പാലക്കാട് ചിറ്റിലഞ്ചേരി മേലാർകോട് കോട്ടേക്കുളം മാങ്ങോട് സ്വദേശി മുത്തു (75) ചികിത്സയിലിരിക്കെ അന്തരിച്ചു. മകൻ സുനിൽ (35) കൈക്കോട്ടുപയോഗിച്ച് നടത്തിയ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്നായിരുന്നു മരണം.
ഈ മാസം 13-ന് രാവിലെ പതിനൊന്നുമണിയോടെയായിരുന്നു സംഭവം. സഹോദരിയെ പിതാവ് ശാസിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതക ശ്രമത്തിൽ കലാശിച്ചതെന്ന് ആലത്തൂർ പൊലീസ് അറിയിച്ചു.
സംഭവത്തിന് പിന്നാലെ പ്രതിയായ സുനിലിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും തുടർന്ന് കോടതി റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മുത്തുവിനെ ആദ്യം ആലത്തൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
വിദഗ്ധ ചികിത്സയ്ക്കായി പിന്നീട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പെയിന്റിങ് തൊഴിലാളിയായ സുനിൽ മനോദൗർബല്യത്തിന് ചികിത്സ തേടുന്ന വ്യക്തിയാണെന്ന് പൊലീസ് വ്യക്തമാക്കി.
ദൈവാനിയാണ് പരേതന്റെ ഭാര്യ. സുമിത, സുനിൽ, സുചിത്ര എന്നിവർ മക്കളാണ്.
സുരേഷ്, പാർഥിപൻ എന്നിവർ മരുമക്കളും, മാണി, ചെല്ല, കല്യാണി എന്നിവർ സഹോദരങ്ങളുമാണ്. കണ്ടൻ, മണിയൻ എന്നിവരാണ് സഹോദരങ്ങളിൽ മരണപ്പെട്ടവർ.

