മാവൂർ ∙ മുന്തിരിവള്ളികൾ പന്തലിൽ പടർന്നു നിൽക്കുന്ന കാഴ്ചയ്ക്കപ്പുറം, മരത്തിന്റെ തായ്ത്തടിയിൽ മുന്തിരിക്കുലകൾ വിസ്മയം തീർക്കുന്ന കാഴ്ചയാണ് മതിലകത്തു പറമ്പിൽ കെ.വി.ഷംസുദ്ദീൻ ഹാജിയുടെ കൃഷിയിടത്തിലുള്ളത്. പനങ്ങോട് തന്റെ കൃഷിയിടത്തിൽ ജബോട്ടിക്ക എന്നറിയപ്പെടുന്ന ബ്രസീലിയൻ മരമുന്തിരി വിജയകരമായി വിളയിച്ചതിന്റെ സന്തോഷത്തിലാണ്.
10 വർഷം മുൻപ് കൗതുകത്തിന് നട്ടുപിടിപ്പിച്ച മൂന്ന് മരമുന്തിരി തൈകളാണ് ഇപ്പോൾ തായ്ത്തടിയിലും ശാഖകളിലും നിറയെ പഴങ്ങളുമായി നിൽക്കുന്നത്.
കേരളത്തിലെ കാലാവസ്ഥയിൽ മരമുന്തിരി അത്ര വേഗം കായ്ക്കില്ലെന്ന ധാരണയിലായിരുന്നു നട്ടു പിടിപ്പിച്ചതെങ്കിലും 10 വർഷത്തെ കാത്തിരിപ്പിനു ശേഷം ഇവ അടിമുടി കായ്ച്ചു.
മരത്തിന്റെ ചുവടു മുതൽ മുകളറ്റം വരെയുള്ള തടിയിൽ മുന്തിരിപ്പഴങ്ങൾ പറ്റിപ്പിടിച്ചു കിടക്കുന്നതാണ് ഇതിന്റെ പ്രധാന ആകർഷണം. പഴുക്കുമ്പോൾ കടും കറുപ്പ് നിറമാകുന്ന ഈ പഴങ്ങൾക്ക് ഉള്ളിൽ നല്ല മധുരമുള്ള കാമ്പാണുള്ളത്.
വൈറ്റമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ള ജബോട്ടിക്ക നേരിട്ട് കഴിക്കാനും ജ്യൂസ്, ജാം എന്നിവയ്ക്കും ഉപയോഗിക്കാം. മരമുന്തിരിയിലെ സറാബ എന്ന പ്രധാന ഇനമാണ് കൃഷി ചെയ്തത്.
നൂറിലേറെ ഇനത്തിൽപെട്ട
മാവുകൾ, ഔഷധ സസ്യങ്ങൾ, വിവിധ തരം പ്ലാവുകൾ, ഡ്രാഗൺ ഫ്രൂട്ട്, സ്നേക് ഫ്രൂട്ട്, അബിയു, റൊളേനിയ, റംപൂട്ടാൻ എന്നിവ ഉൾപ്പെടെ വിവിധ പഴവർഗങ്ങൾ 5 ഏക്കറിലായി അദ്ദേഹം നട്ടുപിടിപ്പിച്ചു പരിപാലിക്കുന്നുണ്ട്. ഇവിടെ വിൽപനയില്ല, ഇവിടെയെത്തുന്നവർക്കു സൗജന്യമായി മതിയാവോളം പഴങ്ങൾ കഴിച്ച് സൗഹൃദം പങ്കുവയ്ക്കാം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

