ധിയിലാണ്.
വെള്ളപ്പൊക്കത്തെ തുടർന്നുള്ള നഷ്ടപരിഹാരം, വീടുകളുടെ അറ്റകുറ്റപ്പണി, മൃഗങ്ങൾക്കുണ്ടായ നഷ്ടം, ദുരന്ത മേഖലയിൽ നിന്ന് മാറ്റിപ്പാർപ്പിച്ചവരുടെ പുനരധിവാസ പ്രവർത്തനങ്ങൾ എന്നിവയ്ക്കായാണ് പ്രധാനമായും തുക നീക്കിവെച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

